ദുരന്തഭൂമിയിൽ നാലുനാൾ അന്നമൂട്ടി വൈറ്റ് ഗാർഡുകൾ ചുരമിറങ്ങി

നരിപ്പറ്റ(കോഴിക്കോട്): പ്രകൃതിദുരന്തത്തിൽ നിശ്ചലമായ വയനാട്ടിൽ ജീവൻ പണയംവെച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധസേനാംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും, ദുരിതബാധിതർക്കും ഭക്ഷണമൊരുക്കി സൗജന്യമായി വിതരണംചെയ്യുന്നത് അവസാനിപ്പിച്ച്, നരിപ്പറ്റയിലെ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ചുരമിറങ്ങി. വയനാട് കളക്ടർ ഡി.ആർ. മേഘശ്രീയുടെ നിർദേശത്തെത്തുടർന്ന് പോലീസ് ആവശ്യപ്പെട്ടതുപ്രകാരമാണ് ഭക്ഷണവിതരണം അവസാനിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ ഭക്ഷണവിതരണം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പുലർച്ചെ എത്തുന്നവർക്കായി പ്രാതൽ തയ്യാറാക്കി വിതരണംചെയ്തശേഷമാണ് സംഘം പുറപ്പെട്ടത്.
ദുരന്തവാർത്ത അറിഞ്ഞയുടനെ വലിയവാഹനത്തിൽ ഭക്ഷണസാധനങ്ങളും, അടുപ്പും, പാചകവാതകവും, പാത്രങ്ങളുമുൾപ്പെടെ ചുരംകയറിയതാണിവർ. ചൂരൽമലയ്ക്കടുത്തുള്ള കള്ളാടി മഖാം പരിസരത്തെ ഇവരുടെ അടുക്കള കഴിഞ്ഞ നാലുദിവസമായി 24 മണിക്കൂറും സക്രിയമായിരുന്നു. ഭക്ഷണമെത്തിക്കാനായിമാത്രം നാലുവാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഓരോദിവസവും 8000 മുതൽ 12,000 വരെ പേർക്ക് ഭക്ഷണംനൽകിയതായി പ്രവർത്തനത്തിന് നേതൃത്വംനൽകിയ വി.പി. റഫീഖ് കണ്ടോത്തുകുനിയും, തിരുവട്ടേരി കമറുദീനും പറഞ്ഞു. 60 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 40 പേർ ഭക്ഷണം പാചകംചെയ്യാനും വിതരണംചെയ്യാനും, 20 പേർ ദുരന്തമേഖലയിൽ സന്നദ്ധസേവനംനടത്താനും. ഭക്ഷണനിർമാണ വിതരണത്തിന് ചെലവുവരുന്ന സംഖ്യ ഇവരും ഇവരുടെ സുഹൃത്തുക്കളുംചേർന്നാണ് പങ്കിട്ടെടുത്തത്. ഉദാരമതികളുടെ സഹായംലഭിച്ചാൽ സ്വീകരിക്കുമെന്നും സംഘാംഗങ്ങൾ പറഞ്ഞു. പ്രവാസികൾ, തൊഴിലാളികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാതുറയിലുമുള്ളവർ ഉൾപ്പെട്ടതാണ് സംഘം.
ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വിതരണംചെയ്യാൻപോയ വൊളന്റിയർമാരെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന്, ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് അറിയിച്ചത്. ആരുടെയും അംഗീകാരത്തിനായല്ല. തങ്ങളുടെ കടമ നിർവഹിക്കാൻവേണ്ടിയാണ് ദുരന്തഭൂമിയിൽ തങ്ങൾക്കാവുന്ന പ്രവർത്തനംനടത്തിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
Content Highlights: Muslim Youth League White Guards returned home from Wayanad, after making food for 4 days