'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും...'; കഥ ജീവിതവുമായി ഉടമ്പടി തീര്‍ക്കുമ്പോള്‍

#ശ്രീജയ സി.എം.
കെ. രേഖ, പുസ്തകത്തിന്റെ കവര്‍പേജ് | ഫോട്ടോ: മാതൃഭൂമി
കെ. രേഖ, പുസ്തകത്തിന്റെ കവര്‍പേജ് | ഫോട്ടോ: മാതൃഭൂമി

ഥകളില്‍ ജീവിതത്തിന്റെ പകര്‍പ്പുകളുണ്ടാകുന്നു എന്നതിനര്‍ത്ഥം ആ കഥകളൊക്കെയും ജീവിതത്തിന്റെ ആത്മരേഖയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതാണ്. കെ. രേഖയുടെ 'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും' എന്ന കൃതിയില്‍ ഇത്തരത്തിലുള്ള ഒമ്പത് കഥകളാണുള്ളത്. കഥ മാനുഷിക ഭാവങ്ങളുമായി അനുഭാവപൂര്‍വമാണ് വായനയിലൂടെ ഇടപെടുന്നതെങ്കില്‍ ആ കഥകള്‍ ആസ്വാദനത്തിനുമപ്പുറം വൈകാരികതലത്തിന്റേയോ, ചിന്തയുടേയോ തലത്തിലേക്ക് അനുവാചകരെ കൊണ്ടുചെന്നെത്തിക്കുമെന്നത് തീര്‍ച്ച.

ശബ്ദമുഖരിതമായ, വെച്ചുകെട്ടലുകളില്ലാത്ത ആഖ്യാനം ഈ കഥകളുടെ സവിശേഷതയാകുമ്പോള്‍ തന്നെ പലപ്പോഴും കൗതുകമോ കാവ്യാത്മകമെന്നോ തോന്നിപ്പിക്കുന്ന ഭാഷ കഥാന്ത്യത്തില്‍ പ്രകടമാകുന്നതും കാണാം. പണവും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതസാഹചര്യങ്ങളും നാനാജീവിതങ്ങളും ഒരു ഭാഗത്ത് സമ്മേളിക്കുമ്പോള്‍ സാമ്പത്തികമായും ശാരീരികമായുമൊക്കെ സമൂഹത്തില്‍ നിന്നൊഴിവാക്കി നിര്‍ത്തപ്പെടുന്ന മനുഷ്യരുടെ ജീവിതങ്ങളാണ് മറുവശത്ത് ദൃശ്യമാകുന്നത്.

പൊതുവില്‍ മാറിയ ജീവിതക്രമങ്ങളും മൂല്യബോധവും തനത് മാനുഷികമൂല്യങ്ങളുമായി നടത്തുന്ന നിരന്തര ഏറ്റുമുട്ടലുകള്‍ കഥകളുടെ ആശയധാരയെ നിയന്ത്രിക്കുന്നുണ്ട്. 'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റനേകം കഥകളു'മെന്ന ശീര്‍ഷകം കഥകളുടെ ഒരു ശ്രേണിയെന്ന സൂചനയാണ് പകര്‍ന്നുനല്‍കുന്നത്. സ്‌നേഹവും പോരാട്ടവും അതിജീവനവുമൊക്കെ അവയുടെ കാതലാണ്.

അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞുമെന്ന കഥ ശ്രീജയുടെ മനസ്സാക്ഷിയോടുള്ള ചോദ്യമാകുമ്പോള്‍ അരവിന്ദന്‍, സ്‌നേഹത്തിന്റെ, ഇരയാക്കപ്പെട്ടവന്റെ പ്രതികാരേച്ഛ കലരാത്ത എന്നാല്‍ തോല്പിക്കാനാകാത്ത മനോവീര്യത്തിന്റെ രൂപമാണ്. ബീര്‍ബലും ബാബലുമെന്ന അരവിന്ദന്റെ പ്രയോഗത്തില്‍ ശ്രീജ രുചികള്‍കൊണ്ടുള്ള അരവിന്ദന്റെ കളിയെ, ഭക്ഷണമൊരുക്കലിനെ ഒടുവില്‍ മനസ്സിലാക്കുമ്പോഴേക്കും അവന്‍ കൊടുത്തുവിട്ട പെസഹാ അപ്പത്തില്‍ നിന്ന് താന്‍ രക്തക്കറപോലെ ശര്‍ക്കരപ്പാനി ഒലിച്ചിറങ്ങുന്നു.
     
