അണിമയും മഹിമയും | രാമകഥാസാരം

#ആഷാ മേനോൻ
വര: ബി.എസ്‌. പ്രദീപ്‌കുമാർ
വര: ബി.എസ്‌. പ്രദീപ്‌കുമാർ

ആകാശമാർഗത്തിൽ നാഗജനനിയായ സുരസ ഹനുമാനോട് ദാഹവും വിശപ്പും സഹിക്കുന്നില്ലെന്ന്‌ പറയുമ്പോൾ, ഹനുമാൻ പരിഭ്രമിക്കുകയല്ല ചെയ്തത്.

അതിനെ യുക്തമായിത്തന്നെ നേരിടുകയാണ്.

‘തദനുകപികുലവരനൊടവളുമുരചെയ്തിതു:

‘ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ.’

‘മനസി തവ സുദൃഢമിതി യദി സപദി സാദരം

വാ പിളർന്നീടെ’ന്നു മാരുതി ചൊല്ലിനാൻ.’’

പിളർന്ന വായയ്ക്ക് അഞ്ചുയോജന വിസ്തീർണമാണ്. അപ്പോൾ പവനതനയൻ അതിനുബദൽ പത്തുയോജന വലുതാവുന്നു. സുരസ അപ്പോൾ ഇരുപതുയോജനയോളം വളരുന്നു; മാരുതിയാവട്ടെ

മുപ്പതു യോജനയിലേക്ക് തന്റെ ഉരുവം വർധിപ്പിക്കുന്നു. ആരാണിവിടെ ജയിക്കുന്നതെന്നുകാണാമെന്ന്‌ ആക്രോശിച്ചുകൊണ്ട് സുരസ തന്റെ ഭീമാകാരത്തെ അമ്പതു യോജനയിലേക്ക്‌ വികസിപ്പിക്കുകയാണ്.

‘‘അതു പൊഴുതു പവനസുതനതികൃശ ശരീരനാ-

യംഗുഷ്ഠതുല്യനായുൾപുക്കരുളിനാൻ.’’

അണിമ, മഹിമ എന്നീ യോഗവിദ്യകൾ സ്വായത്തമായ ഹനുമാൻ -യഥേഷ്ടം വലുതാവുകയും ചെറുതാവുകയും ചെയ്യാനുള്ള വിദ്യ എപ്പോഴാണ് ഈ വാനരശ്രേഷ്ഠൻ അഭ്യസിച്ചത്-സ്വയം ചുരുങ്ങിക്കൊണ്ട് സുരസയുടെ വക്ത്രത്തിലൂടെ കടന്ന് പുറത്തുവരുന്നു. ആ സൂത്രം സുരസ പ്രതീക്ഷിച്ചതല്ലല്ലോ.

പെട്ടെന്നാണ് സുരസ ഹനുമാനെ തിരിച്ചറിയുന്നത്; തന്റെ ശാപമോക്ഷത്തിന് ഹേതുഭൂതനാണ് ഈ ശ്രേഷ്ഠനായ പ്രതിയോഗിയെന്ന്. ദാശരഥിക്ക് ഭാവുകങ്ങളേകിക്കൊണ്ട് സുരസ തിരോഭവിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ വിഘ്നങ്ങളായല്ല സുരസയോ ലങ്കാലക്ഷ്മിയോ ഛായാഗ്രഹിണിപോലും

ഇവിടെയൊക്കെ ഉയിർകൊള്ളുന്നത്.

വെല്ലുവിളിയായിട്ടുമല്ല, മറിച്ച് അവരവരുടെ ഉദ്ഗതിക്ക് നിമിത്തമായാണ്. മാരുതിതന്നെ വേണം അവരെ താന്താങ്ങളുടെ പൂർവാവസ്ഥയിലേക്ക് കുടിയേറ്റാൻ.

മറ്റൊരു കപിവരനും ഈ സാഗരപഥത്തിലൂടെ അവരെ അഭിമുഖീകരിക്കാൻ പുറപ്പെട്ടുവരുകയില്ലല്ലോ.

പാതാളലോകത്തിലേക്കു പിൻവാങ്ങിയ സുരസയുടെ കഥാനന്തരം ഗഗനപഥത്തിൽ മാരുതി തുടരുന്നത് ഗരുഡതുല്യനായാണ്. ഈ ഗരുഡബിംബത്തിന്റെ ധ്വനി നാം ശരിക്ക് ഉൾക്കൊള്ളേണ്ടതുണ്ട്. ആകാശപഥത്തിൽ ഗരുഡനെപ്പോലെ മറ്റൊരുവിഹംഗവും വിഹരിച്ചിട്ടില്ല, മഹാവിഷ്ണുവിനെ വഹിച്ചാലും ഇല്ലെങ്കിലും. അതിൽ വേഗവും അധൃഷ്യതയും അന്തർഭവിച്ചിരിക്കുന്നു.

Content Highlights: ramayanam story ramayanamasam