കനത്ത തിരിച്ചടി നേരിട്ടേക്കാം: ഓഹരി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി സാമ്പത്തിക സര്‍വേ

യു.എസ് ഓഹരി വിപണിയിലെ ചെറിയ തിരുത്തല്‍പോലും ഇന്ത്യയെ കാര്യമായി സ്വാധീനിക്കുമെന്ന് സാമ്പത്തിക സര്‍വെ. യു.എസ് വിപണിയിലെ ഉയര്‍ന്ന മൂല്യവും ശുഭാപ്തിവിശ്വാസത്തോടെയുള്ള നീക്കവും 2025ല്‍ കനത്ത തിരുത്തലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി സര്‍വെയില്‍ പറയുന്നു.
ഇക്കാര്യം വിശദീകരിക്കാന്‍ ഷില്ലറുടെ എസ്ആന്‍ഡ്പി CAPE അനുപാതവും(ചാക്രികമായി ക്രമീകരിച്ച വില-വരുമാന അനുപാതം) കൂട്ടുപിടിക്കുന്നുണ്ട്. കുതിപ്പ് മൂലം യു.എസ് വിപണി ആകര്‍ഷകമല്ലാതായിരിക്കുന്നു. ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്നും സാമ്പത്തിക സര്‍വെ ചൂണ്ടിക്കാണിക്കുന്നു.
വിപണി വികാരത്തോടൊപ്പമുള്ള റാലികള്‍ പലപ്പോഴും ദുര്‍ബലമാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയോടൊപ്പം ആത്മവിശ്വാസം അസ്ഥാനത്താകുമെന്നും ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍വെ വിലയിരുത്തുന്നു. നിലവിലെ സാഹചര്യം വിപണിക്ക് അനുകൂലമല്ല. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കനത്ത തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലെ 85,978.25 എന്ന റെക്കോഡ് ഉയരത്തില്‍നിന്ന് സെന്‍സെക്‌സ് 8,700 പോയന്റ്(11%)ഇടിവ് നേരിട്ടിരിക്കുന്നു. ജനുവരിയില്‍ വിപണി നെഗറ്റീവിലാണ് ക്ലോസ് ചെയ്യുക. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് തിരുത്തല്‍ നേരിടേണ്ടിവരുന്നത്. 2001ന് ശേഷം ഇതുവരെ കാണാത്ത പ്രവണതയാണ് വിപണിയിലുള്ളത്. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പന, മൂന്നാം പാദത്തിലെ ദുര്‍ബലമായ വരുമാനക്കണക്കുകള്‍, സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിന്റെ ആശങ്കകള്‍ എന്നിവക്കിടയിലാണ് രാജ്യത്തെ വിപണിയിലെ സമീപകാല തകര്‍ച്ചയെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രമാണ് യു.എസിലേത്. 2023ലും 2024ലിലും കൂടി എസ്ആന്‍ഡ്പി 500 സൂചിക 56 ശതമാനം ഉയര്‍ന്നു. വാള്‍സ്ട്രീറ്റിന്റെ പ്രിയങ്കരനായ ട്രംപിന്റെ വിജയം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പ്രതീക്ഷിച്ച അത്ര നിരക്ക് കുറയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 100 ബേസിസ് പോയന്റില്‍നിന്ന് 50 ബേസിസ് പോയന്റിലേക്ക് നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍ താഴുന്നത് അനിശ്ചിതത്വവും റിസ്‌കും കൂട്ടുന്നതായി സാമ്പത്തിക സര്‍വെ പറയുന്നു.
രാജ്യത്തെ വിപണിക്ക് റീട്ടെയില്‍ നിക്ഷേപകരുടെ കനത്ത പിന്തുണയുണ്ടെങ്കിലും ചരിത്രം പരിശോധിക്കുമ്പോള്‍ യുഎസ് വിപണിയുമായി ബന്ധപ്പെട്ട അപകട സാധ്യതതകള്‍ അവഗണിക്കാനാവില്ല. അതായത് ഇന്ത്യന്‍ ഓഹരി വിപണി യുഎസ് വിപണിയിലെ ചലനങ്ങളോട് വളരെ 'സെന്‍സിറ്റീവ്' ആണെന്നാണ് ചരിത്രംനല്‍കുന്ന പാഠം. 2000 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ദിവസേനയുള്ള സൂചികയുടെ ചലനങ്ങള്‍ വിശകലനം ചെയ്യമ്പോള്‍ ഇത് വ്യക്തമാകും. എസ്ആന്‍ഡ്പി 500 പത്ത് ശതമാനത്തിലധികം തകര്‍ച്ചനേരിട്ട 22 സന്ദര്‍ഭങ്ങളില്‍, നെഗറ്റീവ് റിട്ടേണ്‍ ആണ് നിഫ്റ്റി രേഖപ്പെടുത്തിയത്.
ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയിലെ പ്രത്യാഘാതങ്ങള്‍ കനത്തതാകാം. പ്രത്യേകിച്ച് ചെറുപ്പക്കാരായ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ച സാഹചര്യത്തില്‍. കോവിഡിന് ശേഷം വിപണിയിലെത്തിയവരാണല്ലോ ഭൂരിഭാഗം റീട്ടെയില്‍ നിക്ഷേപകരും. കുത്തനെയുള്ളതും ഏറെക്കാലം നീണ്ടുനിന്നതുമായ വിപണിയിലെ തകര്‍ച്ച അവര്‍ക്ക് പരിചയമുള്ളതല്ലല്ലോ-സര്‍വെ വിലയിരുത്തുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വിലയിരുത്തലാണ് സാമ്പത്തിക സര്‍വെ മുന്നോട്ടുവെയ്ക്കുന്നത്.
Content Highlights: Economic Survey warns of India`s vulnerability to US market corrections.