മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജ്ജനിയുടെ കൂടുവിട്ട് ഖസാക്ക് തുടരുന്ന യാത്ര!

#അജീഷ് ജി. ദത്തന്‍
ഒ.വി വിജയന്‍/ ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
ഒ.വി വിജയന്‍/ ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

''നാമൊക്കെ ആരാണ്, എന്താണ്, എന്തിനിവിടെ വന്നു? വിചിത്രമായ രൂപങ്ങള്‍ കൈക്കൊണ്ട് പരിണാമത്തിന്റെ ചതുപ്പില്‍ എന്തിനലയുന്നു? ചോദിക്കാന്‍ ഒരു ചോദ്യമേയുള്ളൂ: എന്റെ പിറവിയുടെ അര്‍ത്ഥം എന്താണ്?''

(ഒ.വി.വിജയന്‍)

'കൂമന്‍കാവില്‍ ബസ് ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല'. ഈ തുടക്കവാചകം നമ്മുടെ തലമുറയെയും ശക്തമായി അമ്പരപ്പിച്ചു കളഞ്ഞു. ഖസാക്ക് എന്ന അനുഭവലോകം ഇന്ദ്രിയങ്ങളെ കീഴടക്കിത്തുടങ്ങിയതിന്റെ ചരിത്രം ആദ്യത്തെ പ്രസിദ്ധമായ ഈ വാചകത്തില്‍ തന്നെ ആരംഭിക്കുന്നു. അവസാനത്തെ പ്രസിദ്ധമായ ആ ഖണ്ഡികയോടു കൂടി ഖസാക്ക് എന്ന സാംസ്‌കാരിക ലോകം അവസാനിക്കുകയും ചെയ്യുന്നില്ല. ഖസാക്കിന് അവസാനം ഉണ്ടെന്ന് കരുതുന്നില്ല. ഓരോ കാലത്തിലും ഖസാക്ക് ഓരോ ഇതിഹാസങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ വായിക്കുമ്പോള്‍ അത് ആ കാലത്തിന്റെ ഖസാക്ക് ആയിരിക്കും. ഓരോ വായനയിലും ഓരോരോ ഖസാക്കുകള്‍ ഉദയം കൊള്ളുന്നു. ഒരുകാലത്തു തന്നെ വിവിധ വായനാപാഠങ്ങള്‍ ഉളവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഖസാക്കിന്റെ അനന്യത. മറ്റൊരു കൃതിക്കും സാധിക്കാത്ത ജീവിതമാണ് ഖസാക്കിന്റേത്. അതുകൊണ്ടുതന്നെ ഖസാക്കിന് മുമ്പും പിമ്പും എന്ന വിഭജനത്തില്‍ ന്യായമുണ്ട്. ഓരോ കാലഘട്ടവും, ഓരോ തലമുറയും ഖസാക്കിന്റെ നെടുവരമ്പുകളിലൂടെ നടന്ന് തങ്ങള്‍ക്ക് വേണ്ടത് അന്വേഷിച്ചുകൊണ്ടിരുന്നു. ഈ കൃതി ആരെയും നിരാശരാക്കിയില്ല. അസ്തിത്വദുഃഖം തേടിയവര്‍ക്ക്, പാപബോധം അനുഭവിച്ചവര്‍ക്ക്, നിലയ്ക്കാത്ത രതിയുടെ മൃഗതൃഷ്ണ തേടിയവര്‍ക്ക്, വഴിയമ്പലങ്ങള്‍ തേടിയലഞ്ഞവര്‍ക്ക്, വിപ്ലവത്തിന്റെ ഫലശ്രുതിയെപ്പറ്റി സംശയഗ്രസ്തരായവര്‍ക്ക്, ആത്മീയതയുടെ അപാര സാന്നിധ്യം തേടിയവര്‍ക്ക്, ഭാഷയുടെ അപാരമായ സൗന്ദര്യത്തില്‍ ആണ്ടു മുങ്ങിയവര്‍ക്ക്, സദാചാരലംഘനം കണ്ടെത്തിയവര്‍ക്ക്, നിശിതമായി വിമര്‍ശിച്ചവര്‍ക്ക് തുടങ്ങി ഇഷ്ടപ്പെട്ടവരെയും വെറുത്തവരെയുമെല്ലാം ഖസാക്ക് സമഭാവനയോടെ ഒപ്പം നിര്‍ത്തി. അതായിരുന്നു ഖസാക്കിന്റെ വലിയ മൗലികത.

