തലസ്ഥാനത്തും ഫുട്‌ബോള്‍ ആരവം; സൂപ്പര്‍ ലീഗിന് കൊമ്പന്‍സ് ഒരുങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഫുട്ബോള്‍ പെരുമയും പാരമ്പര്യവും തിരികെക്കൊണ്ടുവരാന്‍ തിരുവനന്തപുരം കൊമ്പന്‍സ്. കാല്‍പ്പന്തില്‍ കേരളത്തിന്റെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് തിരുവനന്തപുരം. രാജ്യം മുഴുവന്‍ ശ്രദ്ധിച്ചിരുന്ന ജി.വി.രാജാ ട്രോഫി ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പ് തലസ്ഥാനത്തിന്റെ അഭിമാനമായിരുന്നു. മേയേഴ്സ് കപ്പും ശ്രദ്ധിക്കപ്പെടുന്ന ടൂര്‍ണമെന്റായിരുന്നു. കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട ക്ലബ്ബുകളുടെയെല്ലാം ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. ആ പാരമ്പര്യം തിരികെപ്പിടിക്കാനാണ് തിരുവനന്തപുരം കൊമ്പന്‍സ് തലസ്ഥാനത്തിനായി പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരിക്കുന്ന തെക്കന്‍ കേരളത്തിലെ ഏക ക്ലബ്ബുകൂടിയാണ് തിരുവനന്തപുരം കൊമ്പന്‍സ്.
പരിശീലനം ഗോവയില്‍
ബ്രസീലിയന്‍ പരിശീലകന്‍ സെര്‍ജിയോ അലക്സാന്ദ്രയും ആറ് ബ്രസീലിയന്‍ കളിക്കാരുമാണ് കൊമ്പന്‍സ് ടീമിന്റെ കരുത്ത്. സ്ട്രൈക്കര്‍മാരായ ഡാവി കൂന്‍, ഔതമര്‍ ബിസ്പോ, മാര്‍ക്കോസ് വീല്‍ഡര്‍, സെന്റര്‍ ബാക്ക് റിനാന്‍ ഹനാരിയോ, പ്രതിരോധ താരം പാട്രിക് മോത്ത, ഗോള്‍കീപ്പര്‍ മിഷേല്‍ അമേരിക്കോ എന്നീ ബ്രസീല്‍ താരങ്ങളാണ് ടീമിന്റെ കരുത്ത്. കെ.പി.ശരത്, അബ്ദുള്‍ ബാദ്ഷാ, നവീന്‍ സുരേഷ്, സച്ചിന്‍ സാജു, വിഷ്ണു ടി.എം. തുടങ്ങിയ താരങ്ങളും പ്രതീക്ഷ നല്‍കുന്നവരാണ്. പാട്രിക് മോത്തയാണ് ടീം ക്യാപ്റ്റന്‍. നിലവില്‍ ഗോവയിലാണ് ടീമിന്റെ പരിശീലനം. ചൊവ്വാഴ്ച കോഴിക്കോട്ടാണ് കൊമ്പന്‍സിന്റെ ആദ്യ മത്സരം.
അന്താരാഷ്ട്ര നിലവാരം
ടൂര്‍ണമെന്റില്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ണമായും നവീകരിക്കും. പുത്തന്‍ ടര്‍ഫ് പണിത ഇവിടെ പുതിയ എല്‍.ഇ.ഡി. ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും അവസാനഘട്ടത്തിലാണ്.
കൊമ്പന്‍സിന്റെ ആദ്യ ഹോം മത്സരം 16-ാം തീയതി സ്റ്റേഡിയത്തില്‍ നടക്കും. തൃശ്ശൂര്‍ മാജിക് എഫ്.സി.യാണ് എതിരാളികള്‍. മത്സരം സ്റ്റാര്‍സ്‌പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും. ടിക്കറ്റുകള്‍ www.kombansfc.com, https://insider.in/online വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ലോഗോ പുറത്തിറക്കി
അദാനി ഗ്രൂപ്പാണ് കൊമ്പന്‍സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. മന്ത്രി വി.ശിവന്‍കുട്ടി ലോഗോയും ജഴ്സിയും അവതരിപ്പിച്ചു. ആന്റണി രാജു എം.എല്‍.എ. ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭക്തകോടി, കിംസ് എം.ഡി. ഡോ. എം.ഐ.സഹദുള്ള, കിംസ് ഹെല്‍ത്ത്‌കെയര്‍ സി.ഇ.ഒ. ജെറി ഫിലിപ്പ്, ക്ലബ് മാനേജിങ് ഡയറക്ടര്‍ കെ.സി.ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടീം ജേഴ്‌സിയും ഫ്രാഞ്ചൈസി പതാകയും ചടങ്ങില്‍ അവതരിപ്പിച്ചു.
കൊമ്പന്‍സ് എഫ്.സി.യുടെ ക്യാപ്റ്റന്‍ പാട്രിക് മോത്ത മാതൃഭൂമിയോട്
ബ്രസീലുകാരനായ പാട്രിക് മോത്ത തായ്ലാന്‍ഡ്, ദുബായ് ക്ലബ്ബുകളില്‍ കളിച്ച അനുഭവ സമ്പത്തുമായാണ് കേരളത്തില്‍ കളിക്കാനെത്തുന്നത്. ഗോവയില്‍ പരിശീലനത്തിലുള്ള പാട്രിക് മോത്ത സൂപ്പര്‍ ലീഗ് കേരളയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ മാതൃഭൂമിയുമായി പങ്കുവെച്ചത്.
+കൊമ്പന്‍സ് ടീമിന്റെ ഭാഗമായതിന്റെ അനുഭവം ?
ഞാന്‍ സന്തുഷ്ടനാണ്. ക്ലബ്ബിലെ എല്ലാ അംഗങ്ങളും നല്ല സ്വീകരണമാണ് നല്‍കിയത്. ക്ലബ്ബിന്റെ വളര്‍ച്ചയ്ക്ക് കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിക്കും. ടീമംഗങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ക്കിടയില്‍ ഈഗോ ഇല്ല. നല്ല ഫുട്ബോള്‍ കളിക്കുക എന്നതാണ് ലക്ഷ്യം.
+കൂടെയുള്ള താരങ്ങളുടെ പ്രകടനം ?
കൂടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ മികച്ച കളിക്കാരാണ്. വേഗതയുള്ള ഫുട്ബോള്‍ ആണ് ടീമിലെ മിക്ക കളിക്കാരുടെയും മുഖമുദ്ര. അതുകൊണ്ടുതന്നെ മികച്ച ഫാസ്റ്റ് ഗെയിം കളിക്കാവുന്ന ഒരു ടീമായി നമുക്ക് മാറാനാകുമെന്നാണ് പ്രതീക്ഷ.
+കേരളത്തില്‍ കളിക്കുന്നതിന്റെ വെല്ലുവിളി ?
ആദ്യമായാണ് ഇന്ത്യയില്‍ കളിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ഇവിടെ കളിക്കുകയെന്നതുതന്നെ വെല്ലുവിളിയായാണ് കാണുന്നത്.
+സൂപ്പര്‍ ലീഗിനെക്കുറിച്ച് ?
ഇതൊരു പുതിയ ചാമ്പ്യന്‍ഷിപ്പാണ്. ആറ് ടീമുകള്‍ക്കും തുല്യസാധ്യതയാണുള്ളത്. ലക്ഷ്യബോധത്തോടെ കഠിനാധ്വാനംചെയ്താല്‍ വിജയം നേടാനാകും.
Content Highlights: Thiruvananthapuram Kombans, a new professional football club, aims to revive the city`s football