ആത്മീയ ഉയര്‍ച്ചയിലേക്ക്

#സൈനുല്‍ നിയാസ് ഗസ്സാലി
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

റംസാനിലെ ഉപവാസം എന്നത് ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല, മറിച്ച് ആത്മശുദ്ധിയുടെ ഒരു പ്രക്രിയയാണ്. ഖുര്‍ആന്‍ ഉപവാസത്തെ 'തഖ്വ' അല്ലെങ്കില്‍ ദൈവപ്രീതിനേടാനുള്ള ഒരു മാര്‍ഗമായി വിശേഷിപ്പിക്കുന്നു: 'വിശ്വസിക്കുന്നവരേ, നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ക്ക് നിര്‍ബന്ധിതമായതുപോലെ ഉപവാസം നിങ്ങള്‍ക്കും നിര്‍ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണിത്' ഉപവാസം എന്നത് ആത്മനിയന്ത്രണത്തിന്റെയും ആത്മീയ ഉയര്‍ച്ചയുടെയും ഒരു പ്രക്രിയയാണ്, ഇതിലൂടെ മനുഷ്യന്‍ തന്റെ ശാരീരിക ആഗ്രഹങ്ങളെ നിയന്ത്രിച്ച് ദൈവിക ഇച്ഛയോട് യോജിക്കുന്നു.

റംസാനില്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ഒരു ചരിത്രസംഭവം മാത്രമല്ല, മറിച്ച് ഒരു നിരന്തരമായ ആത്മീയപ്രകാശമാണ്. ഖുര്‍ആന്‍ ഒരു 'പ്രകാശം' (നൂര്‍), 'മാര്‍ഗദര്‍ശനം' (ഹുദ) എന്നിവയായി വിശേഷിപ്പിക്കപ്പെടുന്നു. ഖുര്‍ആനിലൂടെയാണ് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ വെളിവാകുന്നത്, അല്ലാഹുവിലേക്കുള്ള വഴി പ്രകാശിതമാകുന്നത്. ഇബ്‌നു അറബിയെപോലുള്ള സൂഫികള്‍ ഖുര്‍ആനിയ്യ പ്രജ്ഞ എന്ന് വിശേഷിപ്പിച്ചത് ഈ ആത്മീയ അവസ്ഥയെയാണ്. ഇത് ലഭിക്കുന്നത് ആത്മാവ് അല്ലാഹുവിന്റെ പ്രകാശത്തില്‍ ലയിക്കുമ്പോഴാണ്. ആ ഒരു ലയനത്തിലേക്കുള്ള അവസ്ഥ മനുഷ്യന് റംസാനിലൂടെ സാധ്യമാകുന്നു. എല്ലാ ശാരീരിക ഇച്ഛകളെയും കരിയിച്ച് കളയുന്നതോടെ അവനില്‍ അല്ലാഹുവിന്റെ സാന്നിധ്യം അവന്‍ കാണുകയാണ്.

റംസാനിലെ ഓരോ രാത്രികളെയും വിശ്വാസി ജീവിപ്പിക്കുന്നത് ലൈലത്തുല്‍ ഖദ്‌റ് എന്ന മഹത്തായ രാവിനെ പ്രതീക്ഷിച്ചാണ്. ആയിരം മാസങ്ങളുടെ പ്രാര്‍ഥനകളെക്കാളും ആരാധനകളെക്കാളും പുണ്യമുണ്ട് ഈ രാവിന്. ഇതിനെ ഖുര്‍ആന്‍ 'ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായത്'എന്ന് വിശേഷിപ്പിക്കുന്നു.

ഈ രാത്രി ദൈവിക കാരുണ്യത്തിന്റെയും മാപ്പിന്റെയും ഉച്ചസ്ഥായിയെ പ്രതിനിധീകരിക്കുന്നു. ഈ രാത്രിയില്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിരിക്കുന്നു, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആത്മാര്‍ഥതയോടെ അന്വേഷിക്കുന്നവര്‍ക്ക് ധാരാളമായി നല്‍കപ്പെടുന്നു.

Content Highlights: ramadan message by sainul niyas gazzali