നോമ്പുജീവിതം സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പം

ബന്ധങ്ങള്‍ ശക്തിപ്പെടുകയും ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തിന്റെ
സുസ്ഥിരവികാസം സാധ്യമാകുന്നതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. 'എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്' എന്ന പ്രവാചകവചനം ഏറെ ചിന്തനീയമാണ്. കാരണം, ഓരോ വ്യക്തിയുടെയും കീഴില്‍ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടാവും. കുടുംബനാഥന്‍, ഭരണാധികാരി, മേലുദ്യോഗസ്ഥന്‍, കുടുംബത്തിലെ അംഗങ്ങള്‍, രാജ്യത്തെ പൗരര്‍, ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍, പിതാവ്, മാതാവ്, മക്കള്‍, ഭാര്യ, ഭര്‍ത്താവ് ഇവര്‍ക്കെല്ലാം ഉത്തരവാദിത്വമുണ്ട്. അത് ഭംഗിയായി നിര്‍വഹിക്കുമ്പോഴാണ് ആ സംവിധാനം മുന്നോട്ടുപോകുന്നത്.
'ഇണങ്ങി ജീവിക്കുന്നവനാണ് വിശ്വാസി' എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. സമൂഹവുമായി ചേര്‍ന്നുനില്‍ക്കാത്ത, സമൂഹത്തെ ചേര്‍ത്തുനിര്‍ത്താത്ത ഒരുകാര്യത്തിലും നന്മയില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.
'നന്മയിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക, പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കരുത്' -സാമൂഹികനന്മയില്‍ പരസ്പരം സഹകരിക്കേണ്ടതിന്റെ അനിവാര്യതയാണ് ഖുര്‍ആന്‍ പറയുന്നത്.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ ഘടകങ്ങള്‍ പരസ്പരം സഹകരിക്കുമ്പോഴാണ് ക്രിയാത്മകമായ മാറ്റങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകുന്നത്. ഈ മാറ്റം മനസ്സിന്റെ വിശുദ്ധിയിലൂടെമാത്രമാണ് പൂര്‍ണതയിലെത്തുകയെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഇസ്ലാമിലെ ആരാധനകള്‍ മനുഷ്യരെ വിമലീകരിച്ച് അവരുടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കാന്‍ പ്രാപ്തമാക്കുകയാണ്. വ്യക്തിവിശുദ്ധിതന്നെയാണ് പ്രധാനം.
ഏതൊരുകാര്യവും വിവേകത്തോടെയും സൂക്ഷ്മതയോടെയും ചെയ്യണമെന്നാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്. അശ്രദ്ധയോടെ ചെയ്യുന്ന ഏതുകാര്യവും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
Content Highlights: dr ai abdul majeed swalahi writes about ramzan