പശ്ചാത്താപം വിശ്വാസിയുടെ മുഖമുദ്ര

#കെ.കെ. അഹ്‌മദ് കുട്ടി മുസ്ല്യാര്‍ കട്ടിപ്പാറ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാപമോചനം തേടുന്നതും പശ്ചാത്തപിക്കുന്നതും തിന്മകള്‍ ആവര്‍ത്തിക്കാതെ ഖേദിച്ചു മടങ്ങുന്നതുമെല്ലാം ഇസ്ലാമില്‍ വളരെയധികം പുണ്യമുള്ള കാര്യമാണ്. പുണ്യങ്ങള്‍ക്ക് വലിയ പ്രതിഫലം ലഭിക്കുന്ന റംസാന്‍ പാപമോചന പ്രാര്‍ഥനകള്‍ വലിയതോതില്‍ സ്വീകരിക്കുന്ന വേള കൂടിയാണ്. മനുഷ്യര്‍ക്കുവേണ്ടി തന്റെ കരുണയുടെയും പാപമോചനത്തിന്റെയും വാതിലുകള്‍ അല്ലാഹു തുറന്നുവെച്ചു. പാപങ്ങളില്‍ മുഴുകിപ്പോയ മനുഷ്യര്‍ക്കുപോലും ആത്മാര്‍ഥമായി ഖേദിച്ചാല്‍ അല്ലാഹു എല്ലാം പൊറുത്തു കൊടുക്കുമെന്ന് ഖുര്‍ആന്‍തന്നെ പഠിപ്പിക്കുന്നുണ്ട്. ''സ്വന്തത്തോട് അതിക്രമം ചെയ്തുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെത്തൊട്ട് നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. അവന്‍ തന്നെയാകുന്നു ഏറ്റവും നന്നായി പൊറുക്കുന്നവനും കരുണാനിധിയും.''

'തൗബ' എന്നാണ് ഇസ്ലാമിക സംഹിതകളില്‍ പശ്ചാത്താപം അറിയപ്പെടുന്നത്. 'മടക്കം' എന്നാണ് ഈ പദത്തിന്റെ അര്‍ഥം. തൗബ കേവലമായ ഒരു ചടങ്ങല്ല. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്നവനോട് വന്നുപോയ പാപങ്ങളെ ഏറ്റുപറയുകയും ആത്മാര്‍ഥമായി ഖേദിച്ചുമടങ്ങുകയും ചെയ്യലാണത്. പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞു: ''ആദം സന്തതികള്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍, തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരുമാണ്.''

വിനയമുള്ളവര്‍ക്കുമാത്രമേ ചെയ്ത തെറ്റില്‍ ഖേദിക്കാന്‍ സാധിക്കൂ. പശ്ചാത്താപത്തിന് മതം ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ചെയ്തുപോയ തെറ്റുകുറ്റങ്ങളിലെ ഖേദം പ്രകടിപ്പിക്കലാണ് ഏറ്റവും പ്രധാനം. മനുഷ്യരോട് വല്ല ബാധ്യതയുമുണ്ടങ്കില്‍ അത് തീര്‍ക്കേണ്ടതുമുണ്ട്. ശാരീരികമായോ മാനസികമായോ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടങ്കില്‍ അവരോട് ക്ഷമചോദിക്കല്‍ നിര്‍ബന്ധമാണ്. ഭാവിയില്‍ തെറ്റ് ചെയ്യില്ലെന്ന ദൃഢനിശ്ചയവും തൗബയുടെ നിബന്ധനയാണ്.

Content Highlights: ramadan message by kk ahammed kutty musliar kattippara