സ്വാതന്ത്ര്യവും സര്‍ഗാത്മകതയും പോഷിപ്പിക്കുന്നതാവണം അധ്യാപനം | മാറണോ അധ്യാപനം?

#സാന്ദ്ര.എസ്
Photo: freepik.com
Photo: freepik.com

'Education is not the filling of a pot, but the lighting of a fire' - WB Yeats 

അധ്യാപനം എപ്പോഴും വിദ്യാര്‍ഥി കേന്ദ്രീകൃതമായിരിക്കണമെന്നും സ്പൂണ്‍ ഫീഡിങ് ആകരുതെന്നും പറയാറുണ്ടെങ്കിലും അധ്യാപകകേന്ദ്രീകൃതമായ പഠനരീതി കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്നതും തുടരുന്നതുമായ ഒരു പ്രതിഭാസമാണ്. എന്നിരുന്നാലും എല്ലാ അധ്യാപകരെയും ഒരേ അളവുകോല്‍ ഉപയോഗിച്ച് അളക്കാനുമാവില്ല. 'ടീച്ചിങ്' എന്ന സങ്കല്‍പത്തെ തന്നെ ശിഥിലമാക്കുകയും 'ലേണിങ്' എന്ന പദത്തിനെ ഊന്നിപ്പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന അധ്യാപകരുണ്ട്. അതേസമയം അധ്യാപകകേന്ദ്രീകൃതമായ രീതിയെ ചിലര്‍ ഏകാധിപത്യമായി സ്ഥാപിക്കുന്നവരുമുണ്ട്.  

ഒരു വിദ്യാര്‍ഥിക്ക്, അധ്യാപകന്‍ പകര്‍ന്നുകൊടുക്കുന്ന അറിവ് കുത്തിനിറക്കപ്പെടേണ്ടതല്ല. വിദ്യാര്‍ഥിക്ക് പാത കണ്ടെത്തുന്നതിനായി വെളിച്ചം തെളിയിച്ചുകൊടുക്കലാണ് അവരുടെ ദൗത്യം. ഒരു പുസ്തകത്തിന്, ഒരു പേനയ്ക്ക്, ഒരു കുട്ടിക്ക്, ഒരു അധ്യാപകന് ഈ ലോകത്തെ മാറ്റാന്‍ കഴിയണമെങ്കില്‍ ചിന്തിക്കാനും തന്റെ ആശയങ്ങള്‍ പുനരുത്പാദിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും ലഭിക്കേണ്ടതുണ്ട്.

അധ്യാപനരീതികളിലേക്ക് വരുമ്പോള്‍, ഭാഷ പഠിപ്പിക്കുന്നതിലുള്ള പിഴവ് ഇന്നും കേരളത്തിലെ സ്‌കൂളുകളില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ്. സാധാരണയായി ഒരു വ്യക്തി ഭാഷ പഠിക്കുന്നത് കേള്‍ക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക എന്നാ ക്രമത്തിലാണ്. പക്ഷെ നമ്മുടെ സ്‌കൂളുകളില്‍ മാതൃഭാഷ ഒഴികെ മറ്റേതു ഭാഷയുടെ പഠനം പരിശോധിച്ചാലും അത് നേരെ തിരിഞ്ഞ ക്രമത്തിലാണ് സംഭവിക്കുന്നത്. എഴുത്തില്‍ ആരംഭിച്ചു കേള്‍ക്കലില്‍ ആണ് അതിനു ദുരന്തപര്യവസാനമുണ്ടാകുന്നത്. അടിസ്ഥാനമില്ലാത്ത കെട്ടിടത്തിന്റെ അവസ്ഥയും മറിച്ചൊന്നല്ല. 

ശരിയായ അധ്യാപനം ഉന്നതവിദ്യാഭ്യാസത്തിലല്ല, പ്രാഥമികത്തലത്തില്‍ തന്നെ ആരംഭിക്കേണ്ടതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പുരോഗതി അവഗണിക്കാന്‍ കഴിയുന്ന ഒന്നല്ല. പക്ഷെ അധ്യാപകന്റെ ഭൗതികമായ സാമീപ്യത്തിന്റെ പങ്ക് മനസിലാക്കേണ്ടതും അത്യാവശ്യമാണ്. ഓഫ്‌ലൈന്‍ ക്ലാസുകളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കയ്യടക്കിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വെളിച്ചം തെളിയിക്കേണ്ട അധ്യാപകരായി സാങ്കേതികവിദ്യ മാറുകയാണ്. അധ്യാപകന്‍, വിദ്യാര്‍ഥി, ബെഞ്ച്, ഡസ്‌ക്, ചോക്ക്, ബ്ലാക്‌ബോഡ് എന്നിവയ്‌ക്കെല്ലാം ഓണ്‍ലൈന്‍ രൂപമാറ്റം വന്നുകഴിഞ്ഞു 

ഓണ്‍ലൈന്‍ സാങ്കേതികവിദ്യയും സ്പൂണ്‍ ഫീഡ് ചെയ്യുന്നുണ്ട്, അതിനോടൊപ്പം തന്നെ ചിന്തിക്കാനും, ഓര്‍ത്തുവെക്കാനുമുള്ള അവസരവും തുറന്നിടുന്നുണ്ട്. സാങ്കേതികവിദ്യയെ കണ്ടില്ലെന്നു നടിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ക്ലാസ്സ്മുറികളുടെ ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ അനുപാതം 50:50 ആക്കി നിലനിര്‍ത്തുകയാണ് അഭികാമ്യം. സാങ്കേതികവിദ്യയുടെ സ്വാധീനം പരിമിതപ്പെടുത്താനല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമ്പര്‍ക്കം നിലനിര്‍ത്താനെങ്കിലും ഈ അനുപാതം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 

വിഴുങ്ങാനും പകര്‍ത്താനുമുള്ള അറിവാണ് അധ്യാപകര്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ളത്. അത് മാറേണ്ടതുണ്ട്. ഭാഷ കൃത്യമായി സ്വായത്തമാക്കാനുള്ള അധ്യാപനരീതികള്‍ നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ലാപ്ടോപ്പുകള്‍ക്കൊപ്പം മനുഷ്യന്റെയും പുസ്തകങ്ങളുടെയും സാമീപ്യം പഠനത്തില്‍ നമുക്ക് ഉറപ്പിക്കേണ്ടതുണ്ട്. ശരിയായ അധ്യാപനം വെളിച്ചം പകരലാണ്. അതിനു വേണ്ടി ചിന്തിക്കാന്‍, പ്രതിഫലിപ്പിക്കാന്‍, വ്യാഖ്യനിക്കാന്‍ സഹായിക്കുന്ന അധ്യാപനരീതികളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.

Content Highlights: Teachers'day 2023, teaching, how to teach, teacher and student, Teaching and Learning