സൂപ്പര്‍ ലീഗ് കേരള; ഇനി പൊടിപാറും, സെമി സാധ്യതകള്‍ ഇങ്ങനെ

#മിഥുൻ ഭാസ്കർ
കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സാ കൊച്ചി മത്സരത്തിൽനിന്ന്‌, Photo:SLK
കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സാ കൊച്ചി മത്സരത്തിൽനിന്ന്‌, Photo:SLK

മലപ്പുറം: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ഇനി നടക്കാൻപോകുന്നത് പൊടിപാറും പോരാട്ടങ്ങൾ. ഒരു തോൽവി സെമിഫൈനലിലേക്കുള്ള പ്രവേശനത്തിനു ചുവപ്പ് കാർഡ് ഉയർത്തുമെന്നതിനാൽ സർവശക്തിയുമെടുത്ത് ജയിക്കാനുള്ള പദ്ധതികൾ ടീമുകൾ തയ്യാറാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സാ കൊച്ചിയും തമ്മിലുള്ള മത്സരത്തോടെ റൗണ്ട് ഒൻപതിനു തുടക്കമാകും.

രണ്ടുറൗണ്ട് മത്സരം ബാക്കിനിൽക്കെ കാലിക്കറ്റ് എഫ്.സി. മാത്രമാണ് സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഒരു ജയവും നേടാനാകാതെ തൃശ്ശൂർ മാജിക് എഫ്.സി. പുറത്തായി. കാലിക്കറ്റിനുപുറമേ സെമി പോരാട്ടത്തിനു യോഗ്യതനേടാൻ മറ്റു നാലുടീമുകൾക്കും സാധ്യതയുണ്ട്.

ഒന്നാമതുള്ള കാലിക്കറ്റ് ഒരു കളിയും തോൽക്കാതെയാണ് പോയിന്റ് ടേബിളിൽ മുകളിൽനിൽക്കുന്നത്. നാലുവീതം ജയവും സമനിലയും ഉൾപ്പെടെ 16 പോയിന്റ്. കണ്ണൂർ വാരിയേഴ്സ് (13), തിരുവനന്തപുരം കൊമ്പൻസ് എഫ്.സി. (12), ഫോഴ്സാ കൊച്ചി (10), മലപ്പുറം എഫ്.സി. (ഒൻപത്) എന്നീ നാലുടീമുകൾക്കും സെമിസാധ്യതയുണ്ട്. അടുത്തകളി ജയിച്ചാൽ കണ്ണൂർ സെമിയിലെത്തും. മലപ്പുറവും കാലിക്കറ്റുമാണ് ഇനിയുള്ള എതിരാളികൾ. മൂന്നാമതുള്ള തിരുവനന്തപുരത്തിനും കണക്കുകൾ അനുകൂലമാണ്.

നാലും അഞ്ചും സ്ഥാനത്തുള്ള കൊച്ചിയും മലപ്പുറവുമായാണ് ഇനിയുള്ള കളികൾ. ഇതിൽ രണ്ടിലും ജയിച്ചാൽ അനായാസം മുന്നേറാം. ഒന്നു ജയിക്കുകയും മറ്റൊന്ന് സമനിലയായാലും സുരക്ഷിതരാണ്. 10 പോയിന്റുമായി നാലാംസ്ഥാനത്തുള്ള ഫോഴ്‌സാ കൊച്ചിക്ക് തിരുവനന്തപുരവുമായുള്ള എതിർതട്ടകത്തിലെ അടുത്തമത്സരം. സമനിലകൾ വഴങ്ങിയാൽ മലപ്പുറത്തിന്റെ ഫലം അനുസരിച്ചാകും കാര്യങ്ങൾ. ഗോൾശരാശരിയിൽ കുറവുള്ളതും തിരിച്ചടിയാകും. കൊച്ചിക്കുപിന്നിൽ ഒൻപതു പോയിന്റുമായി അഞ്ചാംസ്ഥാനത്തുള്ള മലപ്പുറത്തിന്‌ ജീവൻമരണപ്പോരാട്ടമാണ് ഇനിയുള്ളത്. ഗോൾ ശരാശരിയിൽ പിന്നിലുള്ള ടീമിന്‌ രണ്ടുകളികളും മികച്ച ഗോൾശരാശരിയിൽ ജയിക്കണം. സമനിലയായാൽ കൊച്ചിയുടെ മത്സരഫലങ്ങൾ അനുകൂലമാകണം. മലപ്പുറം എഫ്.സി.ക്ക് തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്‌സുമാണ് എതിരാളികൾ.

കൊമ്പൻസ് കൊച്ചിയെ നേരിടും

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്‌സ കൊച്ചി എഫ്‌സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം.

Content Highlights: super league kerala 2024 semi chances