ഒരുഗ്രാമം ഒത്തുകൂടിയ ഇഫ്താർ വിരുന്ന്; ആലുങ്ങൽ തറവാട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത് 12,000 പേർക്ക്

കാളികാവ്: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വലിയ പീടിയേക്കല്‍ മുഹമ്മദലി എന്ന കുഞ്ഞാണി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പൂങ്ങോട് ഗ്രാമം ഒരിക്കല്‍ക്കൂടി ഒന്നിച്ചു. ആലുങ്ങല്‍ തറവാട്ടു മുറ്റത്ത് രണ്ടുദിവസങ്ങളിലായി ഒരുക്കിയ ഇഫ്താറില്‍ 12,000 പേര്‍ക്ക് വിരുന്നൊരുക്കി.
നാട്ടുകാരെ കാണാനും കൂടിയിരിക്കാനും അവസരം ലഭിക്കുന്ന ഇഫ്താര്‍ വിരുന്നിന് മാത്രമായി നാലുദിവസം മുന്‍പാണ് മുഹമ്മദലി വിദേശത്തുനിന്നെത്തിയത്. 21 വര്‍ഷമായി മുടങ്ങാതെ നടക്കുന്ന വിരുന്നില്‍ നാട്ടുകാര്‍ ഏറെ സന്തോഷത്തോടെയാണ് പങ്കെടുക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരുടെ കുടുംബങ്ങളും പങ്കെടുത്തു. രാഷ്ട്രീയ സാമൂഹികരംഗത്തെ വ്യക്തികളും പങ്കെടുത്തു. നാടിന്റെ ഒരുമയും സ്‌നേഹവും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് വി.പി. മുഹമ്മദലി പറഞ്ഞു. റംസാന്‍ തുടങ്ങുന്നതിന് മുന്‍പ് നാലായിരത്തിലേറെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും എത്തിച്ചു നല്‍കിയിരുന്നു. പൂങ്ങോട് പ്രവാസി അസോസിയേഷന്‍ പ്രസിഡന്റും മുഹമ്മദലിയുടെ പിതൃസഹോദരപുത്രനുമായ വി.പി. ഷിയാസാണ് ഇഫ്താര്‍വിരുന്നിന് നേതൃത്വംനല്‍കിയത്.
Content Highlights: vp muhammed ali from kalikavu organized ifthar meet