സുന്ദരകാണ്ഡത്തിലെ തരംഗഭേരി | രാമകഥാസാരം

രാമായണം ധര്‍മാനുശീലനത്തിന്റെ കഥയായതിനാല്‍ മാത്രമല്ല മഹാകാവ്യമായി പരിണമിച്ചതും കാലാന്തരത്തിലേക്ക് കടന്നുനിന്നതും. അതില്‍ പ്രകൃതി അതിന്റെ വൈവിധ്യാകാരത്തില്‍ സന്നിഹിതമായതിനാലാണ്, ആരണ്യകാണ്ഡം, സുന്ദരകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം എന്നീ രീതിയിലൊക്കെ കാണ്ഡഭേദങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടതിനാലാണ്.
ധര്‍മത്തിന് മിഴിവേകുന്നത് ചക്രവര്‍ത്തിമാര്‍ മാത്രമല്ല, അവരെ ചൂഴ്ന്നുനില്‍ക്കുന്ന പ്രകൃതികൂടിയാണ്. ഈ ഗ്രഹത്തിന്റെ ഭൂതസത്തകള്‍ അവ കൂടിയാണല്ലോ. സമുദ്രത്തോളം വരില്ലെങ്കിലും കാടുകളും അതിലെ ജീവസഞ്ചയങ്ങളുമെല്ലാം ജീവന്റെ ഭാഗമാണ്. അവയുടെ ആഖ്യാനംകൂടി ആവുമ്പോഴേ ഇത് മുഴുമിക്കപ്പെടുന്നുള്ളൂ.
മനുഷ്യന്റെ ആവാസസ്ഥാനമായ കരയോളംതന്നെ പ്രാമാണ്യമിയന്നതാണ് കാടുകള്‍. മറ്റുരണ്ട് ഇതിഹാസങ്ങളില്‍ സന്ദര്‍ഭവശാല്‍ കാട്ടിലെ ആവാസം സ്പര്‍ശിക്കപ്പെടുന്നില്ല;ഭാഗവതമായാലും മഹാഭാരതമായാലും. പാശ്ചാത്യരെപ്പോലെ നമുക്ക് കടല്‍യുദ്ധങ്ങളില്ലല്ലോ. ഗിരിശൃംഗങ്ങളാകട്ടെ, താപസ്വീയമായ വാഴ്വിനെ മാത്രമാണ് പരിപോഷിപ്പിക്കുക.
ശ്രീരാമനൊഴികെ മറ്റൊരു ചക്രവര്‍ത്തിക്കും
കാടു കാണേണ്ടിവന്നിട്ടില്ല; സമുദ്രം
തരണം ചെയ്യേണ്ടിവന്നിട്ടില്ല. ഈ പരിതോവസ്ഥയില്‍നിന്നാണ് രാമായണം. ഈ ഭൂതസത്തകള്‍കൊണ്ട് നിര്‍ഭരമായിരിക്കുന്നത്, ജലംകൊണ്ടും ആരണ്യംകൊണ്ടും. സമുദ്രത്തില്‍ അങ്ങനെ വാഴാന്‍ ഏതുമനുഷ്യജീവിക്കും ആവതല്ല; അത് കടന്നുപോവുകയേ നിര്‍വാഹമുള്ളൂ. ഇങ്ങനെ കടന്നുചെല്ലുന്നതിന്റെ തരംഗഭരിതമായ കഥനങ്ങളാണ് ഹനുമാനിലൂടെ നാം അറിയുന്നത്, ഹനുമാനിലൂടെ മാത്രം.
സുന്ദരകാണ്ഡത്തിലൂടെ വിളംബിതമാകുന്നത് ഈ തരംഗഭേരിയുംകൂടിയാണ്.
Content Highlights: ramayanam story, ramayanamasam