'അവളാര്' എന്ന രചന സ്ത്രീ ശരീരം മാത്രമെന്ന് ചിന്തിക്കുന്ന, ലൈംഗിക വിദ്യാഭ്യാസമില്ലാത്ത പൊതുസമൂഹത്തിന്റെ, സവിശേഷമായി പുരുഷാധീശസമൂഹത്തിന്റെ വെളിപ്പെടുത്തലാണ് എന്നതുകൂടാതെ സൗന്ദര്യമാനദണ്ഡങ്ങളെ, സൗന്ദര്യ ബോധാബോധങ്ങളെ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.''പട്ടിയെ സയനൈഡ് കൊടുത്ത് കൊന്നതിന് കേസുവരുമോയെന്ന സുഭാഷിന്റെ ചോദ്യത്തില്‍ ലത ചിരിയടക്കാനാകാതെ വയറുവേദനിച്ച് ചിരിക്കുന്നുണ്ട്. ഭയവും പരാജയഭീതിയുമുള്ള ഒരുവനോടുള്ള ചിരിക്കപ്പുറത്ത് പാറക്കെട്ടുകള്‍ പോലുള്ള കനത്തമുലകളുടെ ബലം അവളുടെ സ്വത്വത്തിന്റെ അടയാളപ്പെടുത്തലാകുന്നുണ്ട്.
       
വിക്രമനും മുകുന്ദനും കഥാപാത്രങ്ങളാകുന്ന 'ഈസ്റ്റര്‍ലില്ലി' അവരുടെ പോയകാലത്തെ നല്ലതും മോശവുമായ അനുഭവപരമ്പരകളെ വര്‍ത്തമാനങ്ങളിലൂടെയും അവരുടെ ഓര്‍മകളിലൂടെയും അവതരിപ്പിച്ചുകൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ചെയ്ത പ്രവര്‍ത്തികളുടെ ഭാരമോ അതിന്റെ അനന്തരഫലങ്ങളോ ജീവിതത്തില്‍ പിന്തുടരപ്പെടുമെന്നും കഴിഞ്ഞുപോയവയുടെ വേദനയും അപമാനവുമൊക്കെ തുടര്‍ച്ചയെന്നോണമോ തിരിച്ചറിവെന്നോണമോ കൂടെവരുമെന്നും ഈ കഥകളില്‍ പലതും പറഞ്ഞുവെക്കുന്നുണ്ട്. 

'സന്ദര്‍ശകരുടെ ദിവസ'മെന്ന കഥയില്‍ ഉത്തമനെന്ന ചിത്രകാരന്‍ പോലീസുകാരൊടിച്ച, വരയ്ക്കാനാകാത്ത കൈയുമായി ചിത്രകാരിയായ താരയുടെ വീട് ജപ്തി ചെയ്യാതിരിക്കാനുള്ള പണവുമായി കടന്നുവരുന്നുണ്ട്. പട്ടാളക്കാരനായ ഭര്‍ത്താവു മരിച്ചപ്പോള്‍ ലഭിച്ച പണം ബാങ്കുദ്യോഗസ്ഥയായ ഭാര്യ അച്ഛനെ ഏല്‍പിക്കുകയും അയാളത് താരയ്ക്ക് നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ജീവിതത്തിന്റെ കൊളാഷുകളാണ് ഈ കഥകളില്‍ സംയോജിക്കുന്നത്. ഏതൊക്കെയോ അനുഭവങ്ങളുടെ, സംഭവങ്ങളുടെ തുടര്‍ച്ചകള്‍ മനുഷ്യരെ ബന്ധപ്പെടുത്തുന്നു.

'വില്ലുവണ്ടി'യെന്ന കഥയില്‍ ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതുന്ന ഉമയും അവളുടെ മനുഷ്യാവബോധവും വിപണിവത്കരണത്തിന്റെ, പണത്തിന്റെ ലോകക്രമത്തില്‍ ചിലപ്പോഴൊക്കെ ആടിയുലയുന്നുണ്ട്. എന്നാല്‍ അവഗണനയുടെ ജീവിതാനുഭവങ്ങള്‍ വേര്‍വേരുറപ്പുണ്ടാക്കുകയേ ചെയ്യുന്നുള്ളൂ. എന്നാല്‍ കുഴപ്പക്കാരിയെന്ന കഥ സ്ത്രീകളുടെ സ്വതന്ത്രമായ ജീവിതോല്ലാസ കാമനയെ ആവിഷ്‌കരിക്കുമ്പോള്‍ തന്നെ അവര്‍ക്കു കല്പിക്കപ്പെട്ട, പെട്ടെന്ന് വിടുതല്‍ നേടാനാകാതെ വലയുന്ന ചട്ടക്കൂടുകളെ, പുരുഷനിയന്ത്രിത ജീവിതരീതിയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. 

