സമാസമം കണ്ണൂര്‍ വാരിയേഴ്‌സും ഫോഴ്‌സാ കോച്ചി എഫ്.സി.യും (1-1)

മത്സരത്തില്‍നിന്ന്‌
മത്സരത്തില്‍നിന്ന്‌

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ വെള്ളിയാഴ്ച നടന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി.-കൊച്ചി ഫോഴ്‌സാ എഫ്.സി. മത്സരം സമനിലയില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്‌സാണ് മുന്നിലെത്തിയത്. രണ്ടാംപകുതിയില്‍ കോച്ചി ഫോഴ്‌സാ തിരിച്ചടിച്ചതോടെ കളി സമനില പാലിച്ചു. 

18-ാം മിനിറ്റില്‍ കണ്ണൂരിനുവേണ്ടി സ്‌പെയിനിന്റെ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ ഡേവിഡ് ഗ്രാന്‍ഡെ സെറാനോ ഗോള്‍ നേടി. എന്നാല്‍ 77-ാം മിനിറ്റില്‍ ഫോഴ്‌സാ കൊച്ചി സ്‌ട്രൈക്കര്‍ ബസന്ദ സിങ്ങിലൂടെ കൊച്ചി തുല്യത പാലിച്ചു. കണ്ണൂര്‍ വാരിയേഴ്‌സ് ടീം ഉടമയാണ് നടന്‍ ആസിഫലി. നടന്‍ പൃഥ്വിരാജ് കൊച്ചി ഫോഴ്‌സാ എഫ്.സി.യുടെ ഉടമയുമാണ്. 

പയ്യനാടുവെച്ചുനടന്ന ആദ്യ കളിയില്‍ തൃശ്ശൂര്‍ മാജിക് എഫ്.സി.യെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് കൊച്ചിക്കെതിരേ ഇറങ്ങിയത്. കോച്ചി ഫോഴ്‌സയാവട്ടെ, കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടികയുടെ നേതൃത്വത്തിലുള്ള മലപ്പുറം എഫ്.സി.യോട് രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു.
 

Content Highlights: super league kerala kannu warriors vs kochi forca fc