റംസാന്‍ അവസാന പത്തില്‍

മലപ്പുറം: ഖുര്‍ആന്‍ ആയത്തുകളുടെയും സത്കര്‍മങ്ങളുടെയും വിശുദ്ധി കൊണ്ട് ധന്യമായ റംസാന്‍ ദിനങ്ങള്‍ അവസാനപത്തിലേക്ക്. നിര്‍വഹിക്കുന്ന പുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് മടങ്ങ് പ്രതിഫലം കിട്ടുന്ന പത്തുദിനരാത്രങ്ങളാണിനി വിശ്വാസിയെ കാത്തിരിക്കുന്നത്. മനസ്സും ശരീരവും സംസ്‌കരിച്ചുള്ള ദിവസങ്ങളിലൂടെയാണ് വിശ്വാസികള്‍ പുണ്യമാസത്തിന്റെ അവസാനനാളുകളിലേക്കെത്തുന്നത്. കടുത്ത വേനല്‍ച്ചൂടിലും അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്തിലാണ് ഓരോരുത്തരും വിശുദ്ധദിനങ്ങളേ ഹൃദയത്തിലേറ്റിയത്.
അനുഗ്രഹങ്ങളുടെ ദിനങ്ങളായ ആദ്യപത്തും പാപമോചനത്തിന്റെ രണ്ടാമത്തെ പത്തും കടന്നാണ് നരകമോചനത്തിന്റെ പ്രാര്‍ഥനകള്‍ അധികരിപ്പിക്കുന്ന അവസാനപത്തിലേക്കെത്തുന്നത്.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ദിവസങ്ങളാണിനി കാത്തിരിക്കുന്നത്. സക്കാത്ത് വിതരണം, വിത്ര്‍ ധാന്യവിതരണം, ദാനധര്‍മങ്ങള്‍ തുടങ്ങി സ്വന്തം കൂടെപ്പിറപ്പുകളിലേക്കുള്ള കാരുണ്യത്തിന്റെ നോട്ടവും ഈ നാളുകളില്‍ വര്‍ധിക്കും.
രാത്രികളിലെ ഇഅ്തികാഫുകള്‍ക്കും (ദൈവപ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ഇരുത്തം) ദൈവികപാതയിലുള്ള കര്‍മങ്ങള്‍ക്കും പുണ്യങ്ങളേറും. ഖുര്‍ആന്‍ പാരായണം, ഖബര്‍ സിയാറത്ത് എന്നിവയും കൂടും.
പെരുന്നാളിനെ വരവല്‍േക്കുന്നതിന്റെ ഒരുക്കങ്ങള്‍ക്ക് വിപണിയില്‍ ചൂടുപിടിക്കുന്നതും ഈ ദിവസങ്ങളിലാണ്. വ്യാപാരസ്ഥാപനങ്ങളില്‍ നേരം പുലരുവോളം തിരക്കാകുന്നു.
പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി അവശ്യസാധനങ്ങള്‍ക്ക് പ്രായഭേദമെന്യേ ആള്‍ക്കാരെത്തുന്നു. പച്ചക്കറി, പഴം, ഇറച്ചിക്കടകളിലുമുണ്ട് ഈ തിരക്ക്. പള്ളികളും വീടുകളും വിവിധ ഓഫീസുകളും സ്ഥാപനങ്ങളും ഇഫ്താര്‍ സൗഹൃദ സംഗമങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും വേദിയാകുന്നു. ജാതി മത രാഷ്ട്രീയ ഭേദമെന്യേ മനുഷ്യരെല്ലാം സംഗമങ്ങളില്‍ പങ്കെടുത്ത് സ്‌നേഹാശംസകള്‍ പങ്കുവെക്കുന്നു. അങ്ങനെ ഈ നാളുകളില്‍ വിശ്വാസികള്‍ മുഴുവന്‍ ആത്മീയതയുടെ അനുഗ്രഹങ്ങളില്‍ ഒരു വിശുദ്ധകാലത്തെ സാക്ഷിയാക്കി ലയിക്കുന്നു.
Content Highlights: ramadan avasana pathu