'കുട്ടികളേ, പൊയ്ക്കോളൂ', ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു, പ്രവചനസ്വരത്തില്‍ ലയയുടെ പഴയ കഥ

കോഴിക്കോട്: വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'വെള്ളാരംകല്ലുകള്‍' എന്ന ഡിജിറ്റല്‍ മാഗസിനില്‍ ലയ 'ആഗ്രഹത്തിന്റെ ദുരനുഭവം' എന്ന പേരില്‍ കഥയെഴുതുന്നത്. മേപ്പാടി ജി.എച്ച്.എസ്.എസില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ലയ, അന്ന് എഴുതിയ വരികള്‍ ഇന്നൊരു ദുരന്തത്തിന്റെ രൂപത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും. ഒരു മുന്നറിയപ്പായിരുന്നോ അന്ന് ലയ നല്‍കിയതെന്നാണ് കഥവായിക്കുന്നവര്‍ ഓരോരുത്തരും ചോദിക്കുന്നത്. ലയ സുരക്ഷിതയാണെങ്കിലും പ്രിയപ്പെട്ടവരുടെ സ്ഥിതിയതല്ല.
'മഴപെയ്താല്‍ ആ വെള്ളച്ചാട്ടത്തിലേക്ക് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമൊക്കെ ഉണ്ടാവും. വെള്ളം പൊങ്ങി മനുഷ്യര്‍ ഉള്‍പ്പെടെ അവിടെയുള്ള ജീവജാലങ്ങളുടെ എല്ലാം നാശത്തിന് അത് കാരണമാകും. അങ്ങനെ മരിച്ചവര്‍ ഏറെയാണ്', ലയ എഴുതി.
വീട്ടുകാരറിയാതെ വെള്ളച്ചാട്ടം കാണാന്‍ പോകുകയാണ് കൂട്ടുകാരികള്‍. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചിരിക്കുന്ന അനശ്വരയുടെയും അലംകൃതയുടെയും അരികിലേക്ക് ഒരു കിളി എത്തി അവിടെനിന്ന് രക്ഷപ്പെടാന്‍ പറയുകയാണ്. കുട്ടികള്‍ ഓടി മാറി മലമുകളിലേക്ക് നോക്കിയപ്പോള്‍ ഒരുവശത്തേക്ക് ഒലിച്ചിറങ്ങുന്ന മഴയും കിളി ഒരു പെണ്‍കുട്ടിയായി മാറുന്നതുമാണ് കണ്ടത്. വെള്ളച്ചാട്ടത്തില്‍വീണ് മുന്‍പ് മരിച്ച അമൃതയെന്ന കുട്ടിയുടെ രൂപമായിരുന്നു അവള്‍ക്കപ്പോഴെന്നാണ് ലയ കഥയില്‍ പറയുന്നത്.
'നിങ്ങള്‍ ഇവിടെനിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളേ, ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു. നിങ്ങള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെനിന്ന് ഓടി പൊയ്‌ക്കോളൂ', കഥയിലെ കിളി കൂട്ടുകാരികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണിത്.
വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായ പുഴയെ പ്രകീര്‍ത്തിക്കുന്ന രണ്ട് കവിതകളും മാഗസിനിലുണ്ട്. പുഴയുടെ ഓളങ്ങളേയും കുളിരിനേയും കുട്ടികള്‍ അവരുടെ ഭാവനയില്‍ വര്‍ണിക്കുന്നു. പുഴയോട് ചേര്‍ന്നുള്ള ജീവിതാനുഭവങ്ങളും കഥയും കവിതയുമായി വിരിയുന്നു. അവരുടെ സമ്പത്തിലെ ഏറ്റവും മനോഹരമായ വാക്കുകള്‍കൊണ്ട് വര്‍ണിക്കുന്ന പുഴ തന്നെ അവരുടെ അന്തകനാകുന്നു.
ലയയുടെ കഥയിലെ പെണ്‍കുട്ടികള്‍ക്ക് ഒരു കിളിയെങ്കിലും മുന്നറിയിപ്പുമായി എത്തുന്നു. ചില ദുരന്തങ്ങള്‍ക്ക് പ്രകൃതി മുന്നറിയിപ്പ് നല്‍കുന്നുവെന്ന പരോക്ഷ സൂചനയും ലയയുടെ സൃഷ്ടിയില്‍ വായിച്ചെടുക്കുന്നവരുണ്ട്. എന്നാല്‍, യഥാര്‍ഥ ദുരന്തത്തിന് മുമ്പ് അവര്‍ക്കൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നോ, ലയയുടെ കഥയിലല്ലാതെ...?
സ്‌കൂളിലെ 'ലിറ്റില്‍ കൈറ്റ്സ്' കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിനാണ് 'വെള്ളാരങ്കല്ലുകള്‍'. പുഴയുടെയും കുളിരരുവിയുടെയും തീരത്തുള്ള നാടിനെക്കുറിച്ച് കുട്ടികള്‍ മാസികയില്‍ കുറിച്ചു. അവസാനപേജിലാണ് ലയയുടെ 'ആഗ്രഹത്തിന്റെ ദുരനുഭവം' കഥയുളളത്. കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ കെ. അന്‍വര്‍സാദത്ത് സാമൂഹിക മാധ്യമത്തില്‍ ഈ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.
Content Highlights: Little Kites- Laya school magazine