'ഉദ്യോഗസ്ഥർ പറഞ്ഞു, ഇവിടെയാണ് മാരകായുധങ്ങൾ വരൂ കാണാം; VS പറഞ്ഞു, അത് ആ പാവങ്ങളുടെ പണിയായുധങ്ങളല്ലേ'

#കെ. മധു
മുത്തങ്ങ സംഘർഷത്തിൽനിന്നുള്ള ദൃശ്യം, വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: മാതൃഭൂമി
മുത്തങ്ങ സംഘർഷത്തിൽനിന്നുള്ള ദൃശ്യം, വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: മാതൃഭൂമി

2003 ഫെബ്രുവരി 19. രാവിലെ ഏഴരയോടെ കോഴിക്കോട് കൈരളി ടിവിയില്‍നിന്ന് ആര്‍. സുഭാഷ് വിളിച്ചു. 'മുത്തങ്ങയേപ്പറ്റി വിവരംവല്ലതുമുണ്ടോ? ഈയുള്ളവന്‍ അന്ന് കോഴിക്കോട് ജീവന്‍ ടിവിയിലാണ്. 'പുതിയ വിവരം ഒന്നുമില്ല. സമരം തുടരുന്നു. തീരുമാനമാവുമോ? എല്ലാരും കയ്യൊഴിഞ്ഞില്ലേ?'. കോഴിക്കോട്ട് അന്ന് കാര്യമായി വാര്‍ത്തകള്‍ ഒന്നുമില്ലാത്ത ഒരു നേര്‍ത്ത ദിനം. സുഭാഷ് തുടര്‍ന്നു-'ഒന്നു പോയി നോക്കിയാലോ'. ജീവന്‍ ടിവിയുടെ വണ്ടി കട്ടപ്പുറത്താണ്. അത് പറഞ്ഞു സുഭാഷ് ചിരിച്ചു. 'ഞങ്ങള്‍ക്ക് വണ്ടിയുണ്ട്. എണ്ണയടിക്കാന്‍ മാര്‍ഗ്ഗമില്ല. രണ്ടു ദിവസം കഴിഞ്ഞേ കാശ് വരൂ.'' എണ്ണയടിച്ചാലോ?' -തീരുമാനം പെട്ടെന്നായി. ആ ബുധനാഴ്ച രാവിലെ എട്ടരയോടെ ഞങ്ങള്‍ പുറപ്പെട്ടു.

മുത്തങ്ങയില്‍ ഭൂസമരം നടക്കുകയായിരുന്നു. സി.കെ. ജാനുവും എം. ഗീതാനന്ദനും അശോകനുമൊക്കെ അവിടെയുണ്ട്. നിരന്തരമായ വാഗ്ദാനലംഘനങ്ങള്‍ക്ക് ഒടുവില്‍ നിവൃത്തികെട്ട് സമരത്തിന് ഇറങ്ങിയതാണ് ആദിവാസികള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അതിനുംമുമ്പേ ആദിവാസികള്‍ സമരം ചെയ്തു. രാത്രി ഒമ്പതുമണിയോടെ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ചെന്ന് സമരം ഒത്തുതീര്‍പ്പാക്കി. പതിവുപോലെ ഭൂമി വാഗ്ദാനം. ഒന്നും നടന്നില്ല. അങ്ങനെയാണ് മുത്തങ്ങ സമരഭൂമി ആയത്.

