ആസിഡ് മുതൽ കൊലക്കത്തി വരെ; ‘പ്രണയപ്പക’യുടെ മനഃശാസ്ത്രം

വീണ്ടും ഒരു പ്രണയ ദിനം. ഓർക്കുമ്പോൾ തന്നെ പ്രണയ കൊലപാതകങ്ങൾ ആണ് ആദ്യം മനസ്സിലേക്ക് ഓടി വരുന്നത്. പ്രണയം കൂടിക്കൂടി ഒടുക്കം കൊലപാതകത്തിൽ എത്തുന്നു. പ്രണയിക്കുന്നവർക്കിടയിൽ ശരിക്കും എന്താണ് സംഭവിക്കുന്നത്? പ്രണയം നിരസിക്കുന്നത് താങ്ങാനുള്ള കരുത്ത് മനസ്സിനില്ല. പെട്ടെന്ന് ഒരു ശൂന്യത വന്ന് ചേരുന്ന അവസ്ഥ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് നഷ്ടമാകുന്നത് ഓർക്കാൻ കൂടി അവർക്കാവുന്നില്ല. പ്രണയം ഒഴുകുന്ന നേരം പെട്ടെന്ന് തടയിണ ഇടുന്ന പോലെ ആണ് ഒരോ പ്രണയ തിരസ്‌ക്കാരവും.
ചില പാട്ടുകളിൽ മുൻപ് കമിതാക്കൾ കാനനത്തിൽ ഒപ്പം വരട്ടെ എന്ന് ചോദിക്കുന്ന നേരം വേണ്ട, അതൊക്കെ അപകടം എന്ന് പറയുമ്പോൾ, ഇപ്പോൾ വീട്ടിൽ ഡാഡി മമ്മി ഒന്നുമില്ല വരുന്നോ എന്ന് ചോദിക്കുന്നവരാണ്. പുതിയ കാലഘട്ടത്തിലെ പലരും എന്ന് സൂചിപ്പിക്കുന്ന ചില ഗാനങ്ങൾ സത്യത്തിൽ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ്. പ്രണയം എന്നത് സെക്സ് മാത്രമായി ചിലർക്കൊക്കെ എന്നാണ് അർത്ഥം.
ചെറുപ്പത്തിൽ എല്ലാറ്റിലും വിജയിക്കണം തോൽവി, വളരെ മോശമായ ഒന്നാണ് എന്ന ഒരു സന്ദേശം ആണ് എത്തിക്കുന്നത് മാതാപിതാക്കൾ. പരാജിതനായ ഒരാളെ ആർക്കും ആവശ്യമില്ല. അതൊരു കഴിവ് കേടാണ് എന്ന നിലയ്ക്ക് പറയുമ്പോൾ പരാജയത്തെ ഭയത്തോടെ കാണുന്നു. പലപ്പോഴും ഇത്തരത്തിലെ കുറ്റപ്പെടുത്തലകൾ അവരുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്നു. എന്തിലും വിജയിക്കണം ,എല്ലാം നേടിയെടുക്കണം എന്ന മനോഭാവം ആണ് , ഇതിന് എതിരായി സംഭവിക്കുമ്പോൾ അവർ ആകെ അസ്വസ്ഥരാവുന്നു.
എന്തെല്ലാം വിചാരങ്ങളിലൂടെയും, വികാരങ്ങളിലൂടെയുമാണ് ഒരാൾ പ്രണയം നിരസിക്കുന്ന നിമിഷം പോവുന്നത് എന്ന് നോക്കാം.
താൻ ഒന്നിനും കൊള്ളാത്ത ഒരാൾ എന്ന ഒരു തോന്നൽ ചിലർക്ക് ഉണ്ടാകാം. ഇത്ര നാൾ തന്നെ സ്നേഹിച്ച ആൾക്ക് താൻ ഇനി വേണ്ട എന്ന് പറയുമ്പോൾ അവർക്ക് അത് സ്വീകരിക്കാൻ സാധിക്കില്ല. തനിക്ക് കിട്ടാത്തത്, ഇനി വെറെ ഒരാൾക്കും വേണ്ട എന്ന ഒരു തോന്നൽ ചിലർക്ക് ഉണ്ടാകാം. സ്വാർഥത നിറയുന്ന നിമിഷം ആണിത്. സെൽഫ് എസ്റ്റീം കുറയുന്നു,ആത്മവിശ്വാസം കുറയുന്നു. ആത്മഹത്യാ പ്രവണത, ഡിപ്രഷൻ ഒക്കെ ഇവർക്ക് ഉണ്ടാകാം. തന്നെ ആർക്കും ഇഷ്ടമല്ല, ഞാൻ ഇനി എന്തിന് ജീവിക്കണം, എന്ന രീതിയിൽ ഇവർ ചിന്തിക്കും.