   ഒ.വി. വിജയന്‍ എന്ന ജീനിയസ്സിന്റെ  ഉദയം തീരുമാനിച്ചുറപ്പിച്ച കൃതിയായിരുന്നു ഖസാക്കിന്റെ ഇതിഹാസം. വിജയന്‍ മുപ്പതുകളില്‍ എഴുതിയ ആദ്യ നോവല്‍. ഖസാക്കിലെത്തി രവി തുറന്ന പെട്ടിയില്‍ ഭഗവത്ഗീത, പ്രിന്‍സ് തിരുവാങ്കുളം, റില്‍കെ, മുട്ടത്തുവര്‍ക്കി, ബോദ്ലെയര്‍ എന്നിവര്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച കൗതുകമുണര്‍ത്തുന്നതായിരുന്നു. ഈയൊരു സമഭാവനയെപ്പറ്റി കൗതുകത്തോടെ ആലോചിച്ചിട്ടുണ്ട്. വിജയന്റെ ബഹുസ്വരമായ പ്രാപഞ്ചിക ബോധത്തിന്റെ കലര്‍പ്പാണോ അതോ കാരിക്കേച്ചര്‍ സ്വഭാവമുള്ള അദ്ദേഹത്തിന്റെ നര്‍മ്മമാണോ ഇവിടെ തെളിയുന്നത് എന്ന് സംശയാലുവായിട്ടുണ്ട്. നോവലില്‍ ഉടനീളം ഇത്തരം കലര്‍പ്പുകള്‍ നമുക്ക് കാണാന്‍ സാധിക്കും.
 
   മലയാളത്തില്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തത് ഖസാക്കിനെപ്പറ്റിയാണ്. ഓരോ ഖസാക്ക് വായനയും പുതിയ പാഠങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഈ വായനകളില്‍ ഒന്നും ഖസാക്ക് കുടുങ്ങിക്കിടക്കുന്നില്ല. വായിച്ചവരും പഠിച്ചവരും ഒരിക്കലെങ്കിലും ഖസാക്കിനെപ്പറ്റി എഴുതി. പിന്നീട് വന്നവരെ ഈ മുന്‍വായനകള്‍ ഒന്നും തൃപ്തിപ്പെടുത്തിയതുമില്ല. നിരവധി ഖസാക്ക് പഠനങ്ങളിലൂടെ കടന്നു പോയാലും പിന്നീട് വായിക്കുമ്പോള്‍ ആ മുന്‍ധാരണകള്‍ എല്ലാം മാഞ്ഞുപോകുന്ന അനുഭവം ഉണ്ടാകുന്നു. അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞെങ്കിലും ഖസാക്ക് ജീവിക്കുന്ന സ്വതന്ത്ര ജീവിതത്തിന്റെ തെളിവാണത്. ഈ സ്വതന്ത്ര ജീവിതമാണ് ഖസാക്കിനെ ഇപ്പോഴും മലയാളിയുടെ വായനാ ചരിത്രത്തില്‍ ഏറ്റവും ജനകീയമായി നിര്‍ത്തുന്നതും. മറ്റൊരു നോവലിനും ലഭിച്ചിട്ടില്ലാത്ത വിധം ഖസാക്കിന്റെ പില്‍ക്കാല ജീവിതം സമൃദ്ധമായിരുന്നു. 

