സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന് തുടക്കം; ആദ്യ മത്സരത്തില്‍ മലപ്പുറത്തിന്റെ എതിരാളി ഫോഴ്‌സാ കൊച്ചി

കൊച്ചി: ബ്രസീലിയന്‍ ഫോഴ്‌സില്‍ കൊച്ചിയുടെ ഫോഴ്‌സാ സംഘം. സ്പാനിഷ് കരുത്തില്‍ മലപ്പുറത്തിന്റെ ആവേശപ്പട. കാല്‍പ്പന്തുകളിയെ പ്രണയിക്കുന്ന കേരളത്തില്‍ ഇതുവരെ കാണാത്ത പ്രൊഫഷണലിസത്തിന്റെ അഴകില്‍ ഫുട്‌ബോള്‍ ഫീവര്‍ പടരാന്‍തുടങ്ങുന്നു. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യസീസണിന് ശനിയാഴ്ച കൊച്ചിയില്‍ കിക്കോഫ്. ആദ്യമത്സരത്തില്‍ ഫോഴ്‌സാ കൊച്ചി എഫ്.സി.യും മലപ്പുറം എഫ്.സി.യുമാണ് മുഖാമുഖം. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് കിക്കോഫ്. പോര്‍ച്ചുഗലിന്റെ മാരിയോ ലെമോസ് കൊച്ചി ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടുകാരനായ ജോണ്‍ ഗ്രിഗറിയാണ് മലപ്പുറം എഫ്.സി.യുടെ ആശാന്‍.
ബ്രസീലിയന്‍ കൊച്ചി
സ്‌ട്രൈക്കറായി ഡോറിയെല്‍ടണ്‍ ഗോമസും മിഡ്ഫീല്‍ഡറായി റാഫേല്‍ അഗസ്റ്റോയും. ബ്രസീലില്‍നിന്നുവരുന്ന ഇരുവരുടെയും ചിറകിലാണ് ഫോഴ്‌സാ കൊച്ചി സൂപ്പര്‍ ലീഗില്‍ പറക്കാനൊരുങ്ങുന്നത്. ഗോളടിക്കാന്‍ രണ്ടു ബ്രസീലിയന്‍ താരങ്ങളെ അണിനിരത്തുന്ന കൊച്ചി ടീമില്‍ അവരെ പിന്തുണയ്ക്കാന്‍ ടുണീഷ്യയുടെ മുഹമ്മദ് നിദാലും ഡിസിരി ഒമെറാനുമുണ്ട്. കൊളംബിയയുടെ റോഡ്രിഗസ് ലൂയിസും ദക്ഷിണാഫ്രിക്കയുടെ എന്‍ഗുബോ സിയാന്ദയും ചേരുന്നതോടെ കൊച്ചിയുടെ വിദേശക്വാട്ട പൂര്‍ത്തിയായി.
ഐ.എസ്.എല്‍. താരമായ സുഭാശിഷ് റോയ് ക്യാപ്റ്റനായ കൊച്ചി ടീമില്‍ നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ ജയരാജ്, പി.വി. അനുരാഗ് തുടങ്ങിയ മലയാളി താരങ്ങളുമുണ്ട്.
സ്പാനിഷ് മലപ്പുറം
സെന്റര്‍ സ്‌ട്രൈക്കറായി അലക്‌സ് സാഞ്ചസ്, മിഡ്ഫീല്‍ഡ് ജനറലായി ജോസെബ ബെയ്റ്റിയ... രണ്ട് സ്പാനിഷ് ഫുട്‌ബോളര്‍മാര്‍ നല്‍കുന്ന ഊര്‍ജത്തിലാണ് മലപ്പുറം എഫ്.സി. കുതിക്കാനൊരുങ്ങുന്നത്. വിങ്ങറായി ബ്രസീലിയന്‍ താരം സെര്‍ജിയോ ബര്‍ബോസയുമുണ്ട്. പ്രതിരോധത്തില്‍ എയ്റ്റര്‍ അള്‍ഡാളറും റൂബന്‍ ഗ്രേസസുമുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇവരില്‍ ഒരാളുണ്ടാകാനേ സാധ്യതയുള്ളൂ.
മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടികയുടെ സാന്നിധ്യം മലപ്പുറം എഫ്.സി.യുടെ പ്രതിരോധനിരയ്ക്ക് പരിചയസമ്പത്തിന്റെ കരുത്തുപകരുമ്പോള്‍ സന്തോഷ് ട്രോഫി താരമായ വി. മിഥുന്‍ അടക്കമുള്ള മലയാളി താരങ്ങളും മലപ്പുറത്തിനായി അണിനിരക്കും.
സാറ്റ് തിരൂരിന്റെ നിഷാം, ഇംഗ്ലണ്ടില്‍നടന്ന നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ കളിച്ച നവീന്‍ കൃഷ്ണ, അജയ് കൃഷ്ണ, ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിലുണ്ടായിരുന്ന മുഹമ്മദ് ജാസിം തുടങ്ങിയ യുവ മലയാളി താരങ്ങളും ടീമിലുണ്ട്.
Content Highlights: The first season of Super League Kerala kicks off with a thrilling clash between Kochi-malappuram