'വിറച്ചു വിറച്ചു കൈനീട്ടിയ ഞങ്ങള്‍ ഓരോരുത്തര്‍ക്കമായി ടീച്ചര്‍ രണ്ട് അടി വീതം തന്നു'

വെള്ളി മേഘ ശകലങ്ങളാം നുര.......
തുള്ളിച്ചു കൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞു പോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!
ഒരു മലയാളം അധ്യാപികയായ ഞാന്‍ എത് ക്ലാസ്സില്‍ കവിത പഠിപ്പിക്കുമ്പോഴും ആദ്യം മൂളിപ്പോവുന്ന ഈണം. കുമാരനാശാന്റെ പുഷ്പവാടിയിലെ വരികള്‍. സുന്ദരിയായ ഒരു മലയാളം ടീച്ചര്‍ എന്നെ ആറാം ക്ലാസില്‍ പഠിപ്പിച്ചതാണാ വരികള്‍. ആര്‍ദ്രതയാര്‍ന്ന ആ ഈണവും അംബിക ദേവിയെന്ന ആ അധ്യാപികയും ഇന്നും മനസില്‍ ഒളി മങ്ങാതെ കിടക്കുന്നു.
അംബിക ദേവി ടീച്ചര്‍ ആയിരുന്നു ആറാം ക്ലാസില്‍ എന്റെ ക്ലാസ്സ് ടീച്ചറും മലയാളം ടീച്ചറും. ഇരുനിറം നല്ല ഐശ്വര്യമുള്ള മുഖം. ചുരുണ്ട മുടി. നന്നായി പാട്ടുപാടും. ചെവിയുടെ ഇരുവശങ്ങളിലുമായി നല്ല ഭംഗിയില്‍ ഇറക്കി വെട്ടിയൊതുക്കിയ മുടിച്ചുരുളുകളും ചുവന്ന വലിയ പൊട്ടും ടീച്ചറുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി. പ്രത്യേകരീതിയില്‍ സാരിയുടെ മുന്താണി ചുമലിലേക്ക് ഞൊറിഞ്ഞു കുത്തി, മാച്ച് ചെയ്യുന്ന ബ്ലൗസുമിട്ട് ടീച്ചര്‍ ക്ലാസിലേക്ക് വരുന്നത് ഞങ്ങള്‍ കുട്ടികള്‍ കാത്തിരുന്നു. വളരെ അപൂര്‍വമായി മാത്രം ദേഷ്യം വരുന്ന ടീച്ചര്‍ ഞങ്ങളെയും ഞങ്ങള്‍ ടീച്ചറെയും മതിമറന്നു സ്നേഹിച്ചു. ടീച്ചറുടെ ഏറ്റവും വലിയ ആകര്‍ഷണീയത വടി എടുക്കാതെ ക്ലാസ്സില്‍ വരുന്നതായിരുന്നു. കവിത പഠിപ്പിക്കുമ്പോള്‍ ടീച്ചറുടെ ഈണത്തില്‍ ലയിച്ചു ഞങ്ങള്‍ കേട്ടിരിക്കും. ഗദ്യ പാഠങ്ങള്‍ രസകരമായി അവതരിപ്പിക്കാനുള്ള കഴിവ് അപാരം.
മിക്കവാറും കവിത ക്ലാസ്സുകളില്‍ ആദ്യം എന്നെക്കൊണ്ട് കവിത ചൊല്ലിച്ചാണ് പാഠാവതരണം. തുടര്‍ന്ന് ടീച്ചര്‍ വളരെ മധുരതരമായ ഈണത്തില്‍ കവിത ചൊല്ലും. പിന്നീട് വ്യത്യസ്ത ഈണങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെടും. അങ്ങനെ ഒരു കവിത പല ഈണങ്ങളില്‍ ചൊല്ലി ആസ്വദിക്കുന്ന രീതി ഞങ്ങളെയെല്ലാം കവിതാപാഠങ്ങള്‍ ഇഷ്ടപ്പെടാന്‍ ശീലിപ്പിച്ചു..