ഉഷ മകളൊത്ത് ഭര്‍ത്താവിന്റെ നിയന്ത്രണങ്ങളെ കബളിപ്പിച്ച് ജീവിക്കുമ്പോഴും അതേ നിയന്ത്രണരേഖ മായ്ക്കപ്പെടുന്നില്ല, മറിച്ച് സ്വപ്നാടനമെന്നോണം മറ്റൊരു താത്കാലിക ജീവിതം അതിനുള്ളില്‍ മെനഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതേസമയം തങ്കമണിയെന്ന മകള്‍ പ്രതികരണബോധമുള്ള കുട്ടിയാണ്. പ്രതികരണാത്മകത അധീശത്വത്തിന് വിധേയപ്പെടാതിരിക്കുക എന്നതുകൂടിയാണ് എന്ന് ഒറ്റക്കല്ലെന്ന കഥയിലെ ആത്മാഭിമാനമുള്ള സ്ത്രീയിലൂടെ, ആഷുവിലൂടെ അവതരിപ്പിക്കുന്നുണ്ട്. 

'ഒറ്റക്കല്ലെ'ന്ന രചന പ്രേമത്തിന്റെ, പ്രതീക്ഷയുടെ മാനുഷികരൂപമാകുമ്പോള്‍ കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടുകിട്ടുന്നതിനുള്ള പ്രാര്‍ത്ഥനകളെന്ന കഥ സദാനന്ദന്റേയും കുമാരിയുടേയും സ്‌നേഹത്തിന്റെ കഥയാകുന്നു. സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നവരും ഒരുദിവസം എത്തിച്ചേരുന്ന അവസ്ഥയില്‍ ചിലപ്പോള്‍ കാലം ഒരു വിഡ്ഢിയെപ്പോലെയാണ് മനുഷ്യനെ കരുതിവെക്കുന്നതെന്ന് കഥയിലെ സൂചനയില്‍ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രമുണ്ട്.

ഇത്തരത്തില്‍ അധോലോകമെന്ന കഥയും ബാബുവിന്റെയും സന്ധ്യയുടെയും സ്‌നേഹബന്ധത്തെ കാല്‍പനികതകളില്ലാതെ അവതരിപ്പിക്കുന്നുണ്ട്. ഒടുവില്‍ എട്ടടിപോലും വെയ്ക്കാനാകാതെ വിഷമൂര്‍ച്ചയില്‍ അവള്‍ തരിച്ചുനില്‍ക്കുന്നയിടത്തുവെച്ച് കഥ ജീവിതത്തെ പൊള്ളിച്ചെടുക്കുന്നുണ്ട്.

'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റനേകം കഥകളു'മെന്ന കൃതിയിലെ കഥകളൊക്കെ ആശയപരമായി ജീവിതമൂല്യത്തിന് ചുറ്റുമാണ് വികസിക്കുന്നത്. നിഷ്‌കളങ്കമായ സ്‌നേഹബന്ധങ്ങള്‍, മാനുഷികമൂല്യങ്ങള്‍, പലപ്പോഴും അവയ്ക്ക് വിപരീതമായി സ്വാര്‍ഥതയുടെയോ അതിജീവനത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പിടിയിലകപ്പെടുന്ന മനുഷ്യര്‍, അവയ്ക്കിരകളാകുന്ന മനുഷ്യര്‍, അവഗണന നേരിടുന്നവര്‍ എന്നിവരൊക്കെയാണ് ഈ കഥകളില്‍ ജീവിച്ചുകടന്നുപോകുന്നത് എന്നതുകൊണ്ടുതന്നെ അനുവാചകര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാകാത്ത സവിശേഷ ജീവിത ഉടമ്പടി ഈ കൃതിയില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നുവെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കും. കഥകളിവിടെ ജീവിതവുമായുള്ള ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുമ്പോള്‍ തീര്‍ന്നുപോകാത്ത ജീവിതങ്ങളുടെ തുടര്‍ച്ച അതിര്‍വരമ്പുകളില്ലാതെ പരന്നുകിടക്കുന്നതു കാണാം. 

Content Highlights: Reading day 2024 review of stories by K. Rekha