 ആധുനികതയില്‍ എഴുതപ്പെട്ട മറ്റൊരു കൃതിക്കും ഇത്തരമൊരു ജീവിതം ലഭിച്ചിട്ടില്ല.

 ആധുനികതാവാദ സാഹിത്യത്തെ അന്നത്തെ തലമുറയുടെ അതേ തീവ്രതയോടെയല്ലെങ്കിലും പിന്നീട് വന്നവരും ആഘോഷമായി വായിച്ചിട്ടുണ്ട്. നിഹിലിസവും അരാജകവാദവും അസ്തിത്വദുഃഖവും പോലുള്ള ധാരണകള്‍ ഇല്ലാതെ തന്നെ കാക്കനാടനെയും മുകുന്ദനെയും ഒക്കെ ആവേശത്തോടെ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെ മരണത്തെ നിസ്സംഗതയോടെയും മടുപ്പോടെയും നോക്കിനില്‍ക്കുന്ന 'സാക്ഷി'യിലെ നാരായണന്‍കുട്ടിയും മുടിവെട്ടാന്‍ വേണ്ടി നാണുവിന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുകയും, തുടര്‍ന്ന് തീരുമാനം ഉപേക്ഷിച്ച് തിരിച്ചു പോകുന്ന 'കൂട്ടംതെറ്റി മേയുന്നവ'രിലെ പ്രകാശനും സൂര്യവംശത്തിലൂടെ ഒറ്റയാന്‍ വഴി നടന്ന മേതില്‍ രാധാകൃഷ്ണനും അവരുടെ തീവ്രമായ നിഷേധവാസനകള്‍ കൊണ്ടും അത്യുന്മാദം നിറയ്ക്കുന്ന, സദാചാരവേലിക്കെട്ടുകള്‍ പൊട്ടിക്കുന്ന വിവരണങ്ങള്‍ കൊണ്ടും ആവിഷ്‌കരണത്തിലെ വഴിമാറി നടപ്പുകൊണ്ട് നമ്മെ ആവേശഭരിതരാക്കിയിട്ടുണ്ട്. പക്ഷേ ഒരു പുനര്‍വായനയില്‍ അത്രത്തോളം ആവേശം ഈ കൃതികള്‍ തരുമെന്ന് തോന്നുന്നില്ല. പക്ഷേ ഖസാക്ക് അവിടെയും വിജയിക്കുന്നു. പുതിയ വായനയില്‍ പുതിയ ആനുഭവിക ലോകം അത് തുറന്നിടുന്നു. ഒന്നിനും കീഴ്‌പ്പെടാതെ നില്‍ക്കുന്ന ഭാവനയുടെ ഔന്നത്യമാണ് ഖസാക്കിനെ പ്രിയപ്പെട്ടതാക്കുന്നത്. ആധുനികതാവാദത്തിന്റെ ക്ലാസിക് എന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതിന്റെ വ്യവസ്ഥാപിതമായ ഏതെല്ലാം ചട്ടക്കൂടുകള്‍ ഉണ്ടോ, അതിനെ ഒക്കെ നിഷേധിക്കുകയും അതിവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. എഴുതപ്പെട്ട് ഇങ്ങോളമുള്ള എല്ലാ കാലങ്ങളോടും ഇണങ്ങുകയും അതേ തീവ്രതയോടെ പിണങ്ങി പിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു, ഖസാക്ക്. ഈയാം പാറ്റകള്‍ വെളിച്ചത്തിലേക്ക് ഒത്തുകൂടും പോലെ ഓരോ തലമുറയും ഖസാക്കിലേക്ക് ആകര്‍ഷിക്കപ്പെട്ടു. വിജയന്റെ പ്രതിഭയില്‍ ഉള്ളടങ്ങിയിരിക്കുന്ന അപാരമായ സന്ദേഹത്തിന്റെ ആരംഭമാണ് ഖസാക്കില്‍ നാം കാണുന്നത്. പിന്നീട് അതിശക്തമായി മറ്റു നോവലുകളില്‍ അത് തുടരുന്നതും കാണാം.

