സൂപ്പര്‍ലീഗ് കേരളയ്ക്ക് പയ്യനാട് കിക്കോഫ്

മലപ്പുറം: കാത്തിരുന്ന സൂപ്പര്‍ലീഗ് കേരളയ്ക്കു പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കമായി. തൃശ്ശൂര്‍ മാജിക് എഫ്.സി.യും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി.യും തമ്മിലായിരുന്നു മത്സരം. ടൂര്‍ണമെന്റിലെ രണ്ടാമത്തെ മത്സരമായിരുന്നുവിത്. മലപ്പുറം എഫ്.സി.യുടെയും തൃശ്ശൂര്‍ മാജിക്കിന്റെയും ഹോം ഗ്രൗണ്ടാണ് പയ്യനാട്.
ശനിയാഴ്ച കോഴിക്കോടുമായാണ് മലപ്പുറത്തിന്റെ പയ്യനാട്ടുള്ള ആദ്യ കളി. കൊച്ചിയില്‍ നടന്ന ഉദ്ഘാടനമത്സരത്തില്‍ ഫോഴ്‌സാ കൊച്ചിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മലപ്പുറം കീഴടക്കിയിരുന്നു.
വിനീതിന്റെ തൃശ്ശൂര്‍
മുന്‍ ഇന്ത്യന്‍താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവേശവുമായിരുന്ന സി.കെ. വിനീതിന്റെ നായകത്വത്തിലാണ് തൃശ്ശൂര്‍ മാജിക് എഫ്.സി. കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്ന് വിട്ടുനിന്ന വിനീതിന്റെ തിരിച്ചുവരവായിരുന്നു മത്സരം. ഇറ്റലിക്കാരന്‍ ജിയോവാനി സ്‌കാനു പരിശീലിപ്പിച്ച യുവത്വവും അനുഭവസമ്പത്തുമുള്ള ടീമിനെയാണ് തൃശ്ശൂര്‍ മൈതാനത്തിറക്കിയത്.
ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സെലോ ടോസ്‌കാനോ, ബ്രസീലില്‍നിന്നു തന്നെയുള്ള ഡിഫന്‍ഡര്‍ മെയില്‍സണ്‍ ആല്‍വസ് വെറിയാറ്റോ, കാമറൂണ്‍ സ്വദേശിയായ മിഡ്ഫീല്‍ഡര്‍ ബെല്ലക്ക് ഹെര്‍മന്‍ എന്നിവരാണ് ടീമിലെ പ്രധാന വിദേശതാരങ്ങള്‍. 15 മലയാളി താരങ്ങളും ടീമിലുണ്ട്. ക്യാപ്റ്റന്‍ വിനീതിനൊപ്പം മലയാളികളായ എം.എം. അര്‍ജുന്‍, പി. ആദില്‍, ജെസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടു. സതീവന്‍ ബാലനാണ് ടീമിന്റെ സഹപരിശീലകന്‍.
സ്പാനിഷ് കണ്ണൂര്‍പ്പട
കോച്ചും അഞ്ചു സ്പാനിഷ് താരങ്ങളും അടങ്ങിയതായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സ്. സ്‌പെയിന്‍ മുന്നേറ്റക്കാരായ സര്‍ഡിനെറോ, ഡേവിഡ് ഗ്രാന്‍ഡേ, ഡിഫന്‍ഡര്‍ അല്‍വാരോ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ലാലിഗയില്‍ ഗെറ്റാഫെ ടീം താരമായിരുന്നു സാര്‍ഡിനെറോ. കാമറൂണ്‍ താരം ലവ്‌സാമ്പയും ടീമിലുണ്ടായിരുന്നു.
ഗാലറിക്ക് ആവേശം കുറവ്
സംഘാടകര്‍ പ്രതീക്ഷിച്ചത്ര ആരാധകര്‍ ഗാലറിയില്‍ ഇല്ലാഞ്ഞത് മത്സരത്തെ നിരാശപ്പെടുത്തി. തെക്കു വടക്ക് ഗാലറി ഒഴിഞ്ഞുകിടന്നു. അതേസമയം വി.ഐ.പി., കസേര ഗാലറി ഏകദേശം നിറഞ്ഞു. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി.യുടെ വിരലിലെണ്ണാവുന്ന ആരാധകര്‍ ഒഴിച്ചാല്‍ കിഴക്ക് ഗാലറിയും ഒഴിഞ്ഞുകിടന്നു.
പ്രതീക്ഷിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ക്കാനും സംഘാടകര്‍ക്കായില്ല. കാലാവസ്ഥ പ്രതികൂലമായതാണ് കാണികള്‍ വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നാണ് സംഘാടകര്‍ പറയുന്നത്. ശനിയാഴ്ച നടക്കുന്ന മലപ്പുറം എഫ്.സി.യുടെ കളിയില്‍ ആരാധകരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Content Highlights: Super League Kerala kicks off in Payyanad with a match between Thrissur Magic FC and Kannur Warriors