പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ നീക്കിവെച്ചത് 6.81 ലക്ഷം കോടി രൂപ

ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ വൻതുക നീക്കിവെച്ച് നിർമലാ സീതാരാമൻ. ഇത്തവണത്തെ ബജറ്റിൽ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത് 6.81 ലക്ഷം കോടിരൂപയാണ്. കഴിഞ്ഞ ബജറ്റിനേക്കാൾ ഒമ്പത് ശതമാനത്തിന്റെ വർധനവാണ് പ്രതിരോധമേഖലയ്ക്കായി അനുവദിച്ച തുകയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞബജറ്റില്‍ ഇത് 6.2 ലക്ഷം കോടിയായിരുന്നു
ആകെ അനുവദിച്ചതിൽ 4.88 ലക്ഷം കോടിയും പ്രതിരോധ സേനകളുടെ ശമ്പളം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, ഓപ്പറേഷണൽ ചിലവുകൾ എന്നിവയ്ക്ക് വേണ്ടി മാത്രമാണ്. ഇതില്‍ 1.60 ലക്ഷം കോടി പെന്ഷന് വേണ്ടി ചെലവാകും. 1.92 ലക്ഷം കോടി രൂപ ആയുധ സംഭരണം, ആധുനികവത്കരണം, സേനയുടെ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി ചെലവാക്കാം.
എഐ, ആദായനികുതി ഇളവ്, ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമാക്കിയത്, തെരുവ് കച്ചവടക്കാർക്ക് വായ്പ, ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചത് മുതിർന്ന പൗരന്മാർക്ക് ഒരുലക്ഷം വരെ നികുതിയിളവ് തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.
സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. അതേസമയം ബീഹാറിന് വാരിക്കോരി നൽകിയ ബജറ്റിനെതിരെ വിമർശനവുമുയർന്നിട്ടുണ്ട്.
Content Highlights: 6.81 lakh crore rupees for defense sector the budget 2025