സമരം നടന്നത് ശരിക്കും പൊന്‍കുഴിയിലാണ്. റോഡിനടുത്തുതന്നെ ആദിവാസികള്‍ കുടിലുകെട്ടി. കെ.കെ. സുരേന്ദ്രന്‍ എന്ന ഡയറ്റ് അധ്യാപകനാണ് അവിടത്തെ കാര്യങ്ങള്‍ പറയാനുള്ളത്. സുകുമാര്‍ അഴിക്കോടിന്റെ ശിഷ്യന്‍. അതിലേറെ ആര്‍. സുഭാഷിന്റെ സഹപാഠി. മാഷ് പക്ഷേ, അന്ന് അവിടെ ഉണ്ടായിരുന്നില്ല. ഒട്ടും തിരക്കുകൂട്ടാത്ത യാത്ര ആയിരുന്നു അത്. എന്നാല്‍, ചുരം കയറിക്കഴിഞ്ഞപ്പോഴേക്കും കഥ മാറി. രാവിലെ വനംവകുപ്പ് വാച്ചര്‍മാര്‍ പരിശോധനനയ്ക്ക് എത്തി. തര്‍ക്കം കാര്യങ്ങളെ വഷളാക്കി. പോലീസ് ഇടപെട്ടു. ആദിവാസികളും പോലീസുമായി ഏറ്റുമുട്ടി. പോലീസുകാരെ ബന്ദികളാക്കി.

ഞങ്ങള്‍ എത്തുന്നത് ചര്‍ച്ചകള്‍ക്ക് നടുവിലേക്കാണ്. കളക്ടര്‍ ഗോപാലനുമായി ചര്‍ച്ചകള്‍ക്ക് മുന്നില്‍ നിന്നത് അശോകനാണ്. പരിക്കേറ്റ പലരേയും വിട്ടുകൊടുത്ത് സമവായത്തിലേക്ക് എന്ന തോന്നലായിരുന്നു ആദ്യം. പിന്നെ ചര്‍ച്ചകള്‍ നിലച്ചു. വൈകീട്ട് നാലു മണിയോടെ പോലീസ് ആക്ഷന്‍. പലവട്ടം വെടിയുതിര്‍ത്തു. ആദിവാസി ജോഗി വെടിവയ്പില്‍ കൊല്ലപ്പെട്ടു. ബന്ദിയാക്കപ്പെട്ട പോലീസുകാരന്‍ വിനോദും കൊല്ലപ്പെട്ടു.

കൈരളിക്കു വേണ്ടി ഷാജി പട്ടണം ദൃശ്യങ്ങള്‍ പകര്‍ത്തി. ഏതു പരിഷ്‌കൃത സമൂഹത്തേയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍. മരത്തില്‍ കയറിയിരുന്നാണ് ഷാജി ഷൂട്ട് ചെയ്തത്. പോലീസ് പിടിച്ചപ്പോള്‍ ഷൂട്ട് ചെയ്യാത്ത ടേപ്പ് കൈമാറി പുറത്തുപോന്നു. ജീവന്‍ ടിവിക്കുവേണ്ടി പ്രാദേശിക ക്യാമറാമാന്‍ ബൈജുവാണ് ഷൂട്ട് ചെയ്തത്.  ടേപ്പുകളുമായി ശൈലേഷ് കല്ലായി ബത്തേരിക്ക് പാഞ്ഞു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ഐരാവതതില്‍ അത് കൊടുത്തയച്ചു. ഒന്നു കോഴിക്കോട്ടേക്കും. ഒന്ന് കൊച്ചിയിലേക്കും. ടോണി മന്‍തോ കൈരളിയിലേക്ക് അയച്ച ദൃശ്യങ്ങള്‍ പാതിരയ്ക്ക് കാത്തുനിന്ന് വാര്‍ത്ത നല്‍കി, ലോകം നടുങ്ങി. ജീവന്റെ ദൃശ്യങ്ങള്‍ ആരും വാങ്ങിയില്ല. ആ ടേപ്പുകള്‍ ബസ്സില്‍ത്തന്നെ അനാഥമായി ഉപേക്ഷിക്കപ്പെട്ടു.  

അതിനിടെ, എന്റെ ഫോണ്‍ വീണ് പൊട്ടി. പൊന്‍കുഴിയില്‍നിന്ന് മുത്തങ്ങ വരെ ഓടി പബ്ലിക്  ബൂത്തില്‍നിന്ന് വാര്‍ത്ത നല്‍കി. അക്കാലം ടെലഫോണില്‍ ലൈവ് നല്‍കുന്നതുതന്നെ വലിയ സംഭവമായിരുന്നു.

