പതിവുതെറ്റിയില്ല; സുരേന്ദ്രന്‍മാഷിന്റെ കൈപിടിച്ച് ബാബുമാഷെത്തി, ശാസ്ത്രീയസംഗീതമത്സരം കേള്‍ക്കാന്‍

'നമ്മളെ നാട്ടിലെ കലോത്സവം കാണാന്‍ പോയിട്ടില്ലെങ്കില്‍ പിന്നെ നമ്മളൊക്കെ കലാകാരനാണോ... ' കാഴ്ചാപരിമിതിയുള്ള കൂട്ടുകാരന്‍ ബാബു മാഷിന്റെ കൈയും പിടിച്ച് സുരേന്ദ്രന്‍ മാഷ് കലോത്സവ വേദിയിലെത്തി. ശാസ്ത്രീയ സംഗീതമാണ് സംഗീതാധ്യാപകരായ ഇരുവരുടെയും പ്രിയപ്പെട്ട ഇനം.
കലോത്സവ വേദികളില്‍ ഇരുവരും എത്താതിരിക്കുന്നത് വളരെ അപൂര്‍വം. ബാബു മാഷ് കീര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ സുരേന്ദ്രന്‍ മാഷ് ചുറ്റുമുള്ള കാഴ്ചകള്‍ അദ്ദേഹത്തിന് വിവരിച്ചു നല്‍കും. ഒരിക്കലും കാണാത്ത ആ കാഴ്ചകള്‍ക്ക് ഉള്‍ക്കണ്ണില്‍ ബാബു മാഷ് ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ടാകും.
കൊടുവള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗീത അധ്യാപകനാണ് ബാബു. ബാബുവിന് ജന്മനാ കാഴ്ചയില്ല. പക്ഷേ ഇതൊരു പരിമിതിയായി കണക്കാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ സംഗീത മത്സരങ്ങളില്‍ മത്സരിച്ചു. സ്‌കൂള്‍ കലോത്സവങ്ങളില്‍ വിജയിച്ചു കയറി. വളര്‍ന്നപ്പോഴും സംഗീതത്തോടുള്ള അഭിനിവേശം ഉള്ളില്‍ ഒളിമങ്ങാതെ കിടന്നു. കര്‍ണാടക സംഗീതത്തില്‍ ഉപരി പഠനം നടത്തി, അധ്യാപകനായി.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
പ്രിയ കൂട്ടുകാരനും സംഗീത അധ്യാപകനുമായ സുരേന്ദ്രന്‍ മാഷ് ചക്കാലയ്ക്കല്‍ ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചെങ്കിലും സംഗീതസഭകളില്‍ കേള്‍വിക്കാരനായി സജീവ സാന്നിധ്യമാണ്. നാടന്‍ പാട്ട് വേദികളില്‍ ചുറുചുരുക്ക് ചോരാത്ത പാട്ടുകാരനും.
ഓരോ കലോത്സവവും ഇവരുവര്‍ക്കും നല്‍കുന്നത് വലിയ ആവേശമാണ്. സ്വന്തം ജില്ലയായ കോഴിക്കോട് കപ്പ് അടിക്കണമെന്ന് സുരേന്ദ്രന്‍ മാഷ് പറയുമ്പോള്‍ എല്ലാ ജില്ലക്കാരും വിജയത്തിന്റെ രുചി അറിയട്ടേ എന്നാണ് ബാബു മാഷിന് പറയാനുള്ളത്.
Content Highlights: kerala school kalolsavam