'കണ്ണേ കരളേ വിഎസ്സേ...'; കണ്ഠമിടറി, മുഷ്ടിചുരുട്ടി ഒറ്റയ്ക്കൊരു പദയാത്ര; വൈറലായി ദൃശ്യം | വീഡിയോ

ആലപ്പുഴ: അന്തരിച്ച വി.എസ്. അച്യുതാനന്ദനെ ജനം ഹൃദയത്തിലേറ്റുവാങ്ങുന്ന കാഴ്ചയാണ് തിരുവനന്തപുരം മുതല്‍ ജന്മനാട് വരെ നീണ്ട വിലാപയാത്രയിലുടനീളം കണ്ടത്. പിന്നിട്ട വഴികളിലെല്ലാം അണമുറിയാത്ത ജനപ്രവാഹമാണ് വിഎസിന്‍റെ മൃതദേഹത്തെ എതിരേറ്റത്. വി.എസ്. എന്ന രണ്ടക്ഷരം എത്രമേല്‍ പ്രഭാമയമായിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യംകൂടിയായിരുന്നു ഈ വിലാപയാത്ര.
ഇതിനിടെ, വി.എസിനെ ഒരു നോക്കുകാണാന്‍ ഒറ്റയ്ക്ക് പദയാത്ര നടത്തി ആലപ്പുഴയെത്തിയ ഒരു സ്ത്രീയുടെ ദൃശ്യം വലിയതോതില്‍ പ്രചരിക്കുകയാണ്. നെഞ്ചുപൊട്ടുന്ന വേദനയോടെ 'ഞങ്ങടെ സ്വന്തം വിഎസ്സേ, ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് കണ്ഠമിടറി വിളിച്ചുകൊണ്ട് തണ്ണീര്‍മുക്കം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോവുകയാണ് സ്ത്രീയെന്ന് വീഡിയോ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഎസിനോടുള്ള കേരള ജനതയുടെ സ്നേഹാദരങ്ങളുടെ പ്രതീകമായാണ് ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന വലിയചുടുകാട്ടിലും ആയിരക്കണക്കിനു പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിച്ചേർന്നത്.
ചോരയിലലിഞ്ഞ വി എസ്സ് .....🚩🚩🚩 ദുഃഖത്തിൻ്റെ ആഴം അലകടലായി എല്ലാം മറന്ന് തൻ്റെ പ്രീയ സഖാവിനെ ഒരു നോക്ക് കാണാൻ ആലപ്പുഴയിലേക്ക് നെഞ്ചു പൊട്ടുന്ന വേദനയോടെ ഞങ്ങടെ സ്വന്തം വി എസ്സെ ഇല്ലേ ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ....... എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് തണ്ണീർമുക്കം ഭാഗത്തു നിന്ന് ആലപ്പുഴയിലേക്ക് ഒറ്റയ്ക്ക് പദയാത്രയായി പോകുന്ന ഒരു തൊഴിലാളി സ്ത്രീയെ കണ്ടപ്പോൾ അറിയാതെൻ്റെ കണ്ണു നിറഞ്ഞു പോയി....... അത്രമാത്രം ജനമനസ്സുകളിൽ സ്ഥാനം പിടിച്ച പച്ചയായ മനുഷ്യനാണ് സഖാവ് വി എസ്സ് ........
Posted by Thevery Suresh on Tuesday, July 22, 2025
Content Highlights: Massive Outpouring of Grief as Kerala Bids Farewell to VS Achuthanandan