ആ രാത്രി ഏറ്റവും ക്രൂരമായ അക്രമങ്ങളിലേക്ക് പുലര്‍ന്നു. ബത്തേരിയിലും പരിസരത്തും ആദിവാസികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു, ഒളിവില്‍ പോയ ജാനുവിനും ഗീതാനന്ദനും വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ജാനുവിനേയും ഗീതാനന്ദനേയും നേതാക്കളാക്കുന്നത് മാധ്യമങ്ങളാണെന്ന പ്രചാരണത്തിന് പോലീസ് തന്നെ മുന്നില്‍നിന്നു. നാട്ടുകാരില്‍ പലരും അകാരണമായി ശത്രുക്കളായി. എത്ര പേര്‍ കൊല്ലപ്പെട്ടു? ആരൊക്കെ ജീവനോടെ ഉണ്ട്? പോലീസ് പിടിച്ചത് ആരെയൊക്കെ? എല്ലാം ദുരൂഹമായിനിന്ന പകല്‍. പോലീസുകാരന്‍ കൊല്ലപ്പെട്ടതോടെ സേന എന്തിനും തയ്യാറായി നിന്നു.

പൊന്‍കുഴിയില്‍ ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പോലീസും വനംവകുപ്പും കത്തിച്ചു. പിടിച്ചെടുത്ത ആയുധങ്ങള്‍ അപ്പുറത്തെ താല്‍ക്കാലിക ഷെഡ്ഡില്‍ സൂക്ഷിച്ചു. വരമ്പിലൂടെ നടന്നുചെന്നാല്‍ ഇടതുവശത്ത് കത്തിച്ച കുടിലുകള്‍. വലതുവശത്ത് പുതിയ ആയുധപ്പുര. നേതാക്കള്‍ മുത്തങ്ങയിലേക്ക് ഒഴുകാന്‍ തുടങ്ങി. പോലീസ് അവരെ നയിച്ചു. വരമ്പില്‍ നിന്നുള്ള ടി പോയിന്റ്. എല്ലാവരും ആയുധപ്പുര സന്ദര്‍ശിച്ചു. ആദിവാസി അക്രമത്തിന്റെ ഭീകരതയില്‍ ഞെട്ടി. അരിവാളും കത്തിയും പരിശോധിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വെള്ളിയാഴ്ച പത്രങ്ങളുടെ മുന്‍പേജില്‍ നിറഞ്ഞു. കത്തിക്കിടന്ന കുടിലുകളിലേക്ക് ആരും പോയതേയില്ല.

വെള്ളിയാഴ്ച ആയപ്പോഴേക്കും ആദിവാസികള്‍ക്ക് അരി വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. പിടികിട്ടാത്ത ജാനുവും ഗീതാനന്ദനും പീപ്പിൾസ് വാര്‍ ഗ്രൂപ്പുകാരായി. ജാനുവിന് കൊണ്ടപ്പള്ളി സീതാരാമയ്യയുമായി ബന്ധമുണ്ടെന്ന് കഥകള്‍ പരന്നു. അദ്ദേഹം മരിച്ചു പോയിരുന്നു എന്നത് പോലും മറന്ന് പലരും ബന്ധം ചികഞ്ഞു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് എകെ 47 അടക്കമുള്ള ആയുധളുമായി മുത്തങ്ങയില്‍ പരിശീലനം നല്‍കിയെന്നും കഥ പരന്നു. ജാനുവും ഗീതാനന്ദനും ആന്ധ്രയിലേക്ക് കടന്നുവോ? അഭ്യൂഹം നിറഞ്ഞു.

