പ്രണയം പൂത്തുലയുന്ന വാരം; റോസ് ഡേ മുതൽ കിസ് ഡേ വരെ, വാലന്റൈൻസ് വീക്കിലെ ഓരോ ദിവസത്തേയും അടുത്തറിയാം

പ്രണയത്തിന്റെ വർണവും വസന്തവുമാണ് ഫെബ്രുവരിയുടെ അഴകിനുപിന്നിൽ. വാലന്റൈൻസ് ഡേയുടെ ആഘോഷവും ആനന്ദവും ഫെബ്രുവരിയിലാണെന്നതാണ് അതിനുകാരണം എന്നറിയാത്തവർ വിരളം. പ്രണയം പറയാനും പങ്കുവെക്കാനും വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുന്നവരേറെയാണ്.
യുവസൈനികർക്ക് വിവാഹത്തിന് അനുമതി നിഷേധിച്ച ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ തീരുമാനത്തെ ധിക്കരിച്ച് പ്രണയിതാക്കളെ ഒന്നാകാൻ സഹായിച്ച സെന്റ് വാലന്റൈന്റെ സ്മരണയാണ് പ്രണയിതാക്കളുടെ ദിനമായി വാഴ്ത്തപ്പെടുന്നത്. ഫെബ്രുവരി 14-നാണ് വാലന്റൈൻസ് ഡേ എങ്കിലും പ്രണയികൾക്കായി ഫെബ്രുവരി ഏഴിനാരംഭിക്കുന്ന ഒരാഴ്ച നീളുന്ന പ്രണയാനുബന്ധദിവസങ്ങളാണുള്ളത്. പ്രണയദിനമല്ല, പ്രണയവാരമാണ് പ്രണയികളേ നിങ്ങൾക്കുമുന്നിൽ...
ഫെബ്രുവരി 7- റോസ് ഡേ
'പനിനീർപ്പൂ'ദിനമെന്ന് നമുക്കീ ദിനത്തെ വിളിക്കാം. ഈ ദിവസത്തോടെയാണ് വാലന്റൈൻ വീക്ക് ആരംഭിക്കുന്നത്. പല നിറത്തിലുള്ള പനിനീർപ്പൂക്കൾ സമ്മാനമായി നൽകി നമുക്ക് ഇഷ്ടം പ്രകടമാക്കാം. വ്യത്യസ്തനിറങ്ങൾ വ്യത്യസ്തവികാരങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ നിറത്തിലുള്ളവ സൗഹൃദത്തേയും പിങ്ക് നിറത്തിലുള്ളത് ആരാധനയേയും ചുവന്ന നിറത്തിലുള്ള പൂക്കൾ പ്രണയത്തേയും അഭിനിവേശത്തേയും സൂചിപ്പിക്കുന്നു. ഈ ദിനത്തിൽ ചുവന്ന റോസാപ്പൂക്കൾ സമ്മാനിച്ച് നീയെനിക്ക് ഏറെ പ്രിയപ്പെട്ടവൻ / പ്രിയപ്പെട്ടവൾ എന്ന് പറഞ്ഞുറപ്പിക്കുകയാണ് ഓരോ പ്രണയിയും. എന്നാൽ ഓർമ്മിക്കേണ്ട കാര്യമിതാണ്, വെള്ള നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പനിനീർപ്പൂവ് ഒരിക്കലും ഈ ദിവസത്തിൽ സമ്മാനിക്കരുത്. കാരണം വാലന്റൈൻസ് ദിനവുമായി ഒരിക്കലും യോജിക്കാത്തവയാണിവ.
