കരുണ വറ്റിയ മനസ്സുകള്‍

#ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലോകാവസാനത്തിനുമുന്‍പ് കൊലകള്‍ വര്‍ധിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി താക്കീതു നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ പരസ്പരം കൊലനടത്തി നശിക്കുന്ന കാഴ്ചകളാണ് ഓരോദിവസവും കാണുന്നതും കേള്‍ക്കുന്നതും.

യുദ്ധങ്ങള്‍, ആഭ്യന്തരസംഘര്‍ഷങ്ങള്‍ എന്നിവ കാരണം ഓരോ ദിവസവും എത്ര മനുഷ്യരാണ് കൊല്ലപ്പെടുന്നത്.

ആര്‍ത്തി, പ്രതികാരം, പ്രേമനൈരാശ്യം, അസൂയ, വിദ്വേഷം എന്നിവയെല്ലാം കൊലയിലേക്ക് നയിക്കുന്നു.

ജീവന് ഏറ്റവും പവിത്രത കല്പിക്കുന്ന മതമാണ് ഇസ്ലാം. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍വെച്ചു തന്നെ കൊന്നുകളയുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നത്. ദാരിദ്ര്യം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലരുതെന്ന് ഖുര്‍ആന്‍ താക്കീത് നല്‍കുന്നു. ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും ജീവിക്കാനുള്ള വഴി കാണിച്ചു കൊടുക്കുമെന്നത് ദൈവവാഗ്ദാനമാണ്.

അന്യായമായി ഒരു മനുഷ്യനെ കൊന്നാല്‍ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‍ പറയുന്നു. അന്യായമായ കൊലയ്ക്ക് കടുത്തശിക്ഷയാണ് ഇസ്ലാം വിധിക്കുന്നത്. കൊലയാളി മനുഷ്യസമൂഹത്തിനുതന്നെ ഭീഷണിയാണ്. അവന്റെ സാന്നിധ്യം ഭൂമിയിലെ മുഴുവന്‍ ജീവികള്‍ക്കും ശല്യമാണ്. പവിത്രമായ ബന്ധങ്ങളെപ്പോലും കൊന്നുതള്ളുന്ന അത്യന്തം ഭയാനകമായ കാഴ്ചകള്‍ നാം കാണുന്നു. ജന്മംനല്‍കിയ മാതാവിനെ കൊത്തിനുറുക്കി പൈശാചികനൃത്തംവെക്കുന്ന മക്കളുടെ ചിത്രം കാണുമ്പോള്‍ എന്തുമാത്രം പരിഭ്രാന്തിയാണുണ്ടാകുന്നത്. രക്തബന്ധങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ജ്യേഷ്ഠന്‍ അനിയനെ കൊല്ലുന്ന, സഹോദരന്‍ സഹോദരിയെ കൊന്നുതള്ളുന്ന, പിതാവ് മക്കളെ കൊല്ലുന്ന ലോകം എത്രമേല്‍ ഭയപ്പെടുത്തുകയാണ്. ദൈവം നല്‍കിയ ബുദ്ധി, ലഹരി ഉപയോഗിച്ചു നശിപ്പിക്കുന്നവരുടെ കണ്ണില്‍ ഒരു ബന്ധത്തിനും വിലയില്ല. മദ്യവും മറ്റു ലഹരിവസ്തുക്കളും ശത്രുതയും വിദ്വേഷവും ഉണ്ടാക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.

Content Highlights: dr ai abdul majeed swalahi ramadan message