ഓര്‍മകളുടെ കണിക്കൊന്ന; സ്വാസികയുടെ വിഷുവിശേഷങ്ങള്‍

കൊച്ചി: കണിക്കൊന്നയും കൃഷ്ണവിഗ്രഹവും പശ്ചാത്തലമൊരുക്കിയ ഫ്രെയിമില്‍ കേരള സാരിയുടെ മനോഹാരിതയിലായിരുന്നു സ്വാസിക. കുടുംബത്തിന്റെ സ്‌നേഹമധുരമാണ് സ്വാസികയുടെ വിഷു. വിഷുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ കൂട്ടുകുടുംബത്തിന്റെ സ്‌നേഹക്കൊന്നകളാണ് സ്വാസികയുടെ മനസ്സില്‍ ആദ്യം പൂക്കുന്നത്. ''കുട്ടിക്കാലത്തായാലും ഇപ്പോഴായാലും കൂട്ടുകുടുംബത്തിലെ അംഗമാണ് ഞാന്‍. വിഷുവിന് മൂവാറ്റുപുഴയിലെ ഞങ്ങളുടെ തറവാട്ടുവീട്ടിലേക്ക് അമ്മാവന്‍മാരും അമ്മായിമാരും കസിന്‍സുമൊക്കെ വരും. വിഷുത്തലേന്ന് വീട്ടിലേക്കെത്തുന്ന അവര്‍ പുലര്‍ച്ചെ കണി കണ്ട് ഉച്ചയ്ക്ക് സദ്യയൊക്കെ കഴിച്ച് വൈകുന്നേരമാകും മടങ്ങുന്നത്. ഇപ്പോഴും ആ ശീലത്തിന് വലിയ മാറ്റമൊന്നുമില്ല. കൂട്ടുകുടുംബത്തിന്റെ ഈ സ്‌നേഹക്കൂട്ടായ്മയാണ് വിഷുവിന്റെ ഏറ്റവും വലിയ രസം. വിഷുക്കൈനീട്ടത്തിന്റെ രസവും ഒരിക്കലും മറക്കാനാകില്ല. അച്ഛനും അമ്മാവന്‍മാരുമൊക്കെ തരുന്ന കൈനീട്ടം എത്രയാണെന്ന് പല തവണ എണ്ണിത്തിട്ടപ്പെടുത്തും. കൈനീട്ടം കൊണ്ട് പാവക്കുട്ടികളും ഉടുപ്പുകളും വാങ്ങലായിരുന്നു പ്രധാന പരിപാടി'' - സ്വാസിക വിഷുക്കൈനീട്ടത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിച്ചു.
മുത്തച്ഛനും സില്‍ബന്തികളും
വിഷുസദ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മുത്തച്ഛന്റെ സ്‌നേഹരുചികള്‍ ഇന്നും സ്വാസികയുടെ നാവിന്‍തുമ്പത്ത് നിറയും. ''എന്റെ മുത്തച്ഛന്‍ ഗോപാലകൃഷ്ണന്‍ നല്ലൊരു പാചകക്കാരനായിരുന്നു. മുത്തച്ഛനാണ് വിഷുവിന് വീട്ടില്‍ സദ്യയൊരുക്കുക. അതിന് സഹായികളായി ഞങ്ങള്‍ കുട്ടികളെയും ഒപ്പം കൂട്ടും. അതു കണ്ട് 'നിങ്ങള്‍ക്ക് സില്‍ബന്തികളില്ലാതെ ഒറ്റയ്ക്ക് പാചകം ചെയ്തുകൂടേ' എന്ന് മുത്തശ്ശി എപ്പോഴും കളിയാക്കി ചോദിക്കുമായിരുന്നു. പച്ചക്കറി അരിയലും തേങ്ങ ചിരണ്ടലും കറി ഇളക്കലുമൊക്കെയായി ഞങ്ങളും മുത്തച്ഛനൊപ്പം കൂടും''- സ്വാസിക സദ്യയുടെ ഓര്‍മകള്‍ പങ്കുവെച്ചു.
