ദൈവമേ ഇനിയൊരു പരീക്ഷണം വയ്യ... പുത്തുമലയിലും ചൂരൽമലയിലും നൂറുദ്ദീന് നഷ്ടമായത് പ്രിയപ്പെട്ടവരെ

മുണ്ടക്കൈ: ‘‘പുത്തുമല ദുരന്തത്തിൽ കിടപ്പാടം പോയവനാണ് ഞാൻ, അടുത്തബന്ധുക്കളും മരിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലുമൊക്കെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്, സ്നേഹത്തോടെ വിളിച്ചുചേർത്തുനിർത്തിയിരുന്നവർ ഈ ദുരന്തത്തിലും പോയി. ഇനിയെന്താണ് ഞാൻ പ്രതീക്ഷിക്കേണ്ടത്’’ -നിറകണ്ണുകളോടെ നൂറുദ്ദീൻ ചോദിക്കുന്നു. ചൂരൽമലയുടെ പ്രിയപ്പെട്ട വാർഡുമെമ്പർ.
‘‘ചൂരൽമലയിലെ ഓരോയിടവും എനിക്ക് പരിചിതമാണ്. ചൂരൽമല മസ്ജിദിനോടുചേർന്നുള്ള മൺകൂന കണ്ടില്ലേ. ഇവിടെയാണ് സുദേവന്‍റെ വീട്, ഉച്ചയ്ക്ക് ഈ ഭാഗത്തെത്തിയാൽ ആ വീട്ടിൽനിന്ന് ചോറുകഴിപ്പിക്കാതെ അവർ വിടില്ല. ആ കുടുംബം തന്നെയില്ലാതായി. അപ്പുറത്തുകാണുന്നത് ഷംസുദ്ദീന്റെ കടയാണ്. പുഞ്ചിരിമട്ടത്തെ വീട് സുരക്ഷിതമല്ലെന്നുകരുതി അവരിവിടെയാണ് അന്നുരാത്രി കഴിഞ്ഞത്, ഒൻപതുപേരാണ് മരണപ്പെട്ടത്.
ഞാനന്നിവിടെയുണ്ട്. രാവിലെ മുണ്ടക്കൈ ഊരിലെ ആദിവാസി കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്കുമാറ്റി. കണ്ട പലരോടും മഴയാണ്, മറ്റെവിടേക്കെങ്കിലും മാറാമെന്നുസൂചിപ്പിച്ചു. രാത്രി ഇവിടത്തെ പ്രാദേശിക വാട്സാപ്പ്ഗ്രൂപ്പിൽ മാറിത്താമസിക്കുന്നതാണ് ഉചിതമെന്ന നിലയിൽ സന്ദേശമയച്ചു. പക്ഷേ 2018-ലൊക്കെ നടന്നതുപോലെ കാര്യക്ഷമമായ ഒരു മാറ്റിത്താമസിപ്പിക്കലുണ്ടായില്ല.
എന്റെകൂടി പങ്കാളിത്തത്തോടെ മുണ്ടക്കൈയിൽ ഒരു റിസോർട്ടിവിടെയുണ്ട്. അവിടെയാണ് അന്നുരാത്രി കഴിഞ്ഞത്. രാത്രി ഒരുമണികഴിഞ്ഞപ്പോൾ ഒരു സ്ഫോടനശബ്ദമാണ് ആദ്യംകേട്ടത്. പിന്നാലെ ഭയാനകമായ ഒരു ഇരമ്പം. ഉരുൾപൊട്ടിയെന്ന് മനസ്സിലായി, പക്ഷേ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. പിന്നാലെ ഒരുപാടുപേർ വിളിച്ചു. കെട്ടിടത്തിനുമുകളിൽക്കയറി നിൽക്കുകയാണ്, ഞങ്ങൾ പത്തുപേരുണ്ട്, സുരക്ഷിതമായ സ്ഥലത്താണ്, പക്ഷേ മുന്നോട്ടുനീങ്ങാൻ പറ്റില്ല. എന്നൊക്കെ കരഞ്ഞുപറയുകയായിരുന്നു പലരും. കുറെപ്പേർ ഞാൻ തങ്ങിയ റിസോർട്ടിലേക്കും ഓടിവന്നു. അവരെ ആശ്വസിപ്പിച്ച്, പലയിടത്തായി കുടുങ്ങിയവരെ വിളിക്കുന്നതിനിടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദമാണുകേട്ടത്. പിന്നാലെ മുൻപുവിളിച്ച ഒരാളെപ്പോലും കിട്ടാതെയായി. എന്നെ വിളിച്ചുകരഞ്ഞ നസീറിനെ കുടുംബമടക്കം ഉരുളെടുത്തു.
മെമ്പറായിട്ടും മറുപടിയില്ലാതെ ഞാൻ നിന്നു, കൂടെയിരുന്നുകരയുന്നവരെ എങ്ങനെയാശ്വസിപ്പിക്കാനാണ്. ഇതിനിടെ ഞാൻ നവമാധ്യമങ്ങളിൽ ലൈവ് ചെയ്ത് വിവരങ്ങൾ പങ്കുവെച്ചു. അതുകണ്ട് മാധ്യമപ്രവർത്തകർ വിളിച്ചതോടെ കാര്യങ്ങൾ പുറംലോകമറിഞ്ഞു. എന്നാൽ മുണ്ടക്കൈ-ചൂരൽമല പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. 30-ന് വൈകീട്ട് ഇവിടെ സുരക്ഷിതമായി നിന്നവരെല്ലാംകൂടി പാലത്തിനടുത്തേക്ക് നടക്കുകയായിരുന്നു. രക്ഷാപ്രവർത്തകരാണ് പുറത്തെത്തിച്ചത്’’.
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി നൂറുദ്ദീനുണ്ട്. പഞ്ചായത്തംഗമെന്നനിലയിൽ ചുമതലകളേറെ, പരിചിതരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും ദുരിതാശ്വാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും നുറുദ്ദീനുണ്ട്. ഇനിയും ഇങ്ങനെയൊരു അനുഭവത്തിലേക്ക് എന്നെ വലിച്ചഴിക്കല്ലേയെന്ന പ്രാർഥനയാണ് നൂറുദ്ദീനിലിപ്പോൾ. പുത്തുമല ദുരന്തത്തിൽ വീടും അടുത്തബന്ധുക്കളെയും നഷ്ടപ്പെട്ട് പൂത്തക്കൊല്ലിയിലെ സ്നേഹഭൂമിയിലേക്ക് ജീവിതം പറിച്ചുനട്ടവരിൽ ഒരാളാണ് സി.കെ. നൂറുദ്ദീൻ.
ചൂരൽമലയിലെ പഞ്ചായത്ത് മെമ്പർ. ജനങ്ങളിൽ ഒരുവനായി ഓടിനടന്നിരുന്ന ഇദ്ദേഹത്തിന് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ഓരോവ്യക്തിയും പരിചിതർ, ഓരോയിടവും വ്യക്തം. ദുരന്തം രണ്ടുവട്ടമാണ് ഇദ്ദേഹത്തിന്റ ജീവിതത്തെ തകർത്തത്, ഇനിയും നേരിടാൻ വയ്യെന്ന് നിറകണ്ണുകളോടെ നൂറുദ്ദീൻ പറയുന്നു.
Content Highlights: Churalmala ward member says about Wayanad landslide