 രവിയുടെ പ്രയാണത്തിന്റെ കഥ മാത്രമല്ല ഖസാക്ക്. അത് ഒരു വഴി മാത്രം. ഖസാക്കിലേക്ക് അനേകം വഴികള്‍ ഉണ്ട്. ഖസാക്കിലെ ഓരോ മനുഷ്യരും നിങ്ങളോട് അവരുടെ വര്‍ത്തമാനവും ഭൂതവും പറയും. യുക്തിയുടെയും അയുക്തിയുടെയും നേര്‍ത്ത നൂലിഴയില്‍ എവിടെയോ ആണ് ഖസാക്ക് കോര്‍ത്തിരിക്കുന്നത്. മിയാന്‍ഷേഖ് തങ്ങളും നല്ലമ്മ ഭഗവതിയും അനുഗ്രഹ - നിഗ്രഹങ്ങളുമായി ഖസാക്കിലുണ്ട്. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് പോകാനിരുന്ന രവി ഖസാക്കില്‍ ഏകാധ്യാപക വിദ്യാലയം തുടങ്ങാന്‍ എത്തിച്ചേരുന്നത് കര്‍മ്മബന്ധങ്ങളുടെ ഏതോ നൂലിഴയാലാണ്. രവി ഖസാക്കിലേക്ക് എന്തിനു വന്നു എന്ന് ചോദ്യത്തിന് പലവിധ കാരണങ്ങളും പലരും പറഞ്ഞു. നോവലില്‍ ഒരിടത്ത് മൈമുനയുമായി സംസാരിക്കുന്നതിനിടയില്‍ രവി അത് വെളിപ്പെടുത്തുന്നുണ്ട്. 'എന്നെച്ചൊല്ലി വ്യസനിക്കാനാരുമില്ല'. അത് പൊയ്യാണെന്ന് മൈമുന. വിജയന്‍ എഴുതുന്നു: 'ആ പറഞ്ഞതിന്റെ ധാര്‍ഷ്ട്യം അയാളെ പുറകോട്ടുതിരിച്ചു. കുന്നിന്‍ ചെരിവില്‍ കോടമഞ്ഞിലെവിടെയോ നഷ്ടപ്പെട്ട അവരുടെ വീട്ടില്‍ അച്ഛന്റെ കിടപ്പ് അയാള്‍ വീണ്ടും കണ്ടു. നിന്നെയോര്‍ത്ത് ദുര്‍ബ്ബലമായി പിന്നെയും പിന്നെയുമോര്‍ത്ത് ഞാനിവിടെ കിടക്കുന്നു. അച്ഛന്‍ പറയുന്നതുപോലെ രവിയ്ക്കു തോന്നി. അച്ഛന്‍ എന്നെ പ്രതീക്ഷിക്കരുത്. രവി മറുപടി പറഞ്ഞു. ആ ഓര്‍മ്മകളില്‍ നിന്ന് എന്നെയും അച്ഛനെയും വിടുര്‍ത്താനാണ് ഞാന്‍ ആ വീട്ടില്‍ വരാതിരിക്കുന്നത്. ആ ഓര്‍മ്മയില്‍ നിന്നും എന്നില്‍ നിന്നും അകലാന്‍ ഒരു അവധൂതനെ പോലെ ഞാന്‍ നടന്നു നടന്നു പോകുന്നു. അവസാനത്തെ കടല്‍പ്പുറത്ത് തിര വരാന്‍ കാത്തുനില്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മകളരുത്. അപ്പോളച്ഛന്‍ പറഞ്ഞു, വയ്യ, എനിയ്ക്കിങ്ങനെ മരിച്ച കൂടാ. അങ്ങനെ മരിച്ചാല്‍ എന്റെ മരണം പൂര്‍ത്തിയാകാതെ കിടക്കും' (പുറം 142)

