കണി കണ്ടു, ഇനി കൈനീട്ടമാവാം

മിനുക്കിയെടുത്ത ഓട്ടുരുളിയില്‍ കൊന്നപ്പൂവ്, കണിവെള്ളരി, നാളികേരം, ഫലവര്‍ഗങ്ങള്‍, ചെപ്പ്, വാല്‍ക്കണ്ണാടി, താളിയോല, അലക്കിമടക്കിയ വസ്ത്രം, സ്വര്‍ണാഭരണം, ഉണക്കലരി എല്ലാം ചേര്‍ന്ന കണികണ്ട് മനംനിറഞ്ഞ വിഷുദിനം; ഇനി കൈനീട്ടമാവാം...ഈവര്‍ഷം മുഴുവന്‍ പൊലിക്കാന്‍.
ഇന്നും മലയാളികള്‍ക്ക് ദേശീയോത്സവം പോലെ സുദിനമാണ് വിഷു. കൊല്ലവര്‍ഷപ്പിറവിക്ക് മുന്‍പ് മലയാളക്കര ആണ്ടുപിറപ്പായി കൊണ്ടാടിയിരുന്ന മേടവിഷുവിന് പഴമയുടെ പകിട്ട് ഏറെ. ജ്യോതിശാസ്ത്രപ്രകാരം സൂര്യന്‍ മീനം രാശിയില്‍നിന്ന് മേടത്തിലേക്കു പ്രവേശിക്കുന്ന ഉത്തരായനത്തിലെ വിഷുസംക്രമം കഴിഞ്ഞാല്‍ സമയക്രമം രാവുംപകലും തുല്യമായിരിക്കും.
പുരാതനകാലം മുതല്‍ കാര്‍ഷികോത്സവമായിട്ടാണ് മലയാളികള്‍ വിഷുക്കാലം ആഘോഷിച്ചുപോരുന്നത്. കൊയ്ത്തുകഴിഞ്ഞ് നെല്ലറ നിറയുന്ന സമൃദ്ധിയുടെയും പൂക്കാലത്തിന്റെയും ശോഭയിലാണ് വിഷു ഉത്സവം. കണിക്കൊന്നകള്‍ പ്രകൃതിയെ മംഗളസൂചകമായ മഞ്ഞ മേലാപ്പണിയിക്കുന്ന വസന്തഋതുവില്‍ ബഹുവിധ പുഷ്പങ്ങളും പ്രകൃതിയെ വര്‍ണാഭമാക്കും.
ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വിഷുക്കണിയുടെ പുലര്‍ച്ചയാണ് കഴിഞ്ഞത്. അലങ്കാര ശോഭയോടെ ദേവി, ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ, ഏഴുതിരിയിട്ട വിളക്കുവെച്ച് ഒരുക്കിയ കണികണ്ട് ഭക്തരുടെ മനംനിറഞ്ഞു. പൂജാരിമാരില്‍നിന്ന് കൈനീട്ടവും പ്രസാദവും വാങ്ങി, ദക്ഷിണയായി കൈനീട്ടം നല്‍കുന്നതും ആചാരം.
ഭവനങ്ങളില്‍ ഏറെയും കായാമ്പൂവര്‍ണനായ ശ്രീകൃഷ്ണഭഗവാന്റെ മുന്നിലെ കണിയുടെ പുണ്യം നുകര്‍ന്ന മനസ്സുകളിനി നിറയുന്നത് കൈനീട്ടത്താല്‍. കൈനീട്ടത്തിന്റെ ആഹ്ലാദത്തിന് മങ്ങലില്ല ഏതുകാലത്തും. അടുത്ത വിഷുക്കാലംവരെ നീളുന്ന ഐശ്വര്യമാണ് ഈ കൈ നീട്ടത്തിനുള്ളതെന്നാണ് വിശ്വാസം.
Content Highlights: the tradition of giving vishukkaineettam