പാല്‍പ്പായസവും കുറുക്കുകാളനും
വിഷുസദ്യക്കായി ഇലയിടുമ്പോള്‍ത്തന്നെ കാത്തിരിക്കുന്നത് പാല്‍പ്പായസത്തിന്റെ വരവിനാണെന്ന് സ്വാസിക പറയുന്നു. പാല്‍പ്പായസമാണ് സദ്യയില്‍ ഏറെ പ്രിയപ്പെട്ട ഇനം. ''കുറുക്കുകാളനും കൂട്ടുകറിയുമാണ് ഇഷ്ടപ്പെട്ട കറികള്‍. സാധാരണ ദിവസങ്ങളില്‍ വീട്ടില്‍ വെള്ളം നീട്ടി പുളിശ്ശേരിയാണ് ഉണ്ടാക്കാറുള്ളത്. വിഷുവിനും ഓണത്തിനുമൊക്കെയാണ് കുറുക്കുകാളന്‍ ഉണ്ടാക്കുക. ഇഞ്ചിക്കറിയാണ് മറ്റൊരു ഇഷ്ടം. കൂട്ടുകുടുംബമായതിനാല്‍ വിഷുസദ്യ വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. അമ്മാവന്‍മാര്‍ക്ക് കാറ്ററിങ് ഉള്ളതിനാല്‍ പായസം മാത്രം അവര്‍ കൊണ്ടുവരും. എല്ലാവരും ചേര്‍ന്ന് സദ്യയുണ്ടാക്കുന്നതും അത് ഒരുമിച്ചിരുന്ന് കഴിക്കുന്നതുമൊക്കെ എത്ര രസമാണ്'' - സ്വാസിക പറയുന്നു.
വെള്ളിത്തിരയിലെ വിഷു
സിനിമയിലെത്തിയതോടെ വിഷുക്കാലത്തിനും നിറങ്ങളേറി. കഴിഞ്ഞ തവണ താരസംഘടനയായ 'അമ്മ'യുടെ ഓഫീസിലായിരുന്നു വിഷു ആഘോഷം. അന്ന് മലയാള സിനിമയിലെ സീനിയര്‍ താരങ്ങള്‍ പലരും എത്തിയിരുന്നു. അവരെയൊക്കെ പരിചയപ്പെടാനും അവര്‍ക്കൊപ്പം സദ്യയുണ്ണാനും കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നുവെന്ന് സ്വാസിക പറയുന്നു. ആ പരിപാടിക്ക് അവിടെയെത്തിയ സുരേഷ് ഗോപിയേട്ടന്‍ വിഷുക്കൈനീട്ടം തന്നിരുന്നു.
''കോവിഡ് കാലത്ത് 'ചതുരം' സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു വിഷു വന്നിരുന്നു. അന്ന് എല്ലാവരും ബയോബബ്ള്‍ സംവിധാനത്തില്‍ കഴിഞ്ഞിരുന്നതിനാല്‍ ഹോട്ടലില്‍ ഞങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു. അവിടെ സദ്യയൊരുക്കിയും രാത്രി പടക്കം പൊട്ടിച്ചുമൊക്കെ ഞങ്ങള്‍ വിഷു ആഘോഷിച്ചു. ഇത്തവണ ചെന്നൈയില്‍ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍നിന്നാണ് ഞാന്‍ വിഷുവിന് വീട്ടിലെത്തിയത്. ഇത്തവണയും പതിവുപോലെ കുടുംബത്തിനൊപ്പം തന്നെ എനിക്ക് വിഷു സദ്യയുണ്ണണം...'' നിറഞ്ഞ ചിരിയോടെ സ്വാസിക പറഞ്ഞു.
Content Highlights: actress swasika shares her vishu memories