'ഇത്തരം ഘട്ടത്തിൽ യാന്ത്രികമായി പെരുമാറരുത്'; വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ, വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം | ഫോട്ടോ: മാതൃഭൂമി
പിണറായി വിജയൻ, വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. വയനാട്ടിലെ സാഹചര്യത്തില്‍ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍കഴിയുന്ന കാര്യം. ബാങ്കേഴ്‌സ് സമിതിയിലെ ഒരുബാങ്കിനും താങ്ങാനാവാത്തതല്ല ഇത്. ആകെ ഇടപാടിന്റെ ചെറിയ തുകമാത്രമേ ഇവിടെ വരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സഹകരണബാങ്ക് വായ്പ എഴുതിത്തള്ളാനുള്ള മാതൃകപരമായ തീരുമാനം സ്വയമേവ എടുത്തിട്ടുണ്ട്. പ്രദേശത്തെ കടം പൂര്‍ണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന തീരുമാനം എടുക്കണം. ചെയ്യാന്‍പറ്റാത്ത കാര്യമല്ല ഇത്. ഇതുപോലൊരു ഘട്ടത്തില്‍ യാന്ത്രികമായി പെരുമാറാൻ പാടില്ലെന്നും ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പത്തിരിച്ചടവിൽ ഇളവുകൾ തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചേർന്ന പ്രത്യേക യോഗത്തിലാണ് വായ്പ എഴുതിത്തള്ളണമെന്ന ശുപാർശ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. വായ്പ എഴുതിത്തള്ളാനുള്ള തീരുമാനമെടുക്കാൻ ബാങ്കേഴ്‌സ് സമിതിക്ക്‌ അധികാരമില്ല. അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ് തീരുമാനിക്കേണ്ടത്. അതിനാൽ അർഹമായ വായ്പകൾ മുഴുവൻ എഴുതിത്തള്ളാൻ ബാങ്കേഴ്‌സ് സമിതി ബാങ്കുകളോട് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഴുവൻ അംഗങ്ങളും മരിച്ച കുടുംബങ്ങളുടെ വായ്പകളും കുട്ടികൾമാത്രം ശേഷിക്കുന്ന കുടുംബങ്ങളുടെ വായ്പകളും എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവും. എന്നാൽ, മറ്റ് വായ്പകളുടെ കാര്യത്തിൽ ബാങ്കുകളുടെ തീരുമാനം നിർണായകമാകും.

Content Highlights: Wayanad Landslide; Chief Minister wants to waive the loans of disaster victims