സൂപ്പര്‍ ലീഗ് കേരള; പയ്യെനാട്ടിലേക്ക് സൂപ്പര്‍ ആവേശം, സ്റ്റേഡിയത്തില്‍ ആദ്യമത്സരം സെപ്റ്റംബര്‍ 9-ന്

#മിഥുന്‍ ഭാസ്‌കര്‍
Photo: x.com
Photo: x.com

മലപ്പുറം: ആരാധകരേ കുറച്ച് കാത്തിരിക്കൂ, പയ്യെ നമ്മുടെ നാട്ടിലേക്ക് സൂപ്പര്‍ ആവേശമെത്തുകയാണ്. കാല്‍പ്പന്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഫിക്സ്ച്ചര്‍ പുറത്തുവന്നു. മലപ്പുറം എഫ്.സി., തൃശ്ശൂര്‍ മാജിക് എഫ്.സി. എന്നിവരുടെ ഹോം മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. മലപ്പുറത്തിന്റെയും തൃശ്ശൂരിന്റെയും ഹോം മത്സരങ്ങളുള്ള മഞ്ചേരിയില്‍ 10 മത്സരങ്ങളാണ് അരങ്ങേറുക. ഇതിനുപുറമെ നവംബര്‍ ആറിനുള്ള രണ്ടാം സെമി ഫൈനലിനും പയ്യനാട് വേദിയാകും.

ഉദ്ഘാടനമത്സരം സെപ്റ്റംബര്‍ ഏഴിനു കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്. ഉദ്ഘാടനമത്സരം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മറ്റുള്ള മത്സരങ്ങളുടെ പൂര്‍ണരൂപം ബുധനാഴ്ചയാണ് സംഘാടകര്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ ഏഴിനു നടക്കുന്ന കേരള സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ഫോഴ്‌സാ കൊച്ചി മലപ്പുറം എഫ്.സി.യെ നേരിടും. ആറു ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍ ലീഗില്‍ നാലു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍.

പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യ മത്സരം സെപ്റ്റംബര്‍ ഒന്‍പതിനാണ്. ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന തൃശ്ശൂര്‍ മാജിക് എഫ്.സി. കണ്ണൂര്‍ വാരിയേഴ്‌സിനെ നേരിടും. മത്സരങ്ങളെല്ലാം രാത്രി ഏഴിനാണ്. ഉദ്ഘാടനമത്സരത്തിനു പുറമെ ഒക്ടോബര്‍ രണ്ട്, ഒക്ടോബര്‍ 12, ഒക്ടോബര്‍ 27 എന്നീ ദിവസങ്ങളിലാണ് മലപ്പുറം എഫ്.സി.യുടെ എവേ കളികള്‍. തിരുവനന്തപുരം കൊമ്പന്‍സ്, കാലിക്കറ്റ് എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിവരുമായിട്ടാണ് മത്സരങ്ങള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. നവംബര്‍ 10-ന് ഫൈനല്‍ മത്സരം കൊച്ചിയിലാണ്.

Content Highlights: The Kerala Super League fixture list is out, with Malappuram FC and Thrissur Magic FC