 ആസ്‌ട്രോ ഫിസിക്‌സും ഉപനിഷത്തുകളും രസാവഹമായി കലര്‍ന്നിരിക്കുന്ന രവിയുടെ പ്രബന്ധം പോലും കലര്‍പ്പിന്റെ യുക്തിയിലാണ് നിലകൊള്ളുന്നത്. നോവലില്‍ അശരീരി പോലെ ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്. 'സത്തിയം പലത്'. വിജയന്റെ നിരന്തര സന്ദേഹിത്വവും ഈ കലര്‍പ്പും യോജിക്കുന്നത് ഇവിടെ കാണാം. ഉണ്മയെയും പൊയ്യിനെയും അതിന്റെ പലമകളില്‍ ദര്‍ശിക്കുകയാണ് ഖസാക്കില്‍. വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളാണ് 'സത്തിയം പലത്' എന്നതിലൂടെ വിജയന്‍ നല്‍കുന്നത്. ഉദാഹരണം നോക്കുക: 'ഇപ്പടി കോണകമുടുത്ത് ന്ക്കറതിന്റെ സത്തിയം എന്ന?
മറ്റൊന്ന്, കുട്ടാപ്പുനരി പ്രേതത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭം - അപ്പോള്‍ വണ്ടിക്കാരന്‍ ചോദിക്കുന്നു: 'എന്നാ അന്ത ഊര കാട്ടിയതിനോടെ സത്തിയം?' ഇങ്ങനെ സത്യത്തിന്റെ വിവിധ അര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന മിത്തുകളിലൂടെ ഖസാക്കിന്റെ അറിവുപാഠങ്ങള്‍ വിജയന്‍ രൂപീകരിച്ചിരിക്കുന്നു. ഖസാക്ക് എന്ന ദേശത്തിന്റെ ഓരോ അടരുകളും മനുഷ്യനെന്നോ തിര്യക്കെന്നോ ഭേദമില്ലാതെ മിത്തുകളില്‍ മുങ്ങിക്കിടക്കുന്നു. ഈ മിത്തുകളെ സാധൂകരിക്കാനാണോ ഖസാക്കിലെ മനുഷ്യജീവിതങ്ങള്‍ എന്നു തോന്നിപ്പോകും വിധം ശക്തമാണ് അതിന്റെ ഊറിക്കൂടിയ നില.

 ഖസാക്കിനെ സംബന്ധിച്ച് പ്രാധാന്യമുള്ള മറ്റൊരു വസ്തുത അതിലെ കഥാപാത്രങ്ങളാണ്.

അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും തുറന്നു തരുന്ന ഖസാക്കല്ല, സ്ത്രീകളായ മൈമുന, കോടച്ചി, ചാന്തുമ്മ ആബിദ, നാരായണി തുടങ്ങിയവര്‍ കാണിച്ചുതരുന്നത്. കുഞ്ഞാമിനയും കരുവും ചാന്തുമുത്തുവും നൂര്‍ജിഹാനും കുഞ്ഞുനൂറുവും അടക്കമുള്ള കുട്ടികള്‍ തുറന്നു തരുന്ന ഖസാക്കിന്റെ അനുഭവലോകം മറ്റൊന്നാണ്. ഒറ്റയ്ക്ക് നില്‍ക്കുന്ന കഥാപാത്ര നിര്‍മ്മിതി അപ്പുക്കിളിയുടെതാണ്. ഖസാക്ക് ഒരു വിശാലമായ കാടാണെങ്കില്‍ അതിലെ ഒറ്റയാനാണ് അപ്പുക്കിളി. വിജയന്റെ ഭാവനയുടെ ഏറ്റവും പൂരിതമായ അവസ്ഥയില്‍ രൂപം കൊണ്ടതാകണം അപ്പുക്കിളി. ഖസാക്കിലെ ഇരുണ്ടതും ദുരൂഹവുമായ കഥാപാത്രം രവിയാണെന്ന് പലരും ആവര്‍ത്തിക്കുന്നതാണ്. പക്ഷേ അത് അപ്പുക്കിളിയാണ് എന്ന് പറയാന്‍ താല്പര്യപ്പെടുന്നു. അഞ്ച് അമ്മമാരുടെയും നാലപ്പന്മാരുടെയും മകനായി ജനിച്ച അപ്പുക്കിളി പിന്നീട് ആരുമില്ലാത്തവനായി മാറുന്നത് ദുഃഖത്തോടെയേ കാണാന്‍ കഴിയൂ. 'ഈ ക്‌ളിയ്ക്ക് എന്ന്ം അന്തിയാണ്, മാഷ്‌ഷേ' എന്ന് മാധവന്‍നായര്‍ അവനെപ്പറ്റി രവിയോട് പറയുന്നുണ്ട്. ഒരിക്കലും കൂട് പറ്റാതെ പുനര്‍ജ്ജനിയുടെ സ്മരണകളെ കൂടെ കൊണ്ടുനടക്കുന്ന ഈ കുതിരത്തലയന്‍ ഖസാക്കിന്റെ നെടുവരമ്പില്‍ ഏകനായി നിറഞ്ഞു നില്‍ക്കുന്നു. ചാന്തു മുത്തുവിന്റെ ജഡം തങ്ങളു പക്കീരി ചെതലിയിലേക്ക് എടുത്തുകൊണ്ടുപോയതിന്റെ ആറാംദിവസം അപ്പുക്കിളി നിഗൂഡമായി ചെതലിയില്‍ നിന്നിറങ്ങി വരുന്നു. ജട പിടിച്ച് കുപ്പായത്തിന്റെ അവശിഷ്ടങ്ങളില്‍ ചിതലുപിടിച്ച് ഇറങ്ങി വന്ന അവനെ നോക്കി മാധവന്‍നായര്‍ പറയുന്നു: 'ഡാ അപ്പേ, വാല്മീകിയെ, നീയൊന്ന് മുങ്ങിക്കുളിച്ചു വാ, ആ ചെതലൊക്കെ പോട്ടെ' എന്നാണ്. അതിലാര്‍ക്കും അവിടെ അത്ഭുതം ഒന്നും തോന്നുന്നില്ല. മാധവന്‍നായരുടെ പറച്ചില്‍ വളരെ സ്വാഭാവികമായ രീതിയിലാണ്. ഇവിടെയൊക്കെയും ഈ ദുരൂഹത തുടരുന്നു.

