'അനാവശ്യമായ ഈഗോ മനുഷ്യനെ എത്രമാത്രം മോശപ്പെട്ടവനാക്കും'; അറബി സ്ത്രീ പകര്‍ന്ന വലിയ പാഠം

റംസാന്‍ അവസാന നാളുകളിലേക്ക് കടക്കുകയാണ്. മനുഷ്യഹൃദയം സംസ്‌കരിച്ചെടുക്കുന്ന പുണ്യമാസത്തില്‍ തനിക്കുണ്ടായ അനുഭവം മാതൃഭൂമിയോട് പങ്കുവെക്കുകയാണ് തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ തുടങ്ങിയ ജനപ്രിയചലച്ചിത്രങ്ങളുടെ സംവിധായകനായ അഷ്റഫ് ഹംസ
സിനിമയിലെത്തുന്നതിനുമുന്‍പ് നാല് വര്‍ഷത്തോളം പ്രവാസിയായിരുന്നു. റംസാന്‍കാലത്ത് ആദ്യം ഓര്‍മയിലെത്തുക പ്രവാസജീവിതത്തിലെ ഒരു ദിവസമാണ്. അക്കാലത്ത് ദുബായിലെ ഒരു ബാങ്കിലാണ് ജോലിചെയ്യുന്നത്. പുതിയ ഉപഭോക്താവിനെ ചേര്‍ക്കാന്‍ ഫീല്‍ഡിലേക്ക് പോകും. ശമ്പളം ക്യത്യമായി കിട്ടാത്തതിനാല്‍ പ്രതിസന്ധി കാലവുമാണ്. കഷ്ടപ്പെട്ടായിരുന്നു താമസവും ഭക്ഷണവുമെല്ലാം കണ്ടെത്തിയിരുന്നത്. റംസാന്‍ മാസമായാല്‍ മുടങ്ങാതെ നോമ്പെടുക്കും.
ഒരുദിവസം മലയാളി കച്ചവടക്കാരുള്ള ഒരിടത്ത് പുതിയ ഉപഭോക്താവിനെ ചേര്‍ക്കാന്‍പോയി. നോമ്പുതുറക്കുന്ന വൈകുന്നേരമായതിനാല്‍ കാണാന്‍ ഉദ്ദേശിച്ചിരുന്നയാളും അടുത്തുള്ള കടകളിലെ ജീവനക്കാരുമെല്ലാം പള്ളിയിലേക്ക് പോയിരുന്നു. അദ്ദേഹത്തെ കാണാതെപോകാനാകില്ല എന്നതിനാല്‍ കടയുടെ അരികെ കാത്തിരിക്കാമെന്ന് കരുതി. നോമ്പുതുറക്കാന്‍ മറ്റ് വഴികളില്ലാത്ത സാഹചര്യവുമാണ്. ക്ഷീണത്തോടൊപ്പം വിശപ്പും കൂടുന്നുണ്ട്.
അപ്പോള്‍ കടയോടുചേര്‍ന്നുള്ള ഫ്‌ളാറ്റില്‍നിന്ന് സുന്ദരിയായ സ്ത്രീ ഇറങ്ങിവന്നു. ജീന്‍സും ടീഷര്‍ട്ടുമിട്ട അവര്‍ക്ക് മുപ്പതിനടുത്ത് പ്രായംതോന്നിക്കും. കണ്ടാല്‍ അറബിനാട്ടിലെ സ്ത്രീയാണെന്ന് വ്യക്തം. അവരുടെ കൈയില്‍ പ്ലാസ്റ്റിക് സഞ്ചികളിലായി ഭക്ഷണക്കെട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തേക്കുവന്ന അവര്‍ ഒരു കെട്ട് എനിക്കുനേരേ നീട്ടി. എന്നാല്‍ എന്റെയുള്ളില്‍ പെട്ടെന്നൊരു 'ഈഗോ' ഉണര്‍ന്നു.
എക്‌സിക്യുട്ടീവ് ലുക്കില്‍ നില്‍ക്കുന്ന എന്നെപ്പോലൊരു ജെന്റില്‍മാന്‍ ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ നീട്ടിയ ഭക്ഷണം വാങ്ങിക്കഴിക്കേണ്ടുന്ന ഗതികേടിലെത്തിയോ? ഒരിക്കലുമില്ല. തൊട്ടടുത്ത നിമിഷം ചെറുപുഞ്ചിരിയോടെ എന്നെ നോക്കുന്ന സ്ത്രീയോട് അല്പം ഈര്‍ഷ്യയോടെ എനിക്ക് വേണ്ടെന്ന് പറഞ്ഞു. പുഞ്ചിരി മാഞ്ഞ മുഖത്തോടെ അവര്‍ വളരെമോശം മനുഷ്യനെക്കണ്ടപോലെ എന്നെ നോക്കി. ഭക്ഷണമാണിതെന്ന് അറബിയും ഇംഗ്ലീഷും കലര്‍ന്ന വാക്കുകളില്‍ പറഞ്ഞെങ്കിലും എന്റെ മുഖഭാവംകണ്ട് ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങി തിരിച്ചുനടന്നു. നടക്കുന്നതിനിടയില്‍ ഒരിക്കല്‍ക്കൂടി എന്നെ തിരിഞ്ഞുനോക്കി. റോഡരികില്‍നിന്ന് കുറേനേരം ഭക്ഷണപ്പൊതി നല്‍കാന്‍ ആരെയെങ്കിലും കാണുമോ എന്ന് അവര്‍ നോക്കി. ആരും വരുന്നില്ലെന്ന് മനസ്സിലായപ്പോള്‍ പ്ലാസ്റ്റിക് കെട്ടുമായി ഫ്‌ളാറ്റിലേക്ക് തിരിച്ചുപോയി.
ആ നിമിഷത്തില്‍ ബോധോദയമുണ്ടായപോലെ ഒരു കൊള്ളിവെളിച്ചം എന്റെയുള്ളില്‍ മിന്നി. പട്ടിണി കിടന്നാലും നമ്മുടെയുള്ളില്‍ ഉറഞ്ഞുകിടക്കുന്ന ദുരഭിമാനത്തെക്കുറിച്ചാണ് അപ്പോള്‍ ഓര്‍ത്തത്. അവരോടുചെയ്തത് എത്ര വലിയ തെറ്റാണെന്ന് ബോധ്യപ്പെട്ടു. പക്ഷേ പിന്നീട് ഒരിക്കലും അവരെ കണ്ടിട്ടുമില്ല. കാണാനിരുന്ന ആള്‍ വരാന്‍ വൈകിയപ്പോള്‍ ഞാന്‍ ഒരു പള്ളിയിലേക്ക് ഓടിപ്പോയി. അപ്പോഴേക്കും നോമ്പുതുറയ്ക്കായി ബിരിയാണി കൊണ്ടുവന്ന ചെമ്പ് കാലിയായി തുടച്ചുവെച്ചിരുന്നു. വിശപ്പ് സഹിക്കാതായപ്പോള്‍ കൈയിലുണ്ടായിരുന്ന ചില്ലറയില്‍നിന്ന് ഒരു രൂപ നല്‍കി ആഫ്രിക്കന്‍ റൊട്ടി വാങ്ങിയാണ് അന്ന് വിശപ്പടക്കിയത്. അനാവശ്യമായ ഈഗോ മനുഷ്യനെ എത്രമാത്രം മോശപ്പെട്ടവനാക്കുമെന്ന് ആ സ്ത്രീയിലൂടെയാണ് ഞാന്‍ പഠിച്ചത്.
Content Highlights: director ashraf hamza writes ramzan memories