കുരുത്തംകെട്ടവന്‍ എന്ന ലേബലില്‍ അല്ലാതെ അവനെ ഞാന്‍ നോക്കിയിട്ടില്ല

കുട്ടികളെ നിരീക്ഷിക്കുന്നത് ഒരു രസമാണ്. നമ്മുടെ നോട്ടമെത്തും മുന്‍പേ കണ്ണും ചെവിയും കൊണ്ടുള്ള ആന്റിനകള്‍ കൊണ്ട് അതവര്‍ ഗ്രഹിച്ചു കഴിഞ്ഞിരിക്കും. ചോദ്യങ്ങള്‍ കാത്തിരിക്കുന്ന ഉപകരണം പോലെ ഉത്തരങ്ങള്‍ പ്രീ-പ്രിന്റഡ് പോലെ ഒഴുകും. കേള്‍ക്കുമ്പോഴേ അതിലെ കള്ളങ്ങള്‍ മനസിലാക്കി ഉള്ളില്‍ ചിരിച്ച് കോപം കാണിച്ച പോലെ ചുവക്കും അധ്യാപകന്‍. പക്ഷെ, അവനോട് ശരിക്കും ദേഷ്യം തന്നെ ആയിരുന്നു ആദ്യം. കുരുത്തംകെട്ടവന്‍ എന്ന ലേബലില്‍ അല്ലാതെ അവനെ കാണാന്‍ കഴിഞ്ഞിട്ടില്ലെനിക്ക്. കുട്ടികളോട് കൂട്ടുകാരെ പോലെ പെരുമാറാന്‍ കഴിയാതിരുന്ന ഒരു തലമുറയുടെ പ്രതിനിധി ആയിരിക്കെ, അവന്‍ എന്റെ ശത്രുവായിത്തീരുക സ്വാഭാവികം.
ക്ലാസ്സില്‍ പലപ്പോഴും വിചിത്ര ശബ്ദണ്ടാക്കി മറ്റുള്ളവരെ ചിരിപ്പിച്ചു ശ്രദ്ധാകേന്ദ്രമാകുന്ന അവനെ കണ്ടു പിടിക്കാന്‍ ഒരു ദിവസം എല്ലാവരെയും അഞ്ചര മണി വരെ ഇരുത്തേണ്ടി വന്നു. നേരത്തെ പോകേണ്ടിയിരുന്നവരില്‍ ചിലര്‍ ഒറ്റിയത് കൊണ്ട് മാത്രം അവന്‍ പിടിക്കപ്പെട്ടു. സ്വാഭാവിക പരിണാമത്താല്‍ സംഹാര മൂര്‍ത്തി ആയെങ്കിലും, ഇരയെ തട്ടി കളിക്കുന്ന പൂച്ചയെ പോലെ അവനില്‍ കുരുക്കിട്ട് അന്നവനെ വിട്ടു കളഞ്ഞു. ഒന്നും പറയാന്‍ ദേഷ്യം അനുവദിച്ചില്ല എന്നതാവാം കാരണം.
പക്ഷേ, അന്നൊരിക്കല്‍ അവന്റെ വീട്ടിലേക്ക് പിന്നാലെ ചെന്നതും കരച്ചില്‍ വന്ന് തൊണ്ടയടഞ്ഞു പോയി. ആ രൂപത്തെ വീടെന്ന് വിളിക്കാനാവില്ല. പത്തോളം പേര്‍ ഒരുമിച്ച് ഉണ്ടുറുങ്ങുന്ന ഒരു കുടുസുമുറി. ഹോം വര്‍ക്ക് ചെയ്യാത്തതിന് അവനെ ഞാനെങ്ങനെ വഴക്ക് പറയും. ആ ഒറ്റമുറിയില്‍ അതിന് കൂടി സ്ഥലമെവിടെ? വൈദ്യുതി പോയിട്ട് മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടം പോലും കാര്യമായില്ലാത്ത ആ വീട്ടിലിരുന്ന് രാത്രി പഠിച്ചിട്ട് വരാന്‍ ഞാനെങ്ങനെ പറയും? 'പഠിക്കണം, അമ്മയെ നന്നായി നോക്കണം ' എന്ന് മാത്രം പറഞ്ഞ് ഞാന്‍ തിരിക്കിട്ടിറങ്ങി.
തിരിച്ചു വന്നപ്പോള്‍ ഞാനിരിക്കുന്ന വീട് എനിക്ക് ആര്‍ഭാടമായി തോന്നി. രാത്രി ഉറക്കത്തില്‍ കടുത്ത മഴയില്‍ ഞാന്‍ നനഞ്ഞു. ഉറക്കെ നിലവിളിച്ചു കൊണ്ട് മകള്‍ നനഞ്ഞുവോ എന്ന് തൊട്ട് നോക്കി. അവള്‍ ഉറങ്ങുന്നു. പക്ഷെ അവന്‍ നനയുന്നുണ്ട്. മറ്റൊരിടത്ത്. ആ നനവെന്നെ പൊള്ളിക്കുന്നുണ്ട്. ഇപ്പോഴും
(കോഴിക്കോട് വടകര മേമുണ്ട എച്ച്.എസ്.എസ് അധ്യാപികയാണ് ലേഖിക)
Content Highlights: teachers day 2023, experience