തിരുവനന്തപുരം കൊമ്പന്‍സിനെ തകര്‍ത്തു; ഫോഴ്‌സ കൊച്ചിക്ക് ലീഗിലെ ആദ്യ ജയം

മത്സരത്തില്‍നിന്ന്‌
മത്സരത്തില്‍നിന്ന്‌

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫോഴ്‌സ കൊച്ചി എഫ്.സി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ കൊമ്പന്‍സ് ഒരു ഗോളിന് മുന്നിലായിരുന്നു. കൊച്ചിക്കായി രാഹുലും ഡോറിയല്‍ട്ടനും സ്‌കോര്‍ ചെയ്തപ്പോള്‍ കൊമ്പന്‍സിന്റെ ഗോള്‍ മാര്‍ക്കോസ് വില്‍ഡറിന്റെ ബൂട്ടില്‍നിന്നായിരുന്നു. ലീഗില്‍ കൊച്ചിയുടെ ആദ്യ വിജയമാണിത്. 

ഗോള്‍കീപ്പര്‍ സാന്റോസ് അമേരിക്കോസ് അടക്കം നാല് ബ്രസീല്‍ കരുത്തരെ അണിനിരത്തിയാണ് കൊമ്പന്‍സ് ഇന്നലെ കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി താരം അര്‍ജുന്‍ ജയരാജ് നയിച്ച കൊച്ചി ടീമില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം.

പന്തിന്മേലുള്ള നിയന്ത്രണത്തിനായി ഇരു ടീമുകളും ശ്രമിച്ചപ്പോള്‍ അദ്യ അരമണിക്കൂറില്‍ കളി മധ്യനിരയില്‍ കെട്ടിക്കിടന്നു. 24-ാം മിനിറ്റില്‍ വലത് വിങ്ങിലൂടെ മുന്നേറി കൊമ്പന്‍സ് താരം മുഹമ്മദ് അസ്ഹര്‍ തൊടുത്ത ഇടതുകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 38-ാം മിനിറ്റില്‍ ബ്രസീലിന്റെ മാര്‍ക്കോസ് വില്‍ഡര്‍ നടത്തിയ ഗോള്‍ശ്രമം കൊച്ചി ഗോളി ഹജ്മല്‍ രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനകം കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ഹെഡ്ഡര്‍വഴി പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാര്‍ക്കോസ് കൊമ്പന്‍സിന് ലീഡ് നല്‍കി- 1-0. തുടര്‍ന്നും കൊമ്പന്‍സ് ആക്രമണത്തിന് തുനിഞ്ഞതോടെ കൊച്ചി പ്രതിരോധം ആടിയുലഞ്ഞു. അര ഡസണിലേറെ കോര്‍ണര്‍ കിക്കുകള്‍ കണ്ടെങ്കിലും ആദ്യപകുതി 1-0 ന് അവസാനിച്ചു.

രണ്ടാം പകുതിയിലും ഫോഴ്‌സ കൊച്ചി ലക്ഷ്യ ബോധമില്ലാതെയാണ് കളി തുടങ്ങിയത്. ഗോള്‍ കീപ്പര്‍ ഹജ്മലാണ് അവര്‍ക്ക് പലപ്പോഴും രക്ഷകനായത്. 54-ാം മിനിറ്റില്‍ ആസിഫിനെ പിന്‍വലിച്ച് കൊച്ചി സിരി ഒമ്രാനെ കളത്തിലിറക്കി. അതോടെ കളി മാറി. 63-ാം മിനിറ്റില്‍ കൊച്ചി സമനില പിടിച്ചു. ബ്രസീലുകാരന്‍ ഡോറിയല്‍ ഗോമസ് നല്‍കിയ പാസ് കൃത്യമായി പോസ്റ്റിലെത്തിച്ച് പകരക്കാരന്‍ രാഹുലാണ് കൊച്ചിയുടെ രക്ഷകനായത് 1-1. പതിയെ കളിയില്‍ മേധാവിത്വം നേടിയ കൊച്ചിക്കായി എഴുപത്തിയാറാം മിനിറ്റില്‍ ബ്രസീല്‍ താരം ഡോറിയല്‍ട്ടന്‍ ലീഡ് നല്‍കി 1-2. വലതു ഭാഗത്തുനിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചില്‍ ബ്രസീല്‍ താരം പോസ്റ്റില്‍ കയറ്റി. കളിയുടെ അവസാന നിമിഷങ്ങളില്‍ ലീഡ് ഉയര്‍ത്താന്‍ കൊച്ചിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. നാല് കളിയില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും അഞ്ച് പോയന്റ് വീതമായി. 

Content Highlights: super league kerala forca kochi vs tvm kombans