ഫെബ്രുവരി 8: പ്രൊപ്പോസ് ഡേ
ഏറ്റവും പ്രിയപ്പെട്ട വ്യക്തിയോട് എക്കാലവും എനിക്കൊപ്പമുണ്ടാകാമോ എന്നഭ്യർഥിക്കുന്ന ദിവസമാണിത്. ഒകെ എന്നുള്ള മറുപടി കിട്ടിയാൽപ്പിന്നെ ആ ബന്ധത്തിന് അടുത്തഘട്ടത്തിലേക്ക് കടക്കാം. വാലന്റൈൻസ് വാരത്തിൽ ഏറ്റവും ആകാംക്ഷയോടെ പ്രണയികൾ കാത്തിരിക്കുന്ന ദിനം കൂടിയാണിത്.
ഫെബ്രുവരി 9: ചോക്കലേറ്റ് ഡേ
ചോക്കലേറ്റ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. സ്‌നേഹത്തിന്റേയും കരുതലിന്റേയും പ്രതീകമായാണ് പങ്കാളികൾ ചോക്കലേറ്റ് സമ്മാനിക്കുന്നത്. തങ്ങളുടെ പ്രണയബന്ധത്തിന് കൂടുതൽ ഊഷ്മളത പകരാനും ബന്ധം കൂടുതൽ ദൃഢമാക്കാനും ചോക്കലേറ്റ് സമ്മാനിക്കുന്നത് പ്രണയികൾ കാലങ്ങളായി തുടർന്നുവരുന്നു.
ഫെബ്രുവരി 10: ടെഡി ഡേ
ഈ ദിവസം ടെഡി ബെയർ എന്ന കരടിപ്പാവക്കുട്ടിക്കുട്ടികളെ സമ്മാനിക്കുന്ന പ്രണയികളുണ്ട്. സ്‌നേഹത്തിന്റേയും ബന്ധത്തിന്റെ ഊഷ്മളതയേയും സ്വാസ്ഥ്യത്തേയും സൂചിപ്പിക്കുന്നതിനാണ് ടെഡി ബെയർ സമ്മാനിക്കുന്നതിലൂടെ അർഥമാക്കുന്നത്. പ്രണയം കൈമാറുന്നതിന്റെ വളരെ ക്യൂട്ടായ മാർഗമാണിത്.
ഫെബ്രുവരി 11: പ്രോമിസ് ഡേ
പങ്കാളികൾ പരസ്പരം അർഥവത്തായ ഉടമ്പടികൾ പങ്കുവെക്കുന്ന ദിവസമാണിത്. പ്രണയം, വിശ്വാസം, പ്രതിബദ്ധത, സമർപ്പണം തുടങ്ങിയവയൊക്കെ ദൃഢമാക്കാൻ ഈ ദിവസം പ്രണയികളേ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
ഫെബ്രുവരി 12: ഹഗ് ഡേ
മറ്റുള്ളവരോടുള്ള സ്‌നേഹവും കരുതലും വാക്കാലല്ലാതെ പ്രകടമാക്കാനുള്ള മനോഹരമായ പ്രവൃത്തിയാണ് ആലിംഗനം. ഒരാലിംഗനത്തിലൂടെ ഒരാളോടുള്ള സ്‌നേഹവും അടുപ്പവും ഏറ്റവും വ്യക്തമായി പ്രകടിപ്പിക്കാം.
ഫെബ്രുവരി 13: കിസ് ഡേ
ചുംബനദിനമാണ് അടുത്തത്. പ്രണയത്തെ ഏറ്റവും സ്പഷ്ടമായി പ്രകടമാക്കാം ചുംബനത്തിലൂടെ. പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടയാളം കൂടിയാണ് ചുംബനം. പരസ്പരബന്ധം ഊട്ടിയുറപ്പിക്കാനും ചംബനത്തിലൂടെ സാധ്യമാകും. ഇതിനുപിന്നാലെയാണ് പ്രണയദിനമെത്തുന്നത്.
Content Highlights: The week of love kicks off on February 7 with Rose Day and progresses through Propose, Chocolate, Teddy, and Promise Days. Each day from February 7 to February 13 focuses on unique expressions of affection, leading up to the grand finale on February 14.