'മലയാളിയായിരിക്കെ, മലയാളം വായിക്കാനും സംസാരിക്കാനും അറിയില്ല എന്നത് അത്ര അഭിമാനമുള്ള കാര്യമല്ല'

1990-ലാണ് ഞാന്‍ കേരളത്തിലെത്തുന്നത്. മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്ത് സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ നില്‍ക്കുകയാണ്. കൂടെ ഞാന്‍ പണിയെടുത്തിരുന്ന ഹോട്ടല്‍ മുതലാളിയുടെ മകനും ഉണ്ടായിരുന്നു. കാണാന്‍ പോകുന്ന സിനിമയുടെ പോസ്റ്റര്‍ കണ്ടുനില്‍ക്കുമ്പോള്‍ ഞാന്‍ ഹോട്ടല്‍ മുതലാളിയുടെ മകനോട്, ഈ സിനിമയുടെ പേര്‍ എന്താണ് എന്ന് ചോദിച്ചപ്പോള്‍, അവന്‍ 'സസ്‌നേഹം' എന്നു പറഞ്ഞു.
ഞാന്‍ ആ പോസ്റ്ററില്‍ തന്നെ ശ്രദ്ധിച്ചു 'സ സ് നേ ഹം' ഇങ്ങനെ ഞാന്‍ വായിച്ചു പഠിച്ചു. ഇതായിരുന്നു ഞാന്‍ ആദ്യമായി മലയാളം അക്ഷരങ്ങള്‍ കൂട്ടിവായിച്ച വാക്ക്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സിനിമ മാറി കമല്‍ഹാസന്റെ ഒരു തമിഴ്സിനിമയുടെ മലയാളം പോസ്റ്റര്‍ ഞാന്‍ പണിയെടുത്തിരുന്ന ഹോട്ടലിന് മുമ്പില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു. ആദ്യത്തെ അക്ഷരം 'ഉ' ആണെന്ന് എനിക്ക് മനസ്സിലായി. കാരണം തമിഴിലെ 'ഉ'വും മലയാളഭാഷയിലെ 'ഉ'എന്ന അക്ഷരത്തിനും വലിയ വ്യത്യാസമൊന്നുമില്ല. വഴിയില്‍കൂടി നടന്നുപോയ ഒരു ചേട്ടനെ പിടിച്ചു നിര്‍ത്തി 'ഈ സിനിമയുടെ പേര്‍ എന്താണ്? എന്നു ചോദിച്ചു. അദ്ദേഹം 'ഉയര്‍ന്ത ഉള്ളം' എന്ന് പറഞ്ഞിട്ട് പോയി. ഞാന്‍ ശ്രദ്ധയോടെ 'ഉയര്‍ന്ത' ഉള്ളം വായിച്ചു പഠിച്ചു.
ഞാന്‍ പണിയെടുത്തിരുന്ന ഹോട്ടലിന്റെ മുന്‍പില്‍ ഒരു ബസ് വന്നു നിന്നു. ഹോട്ടലില്‍ ചായ കുടിച്ചിരുന്ന ഇക്കായോട് ഈ ബസ് എവിടേയ്ക്കാണ് പോകുന്നത് എന്നു ചോദിച്ചു. അദ്ദേഹം 'തൃശ്ശൂര്‍'ലേക്കാണെന്ന് പറഞ്ഞു. തൃശ്ശൂര്‍ എന്ന് ഞാന്‍ വായിച്ചു നോക്കിയപ്പോള്‍ എനിക്ക് മലയാള ഭാഷ പഠിക്കാന്‍ ആവേശമായി. വൈകീട്ട് ഹോട്ടലില്‍ തിരക്കു കഴിഞ്ഞപ്പോള്‍ അന്നത്തെ പത്രമെടുത്ത് ചുമ്മാ നോക്കിക്കൊണ്ടിരുന്നു.