'നല്ലമ്മയുടെ വിളയാട്ടം' എന്ന് ഖസാക്കുകാര്‍ വിശ്വസിക്കുന്ന വസൂരി ഖസാക്കിനെ ആകെ പിടിച്ചുലയ്ക്കുമ്പോള്‍ അപ്പുക്കിളി പുനര്‍ജ്ജനിക്കാനുള്ള ആത്മാക്കളെ തന്റെ ജഡയില്‍ പേറി വത്മീകത്തിലിരിക്കുന്നു. രാവുത്തന്മാര്‍ അവന്റെ തല വടിപ്പിച്ച് അവനെ അപ്പു രാവുത്തരാക്കുന്നു. തുര്‍ക്കി തൊപ്പി വെച്ച് അവന്‍ ബൗദ്ധനായി നടക്കുന്നു. കിളിയുടെ ഈ മതം മാറ്റം ഖസാക്കില്‍ വലിയ ചര്‍ച്ചയാവുന്നത് കാണാം. ഖസാക്കിലെ ഭൂരിപക്ഷം ഇതിന്റെ വിധി പറയുന്നു: 'രണ്ടു മതങ്ങളിലും കിളിക്ക് പാറി നടക്കാം. ആഴ്ചയില്‍ കുറേ ദിവസം രാവുത്തനാകാം. പിന്നെ ഈഴവനാകാം.  തയ്യാറാണെങ്കില്‍ ഈഴവനും രാവുത്തനും  കിളിയും ഒരുമിച്ചാകാം. ഖസാക്കില്‍ കിളിയ്ക്ക് മാത്രമുള്ള ചില സ്വാതന്ത്ര്യങ്ങളിലൊന്നാണിത്. ഖസാക്കിലെ പൂര്‍വികരായ ആത്മാക്കള്‍ വസിക്കുന്ന തുമ്പികളെപ്പിടിക്കാന്‍ അനുവാദമുള്ള ഒരേ ഒരാള്‍ അപ്പൂക്കിളിയാണ്. കാരണം അവന്‍ ജന്മാന്തരങ്ങള്‍ അറിഞ്ഞവനാണ്. അവന് മാധവന്‍നായര്‍ ഏച്ചുകൂട്ടി കൊടുക്കുന്ന വിചിത്രമായ കുപ്പായം പോലും ശ്രദ്ധേയമാണ്. അതില്‍ പിന്നീട് അയാള്‍ ദുഃഖിക്കുന്നുവെങ്കില്‍പ്പോലും. 'വെട്ടുതുണികള്‍ ചേര്‍ന്ന് തുന്നി കണങ്കാലോളം വരുന്ന ഒരങ്കിക്കുപ്പായം. മുന്‍വശത്ത് അരിവാളും ചുറ്റികയും ത്രിശ്ശൂലവും. പിന്നില്‍ ഒരു തുണിസഞ്ചിയില്‍ നിന്നും വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിജിയുടെയും ചിത്രങ്ങള്‍'. ഖസാക്കില്‍ കാലംതളം കെട്ടി കിടക്കുന്നത് വളര്‍ച്ച മുരടിച്ചു പോയ അപ്പുക്കിളി എന്ന ഇരുപതുകാരനിലാണ്. ഖസാക്കില്‍ വിജയന്‍ എന്ന ദാര്‍ശനികനും കാര്‍ട്ടൂണിസ്റ്റും ഒത്തുചേര്‍ന്ന് തിരുകിവെച്ച വിധ്വംസകശേഷിയുള്ള കാരിക്കേച്ചര്‍ കഥാപാത്രമാണ്
അപ്പുക്കിളി.

  മുന്‍ മാതൃകകളില്ലാത്ത ഭാഷയും ഭാഷണവുമാണ് ഖസാക്കിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഒ.വി വിജയന്‍ സൃഷ്ടിച്ച ഗദ്യഭാഷ ഇന്നും ഒരത്ഭുതമാണ്. ഓരോന്നും എടുത്തുദ്ധരിക്കാന്‍ തോന്നും വിധം അവസാനം വരെ നീണ്ടുകിടക്കുന്ന ഗംഭീരമായ വാചകങ്ങള്‍ ഖസാക്കില്‍ നിറഞ്ഞിരിക്കുന്നു. ഭാഷയുടെ ഈ ലാവണ്യഭംഗിയില്‍ വായനക്കാര്‍ അഭിരമിച്ചു പോയതും ഖസാക്കിന്റെ വായനാ ചരിത്രത്തില്‍ കാണാവുന്നതാണ്. നായര്‍ - ഈഴവ, തമിഴ്- മലയാളം, ഹിന്ദു- മുസ്ലിം തുടങ്ങിയ വംശഭാഷകള്‍ മുതല്‍ ലിപിയില്ലാത്ത കവറപ്പേച്ചും അപ്പുക്കിളിയുടെ കൊഞ്ഞുള്ള ഭാഷ വരെയും അത് തുടരുന്നു. അന്യോന്യം വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും പേറുന്ന സാംസ്‌കാരിക ലോകമാണ് ഖസാക്ക് തുറന്നിടുന്നത്.

