സഹനത്തിന്റെ വഴി

#ഡോ. ഹുസൈന്‍ മടവൂര്‍
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ സാധാരണ ജീവിതക്രമത്തില്‍ മാറ്റംവരുത്താന്‍ പലര്‍ക്കും പ്രയാസമാണ്. അതില്‍ പ്രധാനപ്പെട്ടകാര്യമാണ് ഭക്ഷണം. ഭക്ഷണം കഴിക്കുന്നതിന് എല്ലാവര്‍ക്കും ഓരോരീതിയും സമയവും ക്രമവുമുണ്ടാകും. അതില്‍ ചെറിയൊരു മാറ്റംവരുത്താന്‍ പലര്‍ക്കും വലിയ വിഷമമായിരിക്കും. ഭക്ഷണസമയം അല്പം വൈകുക, സാധാരണ ഭക്ഷണം കിട്ടാതിരിക്കുക എന്നിങ്ങനെ വന്നാല്‍ കോപിക്കുകയും അതൊരു വലിയ പ്രശ്‌നമാക്കുകയും ചെയ്യുന്നവരുമുണ്ട്. അത്തരക്കാര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ സാഹചര്യങ്ങളോടൊത്തുപോകാനുള്ള ഒരു വലിയ പരിശീലനം റംസാന്‍ നോമ്പുകൊണ്ട് ലഭിക്കും. ഉണ്മപ്രഭാതംമുതല്‍ അതായത് സൂര്യോദയത്തിന്റെ ഒന്നരമണിക്കൂര്‍ മുന്‍പുമുതല്‍ സൂര്യാസ്തമയംവരെ നീണ്ട പകല്‍വേള നോമ്പുകാരന് ഭക്ഷണപാനീയങ്ങളില്ല. ആ സമയത്ത് സമ്പൂര്‍ണ ഉപവാസമാണ്.

ഒരു പുണ്യകര്‍മം എന്ന നിലയില്‍ പട്ടിണികിടക്കുകയെന്ന ആചാരം നോമ്പില്‍മാത്രമാണുള്ളത്. അത് ഒരു സമ്പൂര്‍ണ സഹനത്തിലേക്ക് വഴിതുറക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷമുള്ള എന്തെങ്കിലും ത്യജിക്കുകയും അതുമൂലമുണ്ടാകുന്ന വിഷമം സാരമില്ലെന്ന് കരുതുകയും ചെയ്യുന്നതാണല്ലോ സഹനം. അത് ഏറെ പ്രകടമാവുന്നുണ്ട് വ്രതത്തില്‍. വ്രതം എന്നതിന് ഖുര്‍ആന്‍ പ്രയോഗിച്ച അറബിപദം 'സ ൗം' എന്നതിന്റെ ബഹുവചനമായ 'സിയാം' എന്നാണ്. 'സ ൗം' എന്ന വാക്കിന്റെ ഭാഷാപരമായ അര്‍ഥം അടങ്ങുക, ഒരുങ്ങുക എന്നെല്ലാമാണ്.

സാധാരണ ജീവിതരീതിയില്‍നിന്ന് മാറിയുള്ള ഒരു അച്ചടക്കവും ഒതുക്കവുമുള്ള ജീവിതമാണ് വ്രതം പഠിപ്പിക്കുന്നതെന്നര്‍ഥം. സമയമാവുമ്പോള്‍ മിനിറ്റും സെക്കന്‍ഡുംവരെ ശ്രദ്ധിച്ച് നോമ്പ് ആരംഭിക്കുകയും അതുപോലെത്തന്നെ സമയമാവുമ്പോള്‍ വളരെ സൂക്ഷ്മതയോടെ നോമ്പു മുറിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ അനിയന്ത്രിതമായ ജീവിതശൈലിയില്‍നിന്നു മാറി സമയനിഷ്ഠ പാലിക്കുന്ന പാഠമുള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്.

വ്രതകാലമാകട്ടെ നിഷ്‌ക്രിയമായിരിക്കാനല്ല അനിവാര്യമായ തൊഴിലുകളും വ്യവഹാരങ്ങളും നിലനിര്‍ത്തിയുള്ള ജീവിതമാണ് പരിശീലിപ്പിക്കുന്നത്.

Content Highlights: ramadan message by dr hussain madavoor