ചായകുടിച്ചുകൊണ്ടിരുന്ന ഒരു ചേട്ടനോട്, പത്രത്തിലുള്ള ഒരു വാര്‍ത്ത കാണിച്ചിട്ട് ഇത് 'വിളംബരങ്ങള്‍' എന്നല്ലേ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട്, ഹേയ്, അല്ല, ഇത് 'വിനോദരംഗം' എന്നാണ് വായിക്കേണ്ടത് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ വിനോദരംഗം എന്ന് ഒന്നുകൂടി വായിച്ചു നോക്കി. ഇങ്ങനെയെല്ലാമാണ് ഞാന്‍ പതുക്കെ പതുക്കെ മലയാളം വായിച്ചു പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
കേരളത്തില്‍ എത്തിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞാണ് പുസ്തകവില്പനയിലേക്ക് എത്തുന്നത്. ഹരിശ്രീ ബുക്‌സ് പ്രസിദ്ധീകരിച്ച തുളസികോട്ടുക്കലിന്റെ വേദകഥകള്‍ എന്ന പുസ്തകമാണ് ആദ്യം വിറ്റിരുന്നത്. കൊയിലാണ്ടിക്കും വടകരക്കും പുസ്തക കച്ചവടത്തിന് ബസ്സിലാണ് പോയിരുന്നത്. ബസ്സില്‍ പോകുമ്പോഴൊക്കെ ആ വേദകഥകള്‍ പുസ്തകമെടുത്ത് വായിക്കുമായിരുന്നു. പിന്നീട് ഹരിശ്രീ ബുക്‌സുകാര്‍ തുളസീകോട്ടുക്കലിന്റെ 'കൃഷണായനം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആ കൃഷ്ണായന പുസ്തകം ആറു വോള്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചത്. ആ ആറ് വോള്യങ്ങളും ഞാന്‍ വായിച്ചു തീര്‍ത്തു. ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ മലയാളം തെറ്റില്ലാതെ വായിക്കാന്‍ പഠിച്ചുകഴിഞ്ഞിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ രണ്ടു വോള്യങ്ങളും വായിച്ചു തീര്‍ത്തു. പിന്നീട് മലയാളത്തിലുള്ള പ്രശസ്ത എഴുത്താകാരുടെ പുസ്തകങ്ങളെല്ലാം തന്നെ വായിച്ചിട്ടുണ്ട്. ഇന്ന് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം 'പദ്യം' വായിച്ചുനോക്കുകയാണ്. പദ്യം അത്രയ്ക്ക് വശമില്ല. എന്നാലും ഒന്ന് ശ്രമിച്ചു നോക്കണമല്ലോ. ഞാന്‍ പുസ്തകം വില്‍ക്കാന്‍ പോകുമ്പോള്‍ കൂടുതലും മലയാള പുസ്തകങ്ങളാണ് വില്പന ചെയ്യാറുള്ളത്. മലയാള പുസ്തകങ്ങള്‍ കാണിക്കുമ്പോള്‍, ചിലര്‍ എന്റെ മക്കള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ല, അതുകൊണ്ട്, വേണ്ട എന്നു പറയാറുണ്ട്.
കോഴിക്കോട് ജനിച്ച് വളര്‍ന്ന ഒരു സിനിമാ നടി ഒരു ടിവി ചാനല്‍ ഇന്റര്‍വ്യൂവില്‍ എനിക്ക് മലയാളം വായിക്കാനറിയത്തില്ല, മലയാളം സംസാരിക്കാനും ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞത്. ആ ഇന്റര്‍വ്യൂവിലെ ഒന്നോ രണ്ടോ മലയാള വാക്കുകള്‍ ഒഴികെ ബാക്കിയെല്ലാം അവര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഒരു മലയാളിയായിരിക്കെ, മലയാളം വായിക്കാനും സംസാരിക്കാനും അറിയില്ല എന്നത് അത്രയ്ക്ക് വലിയ അഭിമാനമുള്ള കാര്യമല്ല. തമിഴ്‌നാട്ടില്‍ ജനിച്ച്, തമിഴ് മീഡിയത്തില്‍ പഠിച്ച എനിക്ക് മലയാളം വായിക്കാന്‍ കഴിയുമെങ്കില്‍ മലയാള നാട്ടില്‍ മലയാളികളുടെ മക്കളായി ജനിച്ചവര്‍ക്ക് എന്തുകൊണ്ട് മലയാളം വായിക്കാന്‍ കഴിയുന്നില്ല?
നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ അറിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ എത്രയും വേഗം മലയാളം വായിക്കാന്‍ ഞങ്ങള്‍ പഠിപ്പിച്ചിരിക്കും, ഇതാവട്ടെ നിങ്ങളുടെ ഈ വായനാദിനത്തിലെ പ്രതിജ്ഞ.
ഏവര്‍ക്കും വായനാദിനാശംസകള്‍.
Content Highlights: Elango odai's malayalam reading memories