അതിരുകളില്ലാത്ത അനുഗ്രഹകാലം

#പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അള്ളാഹുവിന്റെ പ്രീതിക്കായി പട്ടിണിയനുഭവിക്കുകയും എല്ലാ ലൗകിക സുഖങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന റംസാന്‍ നന്മയുടെ ക്ഷേമകാലമാണ്. ഓരോ റംസാന്‍ മാസവും വിശ്വാസികള്‍ക്ക് അതിരുകളില്ലാത്ത അനുഗ്രഹമാണ് സമ്മാനിക്കുന്നത്.

'അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയേണമേ, പരിശുദ്ധമായ റംസാന്‍ മാസത്തിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കേണമേ'യെന്ന പ്രാര്‍ഥനയോടെയാണ് വിശ്വാസികള്‍ റംസാന്‍ മാസത്തിനായി കാത്തിരിപ്പ് തുടങ്ങുന്നത്. തെറ്റായ ചിന്തകളും ആഗ്രഹങ്ങളും കരിച്ചുകളഞ്ഞ് ആത്മീയതയുടെ വിളവ് കൊയ്യാനുള്ള പരിശ്രമമാണ് ഈ മാസത്തിലുടനീളം വിശ്വാസികളില്‍നിന്നുമുണ്ടാകേണ്ടത്. വിനോദങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഏറെ സാധ്യതകളുള്ള വര്‍ത്തമാന ലോകത്തിന്റെ ഇച്ഛകളെ അടക്കിനിര്‍ത്തി ദൈവേച്ഛക്കായുള്ള സത്കര്‍മങ്ങളില്‍ മുഴുകണം.  സഹജീവി സ്‌നേഹവും കാരുണ്യവും റംസാന്‍ മാസത്തിലെ വലിയൊരു ആരാധനയാണ്. കൊടുംചൂടുകാലമായതിനാല്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ജോലി ചെയ്യാന്‍ സാധിച്ചുവെന്ന് വരില്ല. അത്തരക്കാരുടെ വീടുകളിലെ സാമ്പത്തിക പ്രയാസങ്ങള്‍ മനസ്സിലാക്കണം.

അവരെയെല്ലാം സഹായിക്കുന്നതിന് മഹല്ലുകളുടെയും കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സഹജീവി സ്‌നേഹവും കാരുണ്യവുമെല്ലാം ആരാധന തന്നെയാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചും സര്‍വശക്തനിലേക്ക് കൂടുതല്‍ അടുക്കാന്‍ ഈ റംസാനിലൂടെ വിശ്വാസികള്‍ക്ക് സാധിക്കട്ടെ.

Content Highlights: ramadan message by panakkad sadiq ali shihab thangal