സമനിലപ്പൂട്ട് പൊളിക്കാനാകാതെ യുക്രൈന്‍ പുറത്ത്; ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍, എതിരാളി ഫ്രാന്‍സ്

സ്റ്റട്ട്ഗര്‍ട്ട്: യൂറോ കപ്പ് ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയത്തിനെതിരേ ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയ യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന യുക്രൈന് പക്ഷേ ബെല്‍ജിയം പ്രതിരോധം ഭേദിക്കാനായില്ല. ഗ്രൂപ്പിലെ സ്ലൊവാക്യ - റൊമാനിയ മത്സരം സമനിലയില്‍ കലാശിച്ചതോടെ നാലു പോയന്റ് സ്വന്തമാക്കിയിട്ടും യുക്രൈന് പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടിവന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി റൊമാനിയയും രണ്ടാം സ്ഥാനക്കാരായി ബെല്‍ജിയവും മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായി സ്ലൊവാക്യയും പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്നു ടീമിനും മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റ് വീതമാണുള്ളത്. ജൂണ്‍ 29-ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.
സസ്‌പെന്‍ഷനിലുള്ള ഡോഡി ലൂക്ക്ബാക്കിയോക്ക് പകരം ട്രൊസാര്‍ഡിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബെല്‍ജിയം ഇറങ്ങിയത്. യുക്രൈന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. ഡിന്‍സില്‍ സിന്‍ചെങ്കോയ്ക്കും യാര്‍മൊലെങ്കോയ്ക്കും പകരം സാറ്റോക്കും മൈക്കൊലെങ്കോയുമെത്തി. മൈഖയ്‌ലോ മഡ്രിക്കിന് പകരം യാരെംചുക്കും ഇടംനേടി.
പ്രശസ്ത ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ് ഹെര്‍ജിന്റെ ഏറെ പ്രശസ്തമായ കോമിക് കഥാപാത്രമായ ടിന്‍ടിന്റെ വസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നീലയും കാപ്പിയും കലര്‍ന്ന ജേഴ്‌സി ധരിച്ചാണ് ബെല്‍ജിയം ടീം ഇറങ്ങിയത്.
കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ കെവിന്‍ ഡിബ്രുയ്ന്‍ ബെല്‍ജിയത്തിന് ആദ്യ അവസരമൊരുക്കി. പന്തുമായി മുന്നേറി ഡിബ്രുയ്ന്‍ നല്‍കിയ പാസില്‍ നിന്നുള്ള റൊമേലു ലുക്കാക്കുവിന്റെ ദുര്‍ബലമായ ഷോട്ട് യുക്രൈന്‍ ഗോളി അനട്ടോളി ട്രൂബിന്‍ അനായാസം പിടിച്ചെടുത്തു.
പിന്നീട് 42-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പക്ഷേ യുക്രൈന് ഗോളാക്കാന്‍ സാധിച്ചില്ല. ബെല്‍ജിയം പ്രതിരോധം പിളര്‍ത്തി ഷപരെങ്കോ നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറി യാരെംചുക് നല്‍കിയ ക്രോസ് വലയിലെത്തിക്കാന്‍ പക്ഷേ ആര്‍ട്ടെം ഡൊവ്ബിക്കിന് സാധിക്കാതെപോയി. ആദ്യപകുതിയിലുടനീളം പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത് ബെല്‍ജിയമായിരുന്നു.
എന്നാല്‍ യുക്രൈന്‍ പ്രതിരോധം ഭേദിക്കാന്‍ ബെല്‍ജിയത്തിനായില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ലുക്കാക്കു പൂര്‍ണമായും നിരാശപ്പെടുത്തി. ജെറെമി ഡോക്കുവും ഡിബ്രുയ്‌നും അധ്വാനിച്ച് കളിച്ചിട്ടും ഫലമുണ്ടായില്ല.
73-ാം മിനിറ്റില്‍ മികച്ചൊരു ടീം മുന്നേറ്റത്തിനൊടുവില്‍ യാന്നിക്ക് കരാസ്‌കോയുടെ ഗോളെന്നുറച്ച ഷോട്ട് യുക്രൈന്‍ ഗോളി ട്രൂബിന്‍ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ഡൊവ്ബിക്ക് ഒറ്റയ്ക്ക് പന്തുമായി മുന്നേറി ബെല്‍ജിയം ബോക്‌സിലേക്ക് കയറിയെങ്കിലും വുട്ട് ഫെയസിന്റെ കൃത്യമായ ഇടപെടല്‍ ബെല്‍ജിയത്തെ രക്ഷിച്ചു. പിന്നാലെ 83-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ മലിനോവ്‌സ്‌കി നേരേ പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി കാസ്റ്റീല്‍സിന്റെ മനസാന്നിധ്യം ബെല്‍ജിയത്തെ രക്ഷിച്ചു. പന്ത് ഗോള്‍വര കടക്കാന്‍ ഇഞ്ചുകള്‍ മാത്രമുള്ളപ്പോഴായിരുന്നു കാസ്റ്റീല്‍സിന്റെ സേവ്.
പിന്നാലെ ജയം അനിവാര്യമായിരുന്ന യുക്രൈന്‍ ഒന്നിനു പിന്നാലെ ഒന്ന് എന്ന കണക്കെ ബോല്‍ജിയം ബോക്‌സിലേക്ക് ആക്രമിച്ചുകയറിയെങ്കിലും ബെല്‍ജിയം പ്രതിരോധവും ഗോളി കാസ്റ്റീല്‍സും ഉറച്ചുനിന്നതോടെ ഫലം നിരാശയായി.
Content Highlights: euro cup 2024 ukraine vs belgium match ends in draw ukraine are out