അത്താഴവും വല്യുപ്പയുടെ 'പഴം ഐഡിയോളജി'യും

ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ അഞ്ച് പുരസ്‌കാരവും മികച്ച പ്രേക്ഷകപ്രശംസയും സ്വന്തമാക്കിയ ചലച്ചിത്രമായ 'ഫെമിനിച്ചി ഫാത്തിമ'യിലൂടെ വരവറിയിച്ച സംവിധായകനാണ് ഫാസില്‍ മുഹമ്മദ്. റംസാന്‍ അവസാനനാളുകളിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ നോമ്പ് ഓര്‍മ്മകള്‍ മാതൃഭൂമിയോട് പങ്കുവെയ്ക്കുന്നു.
ഓരോ നോമ്പുകാലവും ഒരുപിടി ഓര്‍മ്മകളിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. വല്യുപ്പയും വല്യുമ്മയുമാണ് അതില്‍ ആദ്യമെത്തുന്ന മുഖങ്ങള്‍. നോമ്പെടുക്കുന്നതിനു മുന്നോടിയായുള്ള അത്താഴമാണ് പ്രധാനം. ഇരുവര്‍ക്കുമൊപ്പമാണ് അത്താഴം കഴിക്കുക. അവസാനം കഴിക്കുന്ന ചോറുരുളയോടൊപ്പം പഴം കൂട്ടി കഴിക്കണമെന്നാണ് വല്യുപ്പയുടെ 'ഐഡിയോളജി'. നോമ്പെടുക്കുമ്പോഴുള്ള ദാഹമോ ക്ഷീണമോ അറിയാതിരിക്കാനാണിത്. വല്യുമ്മയുള്‍പ്പെടെ കുടുംബത്തിലെ പലരും ഇത് പിന്തുടരുന്നവരാണ്.
റൂമിനടുത്ത് വിളിച്ചിരുത്തി നോമ്പിന്റെ നിയ്യത്ത് (മനസ്സില്‍ നോമ്പെടുക്കുന്നു എന്ന് ദൈവത്തോട് ദൃഢനിശ്ചയം നടത്തല്‍) അറബിയിലും മലയാളത്തിലുമായി ചൊല്ലിത്തരുന്നതും വല്യുപ്പയാണ്.
ഇതുകൂടാതെ നോമ്പിന് ഗള്‍ഫിലുള്ള മാമന്‍ വല്യുപ്പയ്ക്ക് പൈസ അയക്കും. ഇതില്‍നിന്നാണ് വീട്ടിലുള്ളവര്‍ക്കും അയല്‍വാസികള്‍ക്കും സക്കാത്ത് നല്‍കുക. ബാങ്കില്‍നിന്നെടുത്തു വരുമ്പോള്‍ കാണുന്ന 'പെടക്കണ' പുത്തന്‍ നോട്ട് എപ്പോഴും കൗതുകമായിരുന്നു. അത് അയല്‍വാസികള്‍ക്കും മറ്റും നല്‍കാന്‍ എന്നെ ഏല്‍പ്പിക്കും. പുത്തന്‍ നോട്ട് കൊടുക്കാന്‍ സങ്കടമുള്ള ഞാന്‍ പലപ്പോഴും എന്റെ കൈയിലുള്ള പഴകിയ കീറാനായ നോട്ടാണ് നല്‍കുക. അങ്ങനെയൊരു 'ചെറുപറ്റിക്ക'ലും അവിടെ നടക്കും. വല്യുപ്പയും വല്യുമ്മയും അഞ്ചുവര്‍ഷം മുന്‍പ് വിടപറഞ്ഞെങ്കിലും ഈ ഓര്‍മ്മകള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ കരുത്താണ്.
നോമ്പിന്റേതായി രസകരമായ മറ്റൊരു കാര്യമുണ്ട്, അതാണ് ദിലീപ് മാഷ്. പൊന്നാനി തുയ്യം വിജയ എയുപി സ്‌കൂളില്‍ ഞങ്ങളെ അഞ്ചാംക്ലാസില്‍ പഠിപ്പിച്ച അധ്യാപകനാണ്. റംസാന്‍ തുടങ്ങിയാല്‍ നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് അദ്ദേഹത്തിന്റെ വക 'ഓഫറുണ്ട്'. ചെയ്യുന്ന തെറ്റുകള്‍ക്ക് കിട്ടേണ്ടുന്ന അടി അപ്പോള്‍ തരില്ല. ഓരോ അടിയും നോട്ട്ബുക്കില്‍ ചെറുവരകളും നമ്പറുമിട്ട് അടയാളപ്പെടുത്തി വെക്കണം. ചെറിയപെരുന്നാള്‍ കഴിഞ്ഞെത്തുന്ന ദിവസമാകും കണക്കെടുപ്പ്. എണ്ണത്തിനനുസരിച്ച് അടി തരുമെന്നാണ് മാഷ് പറയുക. ചൂടോടെ അടിയില്ല എന്നതിനാല്‍ ഈ 'അവസരം മുതലാക്കാന്‍' എനിക്ക് വലിയ താത്പര്യമായിരുന്നു. ആരുമറിയാതെ ചെറിയ 'തല്ലുകൊള്ളിത്തരം' നടത്തും. ഹോംവര്‍ക്കുകളൊന്നും ചെയ്യില്ല. പിടിക്കപ്പെട്ടാല്‍ മാത്രം നോട്ടില്‍ വരയിട്ടുവെക്കും. എന്നിട്ടും കണക്കെടുക്കുമ്പോള്‍ മിക്കവാറും എന്റെ വരകളാകും കൂടുതല്‍. അതുകൊണ്ടുതന്നെ ചെറിയ പെരുന്നാള്‍ കഴിഞ്ഞുള്ള രണ്ടോ മൂന്നോ ദിവസങ്ങളില്‍ മിക്കവാറും ഞാന്‍ അവധിയായിരിക്കും. തിരിച്ചുപോകുമ്പോഴേക്കും മാഷ് അതൊക്കെ മറക്കുകയും ചെയ്യുമായിരുന്നു.
Content Highlights: director fazil muhammed's ramadan memories