'നന്നായി കളിച്ചെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ഫലം വന്നപ്പോള്‍...;സന്തോഷമുണ്ടെങ്കിലും നിരാശ ബാക്കി'

ഭരതനാട്യം മത്സരത്തില്‍ നന്നായി കളിച്ചെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോള്‍ തനിക്ക് എ ഗ്രേഡ് തന്നെ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നിരഞ്ജണ്‍ ശ്രീലക്ഷ്മി. എന്നാല്‍ ഫലം വന്നപ്പോള്‍ ലഭിച്ചത് ബി ഗ്രേഡ്. അതിന്റെ ദുഃഖമുണ്ട് ഈ മിടുക്കിയുടെ മുഖത്ത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് എന്ന സിനിമയില്‍ നടന്‍ ജോജു അവതരിപ്പിച്ച എ.എസ്.ഐ. മണിയന്‍ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചത് ഈ തൃശ്ശൂര്‍ സ്വദേശിനിയാണ്. പെരിങ്ങോട്ടുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിരഞ്ജണ്‍ ശ്രീലക്ഷ്മി.
വെള്ളിയാഴ്ച, എച്ച്.എസ്. വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരവേദിയില്‍ അനിയന്‍ മാനസ് മഹേശ്വറിന്റെ പ്രകടനം കാണാനെത്തിയതായിരുന്നു നിരഞ്ജണും കുടുംബവും. കലോത്സവ വേദി അഞ്ച്-'ബേപ്പൂര്‍' ഗുജറാത്തി ഹാളിലായിരുന്നു മത്സരം.
അച്ഛന്‍ മഹേഷും അമ്മ ശ്രീദേവി എം.എസും അച്ഛന്റെ അമ്മയായ കമലാമ്മയും, നൃത്താധ്യാപകനും കൂട്ടുകാരും നിരഞ്ജണിനൊപ്പമുണ്ടായിരുന്നു. മത്സരത്തില്‍ മാനസിന് എ ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചപ്പോഴും മകള്‍ക്ക് എ ഗ്രേഡ് ലഭിക്കാതെ പോയതിലുള്ള നിരാശ അച്ഛന്‍ മഹേഷിനുണ്ടായിരുന്നു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
തൃശ്ശൂര്‍ ജില്ലയിലെ ചാഴൂര്‍ എസ്.എന്‍.എം.എച്ച്.എസ്.എസ്സില്‍ ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിയാണ് മാനസ് മഹേശ്വര്‍. കുച്ചുപ്പുടിയും ഭരതനാട്യവുമാണ് മാനസ്സിന്റെ മത്സര ഇനങ്ങള്‍.
മോഹിനിയാട്ടത്തില്‍ മത്സരിച്ച് എ ഗ്രേഡ് നേടിയ നിരഞ്ജണ്‍ ലക്ഷ്മി ശനിയാഴ്ച നാടോടിനൃത്ത മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ആ മത്സരം കൂടി കഴിഞ്ഞാല്‍ ഇത്തവണത്തെ സ്‌കൂള്‍ കലോത്സവ പരിപാടികള്‍ക്കെല്ലാം അവസാനമാകും. കാസര്‍കോട് നടന്ന കലോത്സവത്തിലും കണ്ണൂരില്‍ നടന്ന കേരളോത്സവത്തിലും നിരഞ്ജണ്‍ മത്സരിച്ച് വിജയം സ്വന്തമാക്കിയിരുന്നു.
Content Highlights: kerala school kalolsavam cine artist niranjan sreelakshmi