എപ്പോഴും എതിർഭാഗം വേണ്ട എന്ന് പറയുന്നത്ര വിഷമം അവരായി വേണ്ടന്ന് വെയ്ക്കുന്നതിൽ വരില്ല, കാരണം വേണ്ട എന്ന് പറയുന്നത് അവരാണ്. അവിടെ അവരുടെ വിജയം ആയി കാണും. മറിച്ച് മറ്റേ ഭാഗം തങ്ങളെ നിരസിക്കുമ്പോൾ, അത് അഭിമാനക്ഷതമായി കരുതും.
വേറെ ചിലർക്ക് അവരെ സ്നേഹിക്കുന്ന ആൾക്ക് അവരെ വേണ്ട എന്ന് പറയുമ്പോൾ, തനിക്കിനി ഒരാളെയും സ്നേഹിക്കാൻ സാധിക്കില്ല എന്ന തോന്നൽ ആണ് ഉണ്ടാവുന്നത്. ആ ഒരു ചിന്ത അവരുടെ മാനസിക നില താളം തെറ്റിക്കും
പെട്ടെന്ന് ഒരാൾ നഷ്ടമാവുന്നു. തന്നെ ഇനി വേണ്ട, അങ്ങിനെ എങ്കിൽ അവളെ ആരും ഇഷ്ടപ്പെടരുത്, അവളെ എല്ലാവരും നിരസിക്കണം, അങ്ങനെയെങ്കിൽ അവൾ തന്നെ തേടി തിരിച്ച് എത്തും എന്ന് കരുതുന്നു. ഇവരാണ് ആസിഡ് ഒക്കെ എറിയുന്നത്. ഉയരെ സിനിമയിൽ ആസിഫ് അലി പ്രണയം കൂടി പൊസസ്സീവ്നെസ് തോന്നി ആസിഡ് എറിയുന്നത് ഉദാഹരണമാണ്. ചിലർ അവരുടെ ജീവൻ തന്നെ എടുക്കാൻ ശ്രമിക്കും. തങ്ങളെ ചതിച്ചു എന്ന ഒരു ചിന്തയാണ് കൂടുതൽ വരുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുടുംബ ബന്ധങ്ങളിലെ അകൽച്ച ഇതിനൊരു കാരണമാണ്. താൻ നഷ്ടപ്പെട്ടാൽ മാതാപിതാക്കൾ സങ്കടത്തിലാവും എന്ന് കരുതുന്നില്ല. ബന്ധങ്ങളിലെ തീവ്രത കുടുംബങ്ങളിൽ കുറയുന്നു. ആശയവിനിമയം കുറവാണ് കുടുംബങ്ങളിൽ. എല്ലാവരും അവരവരുടെ ലോകത്താണ്.
കുട്ടികളെ ചെറുപ്പത്തിലെ സ്പോർട്‌സ് ഒക്കെ കളിക്കാൻ വിടണം. തോറ്റ് പഠിക്കട്ടെ. തോൽവി സ്വീകരിക്കാൻ പഠിക്കണം അവർ. തോറ്റതിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ ആണ് ജീവിത വിജയം. എഡിസൺ ബൾബ് കണ്ടുപിടിച്ചത് കുറേ ശ്രമത്തിലൂടെയാണ്. ഒരോ പരാജയവും ഒരോ അറിവാണ്. എന്തും ജയിച്ച് ശീലമുള്ള കുട്ടികൾക്ക് വളരുമ്പോൾ, ജയിക്കാൻ എന്തും ചെയ്യാം എന്ന മനോഭാവം വരും. മറ്റൊരാളിന്റെ വേദന അവർക്ക് അറിയുന്നില്ല.
