സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്‌ സ്വാഗതാർഹം- എം.പി. അഹമ്മദ്‌

കോഴിക്കോട്‌:  സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്‌ക്കാനുള്ള ബജറ്റ്‌ നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന്‌ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം പി അഹമ്മദ്‌ പറഞ്ഞു.  അഗ്രിക്കൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ സെസ്‌ അടക്കം 15 ശതമാനമാണ്‌ ഇറക്കുതി ചെയ്യുന്ന സ്വർണത്തിന്‌തീരുവയായി നിലവിൽ ഈടാക്കിയിരുന്നത്‌.  അത്‌ 6 ശതമാനമായി കുറയ്‌ക്കാനുള്ള ധീരമായ തീരുമാനമാണ്‌  ധനമന്ത്രി നിർമല സീതാരാമൻ എടുത്തത്‌. സ്വർണത്തിന്റെ തീരുവയോടൊപ്പം വെള്ളിയുടെ തീരുവയും 6 ശതമാനമായി കുറച്ചിട്ടുണ്ട്‌. പ്ലാറ്റിനത്തിന്റെത്‌ 6.4 ശതമാനമായും കുറച്ചു.  അതും ശരിയായ ദിശയിലുള്ള തീരുമാനമാണ്‌.  ധനമന്ത്രിയെയും യൂണിയൻ ഗവൺമെന്റിനെയും ഇക്കാര്യത്തിൽ ഹാർദമായി അഭിനന്ദിക്കുന്നു.  
 
സ്വർണാഭരണ മേഖയിലെ വ്യാപാരികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്‌ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്‌ക്കണമെന്നത്‌.  തീരുവയുടെ 60 ശതമാനം കുറയ്‌ക്കാനുള്ള തീരുമാനം, ഇന്ത്യയുടെ സമ്പദ്‌ഘടനക്ക്‌ ഭീഷണിയായി വളർന്ന സ്വർണം കള്ളക്കടത്ത്‌ ഗണ്യമായി കുറയ്‌ക്കും.  കാരണം, ഡ്യൂട്ടി കുറച്ചതോടെ കള്ളക്കടത്ത്‌ ആകർഷകമല്ലാതായി.  ഇന്നത്തെ നിരക്കിൽ ഒരു കിലോ ഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9.82 ലക്ഷം രൂപ ഡ്യൂട്ടി അടയ്‌ക്കേണ്ടതുണ്ടായിരുന്നു.  ബജറ്റ്‌ പ്രഖ്യാപനത്തോടെ അത്‌ 3.93 ലക്ഷം രൂപയായി കുറഞ്ഞു.  
 കള്ളക്കടത്ത്‌ സ്വർണത്തിന്റെ വരവ്‌ നിയന്ത്രിക്കപ്പെടുന്നത്‌ ആത്യന്തികമായി സമ്പദ്‌ഘടനക്ക്‌ വലിയ പ്രയോജനം ചെയ്യും.  കള്ളക്കടത്തിന്റെ ഭാഗമായി വളരുന്ന മാഫിയ ശ്രംഖല തകർക്കാൻ ഈ തീരുമാനം വഴി സർക്കാരിന്‌ കഴിയും.  ആഭ്യന്തരമായി, സംഘടിത ജ്വല്ലറി രംഗത്ത്‌ ബിസിനസിന്‌ വളർച്ചയുണ്ടാകും.  അതിന്റെ ഭാഗമായി യൂണിയൻ ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും ജിഎസ്‌ടി, ഇൻകം ടാക്സ്  ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കും.  ഉപഭോക്താക്കളെ സംബന്ധിച്ച്‌, സ്വർണാഭരണങ്ങളുടെ വിലയിൽ ഗണ്യമായ കുറവ്‌ ബജറ്റ്‌ പ്രഖ്യാപനത്തോടെ വന്നുകഴിഞ്ഞു.  ജ്വല്ലറി ബിസിനസ്‌ വർധിക്കാൻ അത്‌ സഹായിക്കും.  
 