അന്ന്, വെള്ളിയാഴ്ച അന്നത്തെ വനംമന്ത്രി കെ. സുധാകരന്‍ എത്തി. ആദിവാസി അക്രമ മേഖല സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ മന്ത്രി മുമ്പെന്നത്തേക്കാള്‍ ക്ഷുഭിതനായി. റിപ്പോര്‍ട്ടിങ്ങിനിടെ കണ്ട ഏറ്റവും ഹിംസാത്മകമായ വാര്‍ത്താസമ്മേളനം ആയിരുന്നു അത്. ബത്തേരി ഗസ്റ്റ് ഹൗസിലെ ഹാള്‍. മന്ത്രി തുടക്കംതൊട്ടേ ആഞ്ഞടിച്ചു. നടന്നത് തീവ്രവാദി ആക്രമണം. വനം കയ്യേറിയവരെ മഹാന്മാരാക്കുന്നത് നിര്‍ത്തണം. ആദിവാസികളല്ല, മുത്തങ്ങയിലുള്ളത് അക്രമികള്‍ തന്നെ. ഗോത്ര മഹാസഭയെ നിരോധിക്കും.

'ഒന്നരമാസത്തിലേറെ ഇവിടെ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചിട്ടും ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ എത്താതിരുന്നത് എന്താണ്?'
'തലസ്ഥാനത്ത് സികെ ജാനുവുമൊത്ത് സമരം ഒത്തുതീര്‍പ്പാക്കി നൃത്തംചെയ്ത എ.കെ. ആന്റണി വാഗ്ദാനങ്ങള്‍ പാലിക്കാത്തത് എന്താണ്'
'മുത്തങ്ങയില്‍ വനംവകുപ്പ് മനപൂര്‍വ്വം തര്‍ക്കമുണ്ടാക്കിയതാണോ?'- ചോദ്യങ്ങള്‍ പെരുകി.

അതിനാടകീയം കെ. സുധാകരന്‍ പൊട്ടിത്തെറിച്ചു.
'അധികം ചോദ്യമൊന്നും വേണ്ട. നിങ്ങള്‍ പലരും തീവ്രവാദികള്‍ക്ക് വേണ്ടിയാണ് ചോദിക്കുന്നത്. ഈ വാര്‍ത്താസമ്മേളനം കഴിയുംമുമ്പേ ഇവിടെനിന്ന് തന്നെ നിങ്ങളെ പൊക്കും'

മേശ മേല്‍ ആഞ്ഞടിച്ച് മന്ത്രി ക്ഷോഭം തീര്‍ത്തു. ചോദ്യങ്ങള്‍ പക്ഷേ, നിലച്ചില്ല. അതിനാല്‍ അന്നു മൂന്നുവട്ടം മറുപടി പറയുന്നതിനിടെ കെ. സുധാകരന്‍ മേശയില്‍ ഇടിച്ചു. മൂന്നു വട്ടവും പറഞ്ഞു. 'ആദ്യം ഞങ്ങള്‍ പൊക്കാന്‍ പോകുന്നത് നിങ്ങളെയാണ്'

ചോദ്യം ചോദിച്ചവരുടെ അരികിലേക്ക് മന്ത്രിയുടെ അനുയായികള്‍ നീങ്ങിനിന്നു. ഒരാംഗ്യത്തിന്റെ കുറവ്. ആരും ആക്രമിക്കപ്പെട്ടേക്കാം. ആ പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരും അസ്വസ്ഥരായിരുന്നു. ആരൊക്കെ ചുരമിറങ്ങും. അറിഞ്ഞുകൂടാ. അതിനിടെ മാധ്യമങ്ങളെ ഗുണ്ടകള്‍ നോട്ടമിട്ടു തുടങ്ങി. പലപ്പോഴും പലര്‍ക്കും ഓടിമാറേണ്ടിവന്നു.

അപ്പോള്‍ വി.എസ്. വന്നു.

നേരം നട്ടുച്ച കഴിഞ്ഞിരുന്നു. ആരും ഭക്ഷണം കഴിച്ചിട്ടില്ല. വി.എസിനൊപ്പം പ്രതിപക്ഷ നേതാക്കളായ എം.പി. വീരേന്ദ്രകുമാര്‍, കെ.പി. രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, കെ. രാധാകൃഷ്ണന്‍ എന്നിവരുണ്ട്.

