ആവശ്യപ്പെട്ടത് 24000 കോടി,വയനാട് പാക്കേജുൾപ്പടെയൊന്നും പരിഗണിച്ചില്ല; കേരളത്തിന് പൊതുവില്‍ നിരാശ

നിർമല സീതാരാമൻ, കെ.എൻ.ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി
നിർമല സീതാരാമൻ, കെ.എൻ.ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് പൊതുവെ നിരാശ. ദീര്‍ഘകാലത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് വായ്പയായി വകയിരുത്തിയ ഒന്നരലക്ഷം കോടിയിലെ വിഹിതവും പാലക്കാട് ഐഐടിക്കുള്ള സഹായവും മാത്രമാണ് കേരളത്തെ സംബന്ധിച്ച്‌ ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചത്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. കൂടാതെ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടിയുടെ പാക്കേജ്,  മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സിൽവർ ലൈൻ, ദീർഘകാലാവശ്യമായ എയിംസ്‌, ശബരി പാത തുടങ്ങി പല സുപ്രധാനവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റില്‍ ഇടംപിടിച്ചില്ല

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട് പാക്കേജും കേരളം അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനും വിശാലാർത്ഥത്തിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. അതേ സമയം ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി

പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികള്‍ക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വര്‍ഷത്തേക്ക് നല്‍കും. എഐ പഠനത്തിന് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തല്‍ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. പാലക്കാട് ഐഐടി വികസനത്തിന് മാത്രമാണ് തുക അനുവദിച്ചത്. കൂടാതെ തുറമുഖ വികസനത്തിനായി അനുവദിച്ച പദ്ധതിയുടെ ഗുണം കേരളത്തിന് ലഭിക്കുമെന്നതൊഴിച്ചാൽ വിഴിഞ്ഞം പ്രത്യേക പാക്കേജിലും പ്രതികരണമുണ്ടായില്ല.

സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടത്. വയനാട് പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി,  പ്രവാസികൾക്കുള്ള പദ്ധതിക്കായി 300 കോടി, കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന ദുരന്തങ്ങൾക്കായി 4,500 കോടി, റബറിന്  താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1,000 കോടിയുടെ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2,117 കോടി, തിരുവനന്തപുരം ആർസിസിയുടെ വികസനത്തിനായി 1,293 കോടി, നെല്ലു സംഭരണത്തിന് 2,000 കോടി, തീരദേശത്തെ കടലാക്രമണവും തീരശോഷണവും നേരിടാന്‍ 2,329 കോടി, സില്‍വര്‍ലൈന്‍, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു റെയില്‍പാതകള്‍ക്ക് അനുമതിയും ഫണ്ടും, തുടങ്ങി 14 ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചിരുന്നത്. 


 

Content Highlights: Kerala receives little in Union Budget despite requesting 24k crore package for economic crisis