ഇനിയാണ് മറക്കാനാവാത്ത ആ സംഭവം അരങ്ങേറിയത്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ആ ദിവസം ഉച്ച കഴിഞ്ഞ് രണ്ടാം പീരിയഡ് ഞങ്ങള്‍ക്ക് പി.ടി ആയിരുന്നു. ഞങ്ങള്‍ സ്‌കൂളിന് പിന്നിലുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് കളിക്കാന്‍ പോയി. കളിയുടെ സ്പിരിറ്റില്‍ സമയം പോയതറിഞ്ഞില്ല. ഉച്ചകഴിഞ്ഞുള്ള ഇന്റര്‍വെല്ലിന് ശേഷം ക്ലാസ്സില്‍ തിരിച്ചു കയറാനുള്ള ബെല്ലടിച്ചത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നെയും കുറെ സമയത്തിന് ശേഷം 'കളിച്ചു ബോറടിച്ചപ്പോള്‍' ആണ് ഞാനടക്കം ആറേഴു കുട്ടികക്ക് സ്ഥലകാല ബോധം വന്നത്. ക്ലാസ്സിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ ഞങ്ങള്‍ ആകെ ഭയന്നു. ഒരിക്കല്‍ പോലും വടിയെടുത്തു കണ്ടിട്ടില്ലാത്ത അംബികദേവി ടീച്ചര്‍ അതാ കയ്യിലൊരു വടിയുമായി ദേഷ്യഭാവത്തോടെ. എപ്പോഴും ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന ടീച്ചര്‍ കയ്യില്‍ വടിയുമായി നില്‍ക്കുന്നത് കണ്ടപ്പോഴേ കൂട്ടുകാരികളില്‍ ഒരാളായ സരോജിനി കരച്ചില്‍ തുടങ്ങി. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. വെപ്രാളത്തോടെ ചെന്നതും ടീച്ചര്‍ ഒന്നും ചോദിച്ചില്ല. പകരം 'കൈ നീട്ട്' എന്ന് മാത്രം പറഞ്ഞു. വിറച്ചു വിറച്ചു കൈനീട്ടിയ ഞങ്ങള്‍ ഓരോരുത്തര്‍ക്കമായി ടീച്ചര്‍ രണ്ട് അടി വീതം തന്നു. ആദ്യത്തെ അടിയില്‍ തന്നെ ഞാന്‍ പിടഞ്ഞു പോയി.
ടീച്ചര്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയത് പോലുമില്ല. അടികൊണ്ട് കൈ വേദനിച്ചതില്‍ ആയിരുന്നില്ല, താന്‍ ഇത്രമാത്രം ഇഷ്ടപ്പെടുന്ന ടീച്ചര്‍ തന്നെ തല്ലിയല്ലോ എന്നതിലായിരുന്നു സങ്കടം. എങ്കിലും . ദുഃഖം കൊണ്ടും അപമാനഭാരം കൊണ്ടും തല കുനിഞ്ഞു.മാത്രമല്ല അമ്മ അറിഞ്ഞാല്‍ ഉള്ള അവസ്ഥ.അമ്മാവന്റെ മകള്‍ മിക്കവാറും വീട്ടില്‍ ഈ വിവരമെത്തിക്കും.
ഇന്നത്തേതില്‍ നിന്നും വ്യെത്യസ്തമായിരുന്നു അന്ന്.അന്നൊക്കെ സ്‌കുളിലെ ഏതെങ്കിലും അദ്ധ്യാപകരുടെ കയ്യില്‍ നിന്നും അടി വാങ്ങി വീട്ടിലെത്തിയാല്‍ സ്‌കൂളില്‍ നിന്നും അടി വാങ്ങിയതിനുള്ള അടി വേറെ കിട്ടുമായിരുന്നു. ഓര്‍ക്കുന്തോറും സങ്കടം ഏറിവന്നു. ഒരു അധ്യാപിക കുട്ടിയുടെ മനസ്സില്‍ നേടിയെടുക്കുന്ന സ്ഥാനം എത്രമാത്രം വലുതാണെന്നുള്ളതിനുള്ള തെളിവായിരുന്നു ആ ദുഃഖം.അന്ന് ഞാനനുഭവിച്ച ആ നീറ്റല്‍.....പിറ്റേ ദിവസം പരുങ്ങലോടെ ഞാന്‍ സ്‌കൂളിലെത്തി. തലേന്നത്തെ സംഭവത്തിന്റെ യാതൊരു ലാഞ്ചന പോലും അംബികദേവി ടീച്ചറുടെ മുഖത്തോ പെരുമാറ്റത്തിലോ ഞാന്‍ കണ്ടില്ല. പതിവുപോലെ ടീച്ചര്‍ എന്നോട് കവിത ചൊല്ലാന്‍ പറഞ്ഞു. ഉരുണ്ടു കൂടിയ കണ്ണീര്‍തുള്ളികള്‍ക്കിടയിലൂടെ പുസ്തകത്തിലെ അക്ഷരങ്ങള്‍ എന്റെ കണ്ണില്‍ നൃത്തം ചെയ്തു. എന്റെ സങ്കടമെല്ലാം ആ സങ്കടപ്പെയ്ത്തില്‍ ഒഴുകിപ്പോയി.
അടുത്ത വര്‍ഷം അംബികദേവി ടീച്ചര്‍ സ്‌കുളില്‍ നിന്നും സ്ഥലം മാറ്റം കിട്ടി മൂക്കുതല സ്‌കൂളിലേക്ക് പോയി. പിന്നീടൊന്നും അവരെപ്പറ്റി അറിയാന്‍ കഴിഞ്ഞില്ല. അവരിന്നു ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും.പിന്നീട് ഒരുപാടു പഠനങ്ങള്‍, അധ്യാപകര്‍, അനുഭവങ്ങള്‍...അതില്‍ നിന്നെല്ലാം വേറിട്ട്, ഒരു ധ്രുവനക്ഷത്രമായി മനസ്സില്‍ അംബികദേവി ടീച്ചര്‍ ഇന്നും വെളിച്ചം പകരുന്നു.
Content Highlights: teachers day 2023- experience