നേരേ പൊന്‍കുഴിയിലേക്ക്. വരമ്പത്തൂടെ വി.എസ്. നടന്നു. ടി പോയിന്റിലെത്തി. പോലീസും വനം വകുപ്പും അദ്ദേഹത്തെ 'ആയുധപ്പുര'യിലേക്ക് ക്ഷണിച്ചു. അവര്‍ ആ വഴി നടക്കാന്‍ തുടങ്ങി. വി.എസ്. അരക്ഷണം നിന്നു.

ഉദ്യോഗസ്ഥര്‍ പറഞ്ഞു, 'ഇവിടെ , ഇവിടെയാണ് പിടിച്ചെടുത്ത മാരകായുധങ്ങള്‍. വരൂ, കാണാം'

ചിരിയില്ലാത്ത വിഎസിന്റെ മുഖത്ത് കാര്‍ക്കശ്യദീപ്തി തെളിഞ്ഞു.

'അത് ആ പാവങ്ങളുടെ പണിയായുധങ്ങളല്ലേ. അരിവാളും കത്തിയുമൊക്കെ. ഞങ്ങള്‍ അത് മുമ്പും കണ്ടിട്ടുണ്ട്.'

'മുമ്പും' എന്ന  ആ ഒറ്റ വാക്കില്‍ എട്ടുപതിറ്റാണ്ടിന്റെ ജീവിതാനുഭവം നിറഞ്ഞു. ആദിവാസികളുടെ സമരം പുന്നപ്ര വയലാറിന്റെ സമരപാരമ്പര്യത്തോട് കണ്ണി ചേര്‍ക്കപ്പെട്ടു. പരഗതിയില്ലാതെ നരകിച്ച കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍, കുടിയിറക്കപ്പെട്ട അമരാവതി.. കുന്നോളം സങ്കടം പേറുന്ന എണ്ണമറ്റ സമരമുഖങ്ങള്‍. നിലയ്ക്കാത്ത ചരിത്രം. ഒടുങ്ങാത്ത ദൈന്യത. ഒരൊറ്റ വാക്കിന്റെ ഊന്നലില്‍ അതത്രയും വി.എസ്. കൂട്ടിക്കെട്ടി. വനംമന്ത്രിയില്‍നിന്ന് ഊര്‍ജംനേടി ആഞ്ഞടിക്കാനും ചവിട്ടിത്തേക്കാനുംനിന്ന സര്‍ക്കാര്‍ സംവിധാനം പരിക്ഷീണം വിളറി.

മുത്തങ്ങയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജി പട്ടണത്തെ വി.എസ്. അരികിലേക്ക് വിളിച്ചു. കാറില്‍ കയറ്റി. സംസാരിച്ചു. പിന്നെ കെ. സുധാകരന്‍ പിന്മാറിയ ബത്തേരി ഗസ്റ്റ് ഹൗസില്‍, അതേ ഹാളില്‍, പ്രതിപക്ഷ നേതാക്കള്‍ ഇരുന്നു.

വി.എസ്. തുടങ്ങി.

'ഇവിടെ ഒരുത്തന്‍ എന്തൊക്കെയേ പിച്ചും പേയും വിളിച്ചുപറയുന്നു എന്ന് അറിഞ്ഞു. അതൊന്നും നടപ്പില്ല. നടപ്പില്ല. നടപ്പില്ല. 18 റൗണ്ടാണ് പാവം ആദിവാസികള്‍ക്ക് നേരേ വെടി ഉതിര്‍ത്തത്. പേടിച്ചരണ്ട ആ പാവങ്ങള്‍ നിബിഡമായ കാട്ടിലേക്കാണ് ഓടിപ്പോയത്. അവര്‍ക്കെന്തു പറ്റി എന്ന് സര്‍ക്കാര്‍ പറയണം. ഇതേപ്പറ്റി അന്വേഷണം നടത്തണം. എ.കെ. ആന്റണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം. പാവപ്പെട്ട ആദിവാസികളെ തീവ്രവാദികളാക്കി ചുട്ടുകൊല്ലാന്‍ ശ്രമിച്ചാല്‍ അത് സമ്മതിക്കില്ല.'