'അപ്പോഴും അസ്തമയത്തിലൂടെ പനന്തത്തകളുടെ ധനുസ്സുകള്‍ പറന്നകന്നുകൊണ്ടിരുന്നു, കല്പക വൃക്ഷത്തിന്റെ കരിക്കിന്‍ തൊണ്ടുകള്‍ ഉതിര്‍ന്നുവീണു, കരിമ്പനപ്പട്ടകളില്‍ കാറ്റുപിടിച്ചു, മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണ്- ഇങ്ങനെയൊക്കെ എഴുതാന്‍ വിജയനു മാത്രമേ കഴിയുകയുള്ളൂ. ഭാഷയുടെ പിടിതരാത്ത ഈ യോഗാത്മകതയും അതീതത്വവും ഖസാക്കിന്റെ ഭാവിജീവിതത്തെ ഭദ്രമാക്കുന്നു.
  
വിജയന്റെ ഉന്നതമായ രാഷ്ട്രീയ ബോധത്തിന്റെ ആരംഭസ്ഥാനം കൂടിയാണ് ഖസാക്ക്. അഞ്ചാം അധ്യായത്തില്‍ നൈസാമലിയിലൂടെയും അവസാന ഭാഗത്ത് രവിയിലൂടെയും നൈസാമലിയിലൂടെയും  ഒരുമിച്ചും തുടരുന്ന വിഡംബന ഹാസ്യം യാന്ത്രിക മാര്‍ക്‌സിസ്റ്റുകളെ കുറച്ചൊന്നുമല്ല വിറളിപിടിപ്പിച്ചത്. ഖസാക്കിന് നേരെയുള്ള അവരുടെ ആക്രമണം ഇത് സാധൂകരിക്കുന്നുമുണ്ട്. എല്ലാ ആധിപത്യ പ്രത്യയശാസ്ത്രങ്ങളെയും എയ്തു വീഴ്ത്താന്‍ പാകത്തില്‍ വിജയന്റെ മൂര്‍ച്ചയേറിയ വാക്കസ്ത്രങ്ങള്‍ ഖസാക്ക് മുതല്‍ സജ്ജമായിരുന്നു എന്ന് നോവലിലെ ഈ സന്ദര്‍ഭങ്ങള്‍ സാക്ഷ്യം പറയുന്നു.

എല്ലാ മയങ്ങിക്കിടക്കുന്ന ഒരു നട്ടുച്ചയിലേക്കാണ് രവി കൂമന്‍കാവില്‍ ബസ്സിറങ്ങുന്നത്. ഇരുളും വെളിച്ചവും സമ്മിശ്രമായി കലര്‍ന്ന ഒരു ഇരുണ്ട നിറമാണ് ഖസാക്കിന് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ആത്യന്തികമായി ജീവിതവും മരണവും ഒളിച്ചു കളിക്കുന്ന മേട് തന്നെയാണല്ലോ ഖസാക്ക് എന്ന യാഥാര്‍ത്ഥ്യം ഇതിനാക്കം കൂട്ടുന്നു. കനിവ് നിറഞ്ഞ വാര്‍ദ്ധക്യത്തോടുള്ള കരുണയില്‍ തുടങ്ങി ബസ്സു വരാനായി കാത്തുകിടക്കുന്ന രവിയുടെ ശാന്തത്തിലേക്കുള്ള പരിണാമമായി ഖസാക്ക് നിറയുന്നു. ഖസാക്കിന്റെ ഇതിഹാസത്തെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു സാഹിത്യ ലോകം സങ്കല്‍പ്പിക്കാനോ പ്രാവര്‍ത്തികമാക്കാനോ സാധ്യമല്ല എന്നതാണ് ഈ കൃതിയുടെ വലിയ ധന്യത. അതെ ഖസാക്ക് സമാനതകളില്ലാത്ത കാലാന്തരാനുഭവം തന്നെ.


 

Content Highlights: reading day 2024 ajeesh g dathan writes novel ov vijayan khasakkinte ithihasam