പ്രാര്‍ഥനാസമ്മേളന പരിപാടികള്‍ക്ക് തുടക്കം

മഅദിൻ അക്കാദമി നടത്തുന്ന റംസാൻ 27-ാം രാവ് പ്രാർഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യുന്നു
മഅദിൻ അക്കാദമി നടത്തുന്ന റംസാൻ 27-ാം രാവ് പ്രാർഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം: മഅദിന്‍ അക്കാദമി റംസാന്‍ ഇരുപത്തേഴാം രാവില്‍ നടത്തുന്ന പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷനായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.എച്ച്. തങ്ങള്‍ കാവനൂര്‍, ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, സമസ്ത ജില്ലാ മുശാവറ അംഗം ഏലംകുളം അബ്ദുറഷീദ് സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂര്‍, എസ്.വൈ. എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍, മൂസ ഫൈസി ആമപ്പോയില്‍, എസ്എസ്എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് ആനക്കയം, പരി മാനുപ്പ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രത്യേക ഇഅതികാഫ് ജല്‍സയും തുടങ്ങി. ബുധനാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ മഅദിന്‍ ഓഡിറ്റോറിയത്തില്‍ വനിതാവിജ്ഞാനവേദി സമാപനവും പ്രാര്‍ഥനാ സദസ്സും നടക്കും. വൈകീട്ട് മൂന്നിന് യൂണിറ്റുകളില്‍ നിന്നുള്ള വിഭവസമാഹരണയാത്രയ്ക്ക് സ്വീകരണം നല്‍കും. വൈകീട്ട് 4.30 -ന് സമസ്ത ജില്ലാ സെക്രട്ടറിയും സ്വലാത്ത് നഗര്‍ ഖാസിയുമായിരുന്ന സി.കെ. ഉസ്താദ് ആണ്ടുനേര്‍ച്ച നടക്കും.

വ്യാഴാഴ്ച രാത്രി ഒന്‍പതിന് പ്രാര്‍ഥനാസമ്മേളന സമാപന പരിപാടികള്‍ തുടങ്ങും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷനാകും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നിര്‍വഹിക്കും. ലഹരിക്കെതിരേ ജനലക്ഷങ്ങള്‍ ഒരുമിച്ച് പ്രതിജ്ഞയെടുക്കും. പ്രാര്‍ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9562451461.

Content Highlights: malappuram swalath nagar prarthana sammelanam