വാക്കുകള്‍ ഇടിമിന്നലാവുന്നത് അന്നുകണ്ടു. അരിവാങ്ങാന്‍ പുറത്തിറങ്ങിയ ആദിവാസികളെ പിന്നീടാരും പിന്തുടര്‍ന്ന് തല്ലാന്‍ ചെന്നില്ല. തീവ്രവാദി ആക്രമണം എന്ന ആരോപണത്തില്‍നിന്ന് പ്രതിപക്ഷത്തിന് പിന്നാലെ സര്‍ക്കാരും പിന്മാറി.

പിറ്റേന്ന് ഡയറ്റില്‍നിന്ന് കെ.കെ. സുരേന്ദ്രനെ പോലീസ് പിടിച്ചു. കുട്ടികളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടി. സ്റ്റേഷനില്‍ ചെന്നും അടി തുടര്‍ന്നു. അതറിഞ്ഞ് വി.എസ്. വീണ്ടും വിളിച്ചു. അടി നിന്നു. അടികൊണ്ടു വീര്‍ത്ത മുഖവുമായി സി.കെ. ജാനുവും ഗീതാനന്ദനും പിന്നാലെ കീഴടങ്ങി.

അന്ന് വി.എസില്‍ കണ്ട അതേ കാര്‍ക്കശ്യം പിന്നെ കണ്ടത് മഹാശ്വേതാ ദേവിയിലാണ്. നന്ദിഗ്രാമിലെ സമരകാലത്ത്. 'എപ്പോഴാണ് ബുദ്ധോയ്ക്ക് ഈ പാവങ്ങള്‍ അക്രമികളായത്? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മരിച്ചവരൊക്കെ മാര്‍ക്‌സിറ്റുകളായിരുന്നില്ലേ? ജ്യോതി ബസുവിന് വോട്ടുചെയ്തപ്പോള്‍ ഇവര്‍ ജനാധിപത്യവാദികളായിരുന്നില്ലേ?'

അഗര്‍ത്തലയിലെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് മണിക് സര്‍ക്കാര്‍ ആദരവോടെ ഓര്‍മ്മിച്ചതും വി.എസിന്റെ ജനകീയബന്ധങ്ങളെപ്പറ്റിയാണ്. സമരങ്ങളിലെ ജനതയെ തിരിച്ചറിയാവുന്നവരെ കാലം അനശ്വരരാക്കുന്നു. വി.എസിനെ ഒടുവിലൊന്നു കാണാന്‍ കുട്ടികള്‍ തിക്കിത്തിരക്കുകയാണ് തെരുവില്‍. അവരോര്‍ക്കുന്നുണ്ടാവണം. വി.എസ്. ഉണ്ടായിരുന്നെങ്കില്‍ ആശമാരുടെ സമരം ഒരു പക്ഷേ മറ്റൊന്നാവുമായിരുന്നില്ലേ?

സമൂഹം തങ്കത്തളികയില്‍ നീട്ടിയ അവസരങ്ങളെ തിരസ്‌കരിച്ച പ്രിയ നേതാക്കളേ, ഈ കുട്ടികള്‍ നിങ്ങളോടു പറയുന്നുണ്ട്, വിവശരുടെ പ്രത്യാശയായിരുന്നു വിഎസ്. നിലയ്ക്കുന്നത് തോല്‍വികളിലും ബാക്കികിടക്കുന്ന ആ രക്തസാക്ഷിത്വമാണ്.

Content Highlights: vs achuthanandan muthanga firing