ഇറക്കുമി തീരുവ കുറച്ചതിന്റെ തുടർച്ചയായി അനധികൃത സ്വർണ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൂടി ഉണ്ടാവുമെന്ന്‌ ജ്വല്ലറി മേഖല പ്രതീക്ഷിക്കുന്നുണ്ട്‌.  ജിഎസ്‌ടി വെട്ടിയ്‌ക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കാൻ യൂണിയൻ–-സംസ്ഥാന സർക്കാരുകൾ തയാറാകണം.  ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചാൽ  നികുതി വെട്ടിപ്പ്‌ പൂർണമായി തടയാൻ കഴിയുമെന്ന്‌ എം പി അഹമ്മദ്‌ പറഞ്ഞു.  
 
മൂന്നാം നരേന്ദ്രമോദി ഗവൺമെന്റിന്റെ ആദ്യ ബജറ്റ്‌ പൊതുവെ സ്വാഗതാർഹമാണ്‌.  രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്‌ തൊഴിലില്ലായ്‌മ.  കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും യുവജനങ്ങളുടെ നൈപുണ്യവികസനത്തിനും 1.48 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.  വ്യവസായ സ്ഥാപനങ്ങളിൽ യുവജനങ്ങൾക്ക്‌ ഒരുവർഷത്തെ ഇന്റേൺഷിപ്പ്‌ നൽകാനും ഇന്റേൺഷിപ്പ്‌ ചെയ്യുന്നവർക്ക്‌ പ്രതിമാസം അയ്യായിരം രൂപ അലവൻസ്‌ നൽകാനുമുള്ള തീരുമാനം തികച്ചും ഭാവനാപൂർണമാണ്‌.  അഭ്യസ്തവിദ്യരുടെ തൊഴിൽസാധ്യത വർധിപ്പിക്കാൻ ഈ പരിപാടി സഹായിക്കും.   കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം രൂപ നീക്കിവെച്ചു എന്നതും സർക്കാർ ശരിയായ ദിശയിലാണ്‌ മുന്നോട്ടുപോകുന്നതെന്ന്‌ സൂചിപ്പിക്കുന്നു.  തൊഴിൽ ലഭ്യമാക്കുന്ന തൊഴിലുടമകൾക്ക്‌ ആനുകൂല്യം നൽകാനുള്ള തീരുമാനം ക്രിയാത്മകമാണ്‌.  അടുത്ത അഞ്ചുവർഷത്തിനകം 20 ലക്ഷം യുവജനങ്ങൾക്ക്‌ വിവിധ തൊഴിലുകളിൽ നൈപുണ്യം നേടിക്കൊടുക്കാനുള്ള പദ്ധതി തൊഴിലില്ലായ്‌മ കുറയ്‌ക്കാൻ സഹായിക്കും.  ഗ്രാമീണ മേഖലയുടെ വികസനത്തിന്‌ 2.66 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.  മൂലധനച്ചെലവിന്‌ 11 ലക്ഷം കോടി രൂപ മാറ്റിവെച്ചതും സ്വാഗതാർഹമാണ്‌.  
 
കോവിഡ്‌ മഹാമാരിക്കുശേഷം ഇന്ത്യൻ സമ്പദ്‌ഘടനയിൽ വലിയ വളർച്ചയുണ്ടായെന്നാണ്‌ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവെ വ്യക്തമാക്കുന്നത്‌.  ഈ സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) 6.5 മുതൽ 7 ശതമാനം വരെ വളർച്ചയുണ്ടാകുമെന്നാണ് സർവെയുടെ കണക്കുകൂട്ടൽ.  ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ വളർച്ചയുടെ പ്രതിഫലനമുണ്ടാകുമെന്ന്‌ അഹമ്മദ്‌ പറഞ്ഞു. ടാക്സ് ഇവേഷനെതിരെ പ്രവർത്തിക്കുക എന്നത് പൊതുജനങ്ങൾക്കും മീഡിയകൾക്കും ബാധകമാണ്. സർക്കാരിന് ടാക്സ് നൽകുക എന്നത് ഏതൊരു റെസ്പോൺസിബിൾ സിറ്റിസണിന്റെയും ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി വെട്ടിപ്പിനെതിരെ പ്രവർത്തിക്കുക എന്നത് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടേയുമെല്ലാം ഉത്തരവാദിത്തമാണ്. സർക്കാരിന് കൃത്യമായി നികുതി നൽകുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: excise duty on gold malabar group mp ahamad national budget 2024