വിശ്വാസി സാഗരം സ്വലാത്ത് നഗറിലേക്ക്; റംസാന്‍ 27-ാം രാവ് പ്രാര്‍ഥനാസമ്മേളനം ഇന്ന്

മലപ്പുറം: റംസാന്‍ 27-ാം രാവ് പ്രാര്‍ഥനാസംഗമം വ്യാഴാഴ്ച മലപ്പുറം മേല്‍മുറി സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 27-ാം രാവില്‍ സ്വലാത്ത് നഗറിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ഥനാസമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു.
പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പുതുറ, അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.
രാവിലെ 10-ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദര്‍ മജ്ലിസ്, വൈകീട്ട് നാലിന് അസ്മാഉല്‍ ഹുസ്നാ റാതീബ് എന്നിവ നടക്കും. ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്താര്‍ സംഗമവും നടക്കും.
രാത്രി ഒന്‍പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. പുലര്‍ച്ചെ മൂന്നുവരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ്ലീല്‍, തൗബ, പ്രാര്‍ഥന എന്നിവ നടക്കും. പ്രാര്‍ഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള അറബിക് ഗ്രന്ഥരചനാ ശില്പശാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്തു.
ലഹരിക്കെതിരേ പ്രതിജ്ഞ
പ്രാര്‍ഥനാസമ്മേളനത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിയുടെ വ്യാപനവും പ്രത്യാഘാതങ്ങളും കുടുംബങ്ങളില്‍ ധാരാളം കണ്ടുവരുന്നതിനാല്‍ ഇത്രയുമധികം ആളുകള്‍ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നത് ഏറെ പ്രതീക്ഷ നല്‍കും.
പ്രാര്‍ഥനാസമ്മേളനത്തിന്റെ പ്രധാന കവാടത്തോടു ചേര്‍ന്നും നഗരിയിലും ഇഫ്താര്‍ ടെന്റുകളിലും ലഹരിവിരുദ്ധ പ്ലക്കാര്‍ഡുകളും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്കു പുറമേ ട്രാഫിക് നിയമ, ആത്മഹത്യാവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവുമുണ്ടാകും. 10 കിലോമീറ്റര്‍ ചുറ്റളവിലായി ലഹരിവിരുദ്ധ കൊളാഷ് പ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും.
Content Highlights: malappuram swalath nagar prarthana sammelanam