യൂറോ കപ്പില്‍ സ്‌പെയിന്‍-ഫ്രാന്‍സ് സെമി ഇന്ന്; തോല്‍ക്കാത്തവര്‍ തമ്മില്‍ നേര്‍ക്കുനേര്‍

മ്യൂണിക്: യൂറോകപ്പ് ഫുട്‌ബോൾ ഫൈനൽ ലക്ഷ്യവുമായി മുൻചാമ്പ്യന്മാർ നേർക്കുനേർ. നാലാംകിരീടം ലക്ഷ്യമിടുന്ന സ്പെയിനും രണ്ടുവട്ടം കിരീടമുയർത്തിയ ഫ്രാൻസുമാണ് സെമിയിൽ പോരാടുന്നത്. ചൊവ്വാഴ്ച ഇന്ത്യൻസമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.
പരാജയമറിയാതെയാണ് ഇരുടീമുകളും മുന്നേറിയത്. സ്പെയിൻ ക്വാർട്ടറിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സെമിയിൽ സ്ഥാനമുറപ്പിച്ചപ്പോൾ ഫ്രാൻസ് പെനാൽട്ടി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ മറികടന്നു.
ചാമ്പ്യൻഷിപ്പിൽ അഞ്ചുമത്സരങ്ങളും ജയിച്ച ഏകടീമാണ് ലൂയിസ് ഡി ലാ ഫ്യൂന്തെയുടെ സ്‌പെയിൻ. അതുകൊണ്ടുതന്നെ സ്പെയിനിനാണ് കളിയിൽ നേരിയ മുൻതൂക്കം കല്പിക്കപ്പെടുന്നത്. യൂറോ ചരിത്രത്തിൽ ഇതുവരെ ആരും നേടിയിട്ടില്ലാത്ത തുടരെ ആറുജയം എന്ന റെക്കോഡാണ് ലാ റോജ ടീമിനെ കാത്തിരിക്കുന്നത്.
ലൂയിസ് എൻറീക്കെക്കുശേഷം സ്ഥാനമേറ്റ ഫ്യൂന്തെ തന്ത്രങ്ങളിൽവരുത്തിയ മാറ്റമാണ് ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. പന്ത് കൂടുതൽ വരുതിയിൽനിർത്തുന്ന ടിക്കി ടാക്ക ശൈലിയിൽനിന്ന് ടീം ഏറെമാറി. ജർമനിക്കെതിരേ 48 ശതമാനവും ക്രൊയേഷ്യക്കെതിരേ 47 ശതമാവും മാത്രമായിരുന്നു ടീമിന്റെ പൊസഷൻ. വേഗമേറിയ പാസുകളും മുന്നേറ്റങ്ങളുമാണ് പുതിയ ടീമിന്റെ മുഖമുദ്ര.
ഇതുവരെ മത്സരിച്ച അഞ്ചു യൂറോ സെമികളിൽ നാലിലും സ്പെയിനിന് ജയിക്കാനായി. കഴിഞ്ഞതവണ ഇറ്റലിയോട് തോറ്റു. 2012-ലാണ് അവസാനമായി യൂറോ കിരീടം ചൂടിയത്.
നാലാം ഫൈനലാണ് ദിദിയർ ദെഷോമിന്റെ ഫ്രഞ്ച് ടീം ലക്ഷ്യമിടുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോറ്റതിനുശേഷം ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. യൂറോയിലും തപ്പിയും തടഞ്ഞുമായിരുന്നു ഫ്രഞ്ച് മുന്നേറ്റം. ഗ്രൂപ്പിൽ ഓസ്ട്രിയക്കുപിന്നിൽ രണ്ടാംസ്ഥാനക്കാരായാണ് രണ്ടാംറൗണ്ടിലെത്തിയത്. പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരേ വിജയംനേടിയത് സെൽഫ് ഗോളിലാണ്. ഗോൾരഹിത സമനിലയ്ക്കുശേഷം പെനാൽട്ടി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ മറികടന്നു.
ഗോൾവരൾച്ച നേരിടുന്ന ഫ്രാൻസിന് ക്യാപ്റ്റൻ കിലിയൻ എംബാപ്പയുടെ മോശം ഫോം ആശങ്കയുണർത്തുന്നു. പെനാൽട്ടി ഗോളിലും സെൽഫ് ഗോളിലുമാണ് ടീം ഇതുവരെ വിജയംനേടിയത്. എന്നാൽ, സൂപ്പർ സ്റ്റാർ എംബാപ്പെ ഉൾപ്പെടുന്ന മുന്നേറ്റനിര സെമിയിൽ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് ദെഷോം.
സ്‌പെയിൻ ടീമിൽ മൂന്നുമാറ്റങ്ങൾ
സ്‌പെയിൻ ടീമിൽ മൂന്നുമാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
റൈറ്റ് ബാക്ക് ഡാനി കർവാജലും ഡിഫന്റർ റോബിൻ നോർമൻഡും സസ്‌പെൻഷൻ കാരണം കളിക്കില്ല. നാച്ചോയും ജെസ്യൂസ് നവാസും പകരക്കാരാവും. പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒൽമോതന്നെ കളിക്കും. മുൻനിരയിൽ അൽവാരൊ മൊറാട്ടയെ സഹായിക്കാൻ നിക്കോ വില്യംസും ടീനേജ് താരം ലാമിൻ യമാലും ഉണ്ടാവും.
ഫ്രഞ്ച് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. മിഡ് ഫീൽഡർ അഡ്രിയൻ റാബിയോട്ട് സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തും. എന്നാൽ, പോർച്ചുഗലിനെതിരേ മികച്ച പ്രകടനം നടത്തിയ എഡ്യുറാഡോ കാമവിംഗയെ മാറ്റി റാബിയോട്ടിന് അവസരം നൽകുമോ എന്നത് കാണേണ്ടതാണ്.
സാധ്യതാ ടീം
സ്‌പെയിൻ: സിമൊൺ, നവാസ്, നാച്ചൊ, ലപോർട്ടെ, കുകുറെല്ല, ഒൽമോ, റോഡ്രി, ഫാബിയൻ റിയൂസ്, യമാൽ, മൊറാറ്റ, വില്യംസ്.
ഫ്രാൻസ്: മെയ്ഗ്നൻ, കുണ്ടെ, സാലിബ, ഉപാമെകാനൊ, ഹെർണാണ്ടസ്, കാന്റെ, ചൗമേനി, കാമവിംഗ, ഗ്രീസ്മാൻ, കോളോ മുവാനി, എംബാപ്പെ.
ഫ്രാൻസ്-സ്‌പെയിൻ പ്രധാനമത്സരങ്ങൾ
1. 1984 യൂറോ ഫൈനല്‍
ഫ്രാന്‍സ് 2 - സ്‌പെയിന്‍ 0
2. 2000 യൂറോ ക്വാര്‍ട്ടര്‍
ഫ്രാന്‍സ് 2 - സ്‌പെയിന്‍ 1
3. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടര്‍
ഫ്രാന്‍സ് 3 - സ്‌പെയിന്‍ 1
4. 2012 യൂറോ ക്വാര്‍ട്ടര്‍
സ്‌പെയിന്‍ 2 - ഫ്രാന്‍സ് 0
5. 2021 യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഫൈനല്‍
ഫ്രാന്‍സ് 2 - സ്‌പെയിന്‍ 1
Content Highlights: euro cup 2024 france vs spain