'പ്രൊഫസര്‍' ഫ്യുന്തെ; അനുഭവങ്ങളിലൂടെ വാര്‍ത്ത ടീം, സ്‌പെയിനിനെ യൂറോ രാജാക്കന്മാരാക്കിയതെങ്ങനെ?

#സന്തോഷ് വാസുദേവ്‌
Photo | AFP
Photo | AFP

‘‘എന്റെ അഭിപ്രായത്തിൽ സ്പെയിനാണ് ലോകത്തെ മികച്ച ടീം. യൂറോകപ്പ് വിജയത്തോടെ അതു സ്ഥിരീകരിച്ചു.’’-യൂറോ വിജയത്തിനുശേഷം സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുയന്തെ പറഞ്ഞു. യൂറോയിൽ സ്പെയിനിന്റെ കളി കണ്ടവർക്ക് ആ വാക്കുകളോട് വിയോജിപ്പുണ്ടാകില്ല.

സർവം വിജയം

ടൂർണമെന്റിലെ ഏഴു മത്സരങ്ങളും ജയിച്ചാണ് സ്പെയിൻ കിരീടമണിഞ്ഞത്. എല്ലാ മേഖലയിലും എതിരാളികളെ മറികടന്ന കുതിപ്പ്. കളിക്കാരനെന്നനിലയിൽ ഫ്യുയന്തെയ്ക്ക് ഏറെ നേട്ടങ്ങൾ അവകാശപ്പെടാനില്ല. 1990-കളിൽ സ്പെയിനിലെ പ്രാദേശിക ക്ലബ്ബുകളെ പരിശീലിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട്, താൻ കളിച്ച അത്‌ലറ്റിക്കോ ബിൽബാവോയുടെ യൂത്ത് ടീം പരിശീലകനായി. 2022- ലെ ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിൻ പെനാൽട്ടി ഷൂട്ടൗട്ടിൽ മൊറോക്കോയോട് തോറ്റ് പുറത്തായതോടെ പരിശീലകൻ ലൂയിസ് എൻറികെ രാജിവെച്ചു. ഇതോടെയാണ് ഫ്യുയന്തെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. തുടർന്ന് നടന്ന 21 മത്സരങ്ങളിൽ 17-ലും ഫ്യുയന്തെ ടീമിനെ വിജയത്തിലെത്തിച്ചു. രണ്ടു മത്സരം സമനിലയായപ്പോൾ രണ്ടെണ്ണം തോറ്റു (വിജയ ശതമാനം 80.95). സ്പെയിനിനെ 2023-ലെ നേഷൻസ് ലീഗ് ചാമ്പ്യന്മാരാക്കിക്കൊണ്ട് നേട്ടങ്ങൾക്കു തുടക്കമിട്ടു.

സ്വന്തം ടീം

2022 ഡിസംബറിൽ പരിശീലകസ്ഥാനം ഏറ്റെടുത്ത ഫ്യുയന്തെ സ്വന്തമായൊരു ടീം കെട്ടിപ്പടുത്തു. അതിന് തുണയായത് സ്വന്തം അനുഭവങ്ങളും.

2013 മുതൽ അദ്ദേഹം വിവിധ യൂത്ത് ടീമുകളെ പരിശീലിപ്പിക്കുന്നു. സ്പെയിനിന്റെ അണ്ടർ-‌19 ടീമിനെ 2019-ൽ യൂറോ ചാമ്പ്യന്മാരാക്കി. 2019-ൽ അണ്ടർ 21 യൂറോ കപ്പ് നേടി. ടോക്യോ ഒളിമ്പിക്സിൽ അണ്ടർ 23 ടീം റണ്ണറപ്പായി.

ഇത്തവണത്തെ യൂറോ കപ്പിലെ മികച്ച താരമായ റോഡ്രി, ടീമംഗങ്ങളായ ഗോൾകീപ്പർ ഉനായ് സിമൺ, മികെൽ മെറിനൊ എന്നിവർ ഫ്യുയന്തെയുടെ കീഴിൽ 2015-ൽ യൂറോ നേടിയ അണ്ടർ 19 ടീമിലുണ്ടായിരുന്നു.

ഫാബിയൻ റൂയിസ്, ഡാനി ഒൽമോ, ഫൈനലിൽ വിജയഗോൾ നേടിയ മികെൽ ഒയർസാബെൽ എന്നിവർ 2019-ൽ യൂറോ നേടിയ അണ്ടർ 21 ടീമംഗങ്ങളാണ്. ഫെറാൻ ടോറസ്, പെദ്രി, മാർക് കുക്കുറെല്ല എന്നിവരെയും വിവിധ യൂത്ത് ടീമുകളിൽ പരിശീലിപ്പിച്ചു.

പ്രൊഫസർ

സ്പെയിനിൽ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിക്കുന്നവർക്ക് ഫ്യുയന്തെ ക്ലാസെടുത്തിരുന്നു. അതുകൊണ്ട് ടീമംഗങ്ങൾക്കിടയിൽ ‘പ്രൊഫസർ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. തന്റെ ആശയങ്ങൾക്കനുസരിച്ചു കളിക്കുന്നവരെയാണ് കോച്ച് ടീമിലെടുത്തത്. അക്കാര്യത്തിൽ കർക്കശക്കാരനായിരുന്നു. ടീമംഗങ്ങൾക്ക് അധിക സമ്മർദം നൽകാത്ത ശൈലി.

പന്ത് കൂടുതൽ സമയം കൈവശം വെച്ചിട്ടും ടീം തോൽക്കുന്ന അവസ്ഥയ്ക്ക് ഫ്യുയന്തെ പരിഹാരം കണ്ടു. വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങൾക്ക് പ്രാധാന്യം നൽകി.

ദേശീയ ടീമിൽ ബാഴ്സലോണ, റയൽ മഡ്രിഡ് താരങ്ങളുടെ അതിപ്രസരം ഇല്ലാതാക്കി. 26 അംഗ ടീമിൽ എട്ടു പേരാണ് ഈ രണ്ടു ടീമുകളിൽനിന്നായി ഉണ്ടായിരുന്നത്.

യൂറോ കപ്പുവരെ കരാറുണ്ടായിരുന്ന ഫ്യുയന്തെ ടീമിൽ തുടരുമോ എന്നാണ് ഉറ്റുനോക്കുന്നത്. യു.എസിന്റെ പരിശീലകസ്ഥാനത്തേക്ക് ഫ്യുയന്തെയെ നോട്ടമിട്ടതായി സൂചനയുണ്ട്. എന്നാൽ, 2026 ലോകകപ്പുവരെ ഫ്യുയന്തെ സ്പെയിനിൽ തുടർന്നേക്കുമെന്നാണ് വാർത്തകൾ.

Content Highlights: spain head coach luis de la fuente