അതിനാൽ, 'നോ' പറയാൻ പഠിപ്പിച്ച പോലെ നോ' സ്വീകരിക്കാനും പഠിപ്പിക്കണം. ഒരു സ്ത്രീ തന്നെ വേണ്ട എന്നു വെച്ചാൽ എനിക്കിനി ആരുമില്ല എന്ന ചിന്ത മാറ്റി, ഒരോ വ്യക്തിക്കും, മൂല്യമുണ്ട് എന്നറിയണം, തന്നെ സ്നേഹിക്കുന്നവർ വെറെയുണ്ട് എന്നറിയണം.
പ്രണയത്തിൽ സ്വാതന്ത്ര്യം വേണം, കഴുത്ത് മുറുക്കി പിടിച്ച് ഭീഷണിയാവരുത്,ആദ്യം പൊസസ്സീവ്നെസ് ഇഷ്ടപ്പെടും ,
തന്നെ നോക്കുന്നതും, അധികാര മനോഭാവവും ഒക്കെ അന്നേരം ആസ്വദിക്കും. പിന്നെ നിന്ന് തിരിഞ്ഞാൽ പോലും റിപ്പോർട്ട് ചെയ്യണം, എവിടെ പോയി? എന്തിന് പോയി?
ആരോടും മിണ്ടരുത് നീ എന്നിങ്ങനെ. നിബന്ധനകൾ വെയ്ക്കുമ്പോൾ പ്രണയം മടുപ്പാവും. രക്ഷപ്പെടാൻ നുണകൾ പറയും തുടക്കത്തിൽ പാസ്‌വേർഡ് ഒക്കെ കൊടുക്കും ചിലർ. അത് ശല്യമായി മാറും. പിന്നീട് സംശയം തുടങ്ങും. അവിടെ സ്വാതന്ത്ര്യം ആഗ്രഹിക്കാൻ തുടങ്ങും. പിന്നെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.
പരസ്പരം സ്‌പേസ് കൊടുക്കണം. ബഹുമാനിക്കണം. നോ പറയുന്നത് സ്വീകരിക്കാൻ സാധിക്കണം.
പ്രണയം.. അർഥം തന്നെ മാറുന്ന കാലമാണ്. പ്രണയ ദിനം ഒരു ദിവസത്തിൽ മാത്രമല്ല മറിച്ച് എന്നും പ്രണയം മനസ്സിലാണ് വേണ്ടത്. ഒരാളെ മാറ്റിമറിക്കാനുള്ള കെൽപ്പ് പ്രണയത്തിനുണ്ട്. യഥാർഥ പ്രണയം ഒരാളെ പോസിറ്റീവാക്കം. ആത്മവിശ്വാസം കൂട്ടും. സെൽഫ് എസ്റ്റീം കൂട്ടും.
സൗഹൃങ്ങളിലേക്കെത്തുമ്പോൾ, ദൃഢമായ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കണം. തകർച്ചയിൽ ആശ്വാസമാവാൻ കഴിയുന്ന സുഹൃത്തുക്കൾ ഉണ്ടാവണം. എന്നാൽ ഇപ്പോൾ ആർക്കും സമമയമില്ല. സൗഹൃദങ്ങളും കുറഞ്ഞു.
നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ വളർച്ചയുടെ ആദ്യഘട്ടം മുതൽ ശ്രദ്ധ വേണ. സ്‌നേഹമുള്ള കുടുംബം എന്തും തുറന്നപറയാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ നിർബന്ധമാണ്.
നമുക്കുള്ളത് നമ്മുക്ക് തന്നെ, പോകാൻ ഉള്ളവർ പോകും എന്ന റിയാലിറ്റി മനസിലാക്കണം എന്നാലെ പ്രണയം ഒഴുകുകയുള്ളൂ.
(സൈക്കോളജിസ്റ്റും തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻ മെമ്പറുമാണ് ലേഖിക)
Content Highlights: Psychologist Smitha Satheesh explores the dark psychology behind 'love-driven' crimes. She highlights how poor resilience, fear of failure, and lack of parental guidance on accepting rejection lead to obsession, acid attacks, and violence.