മാരുതിയുടെ പ്രയാണങ്ങൾ | രാമകഥാസാരം

സ്വപ്നത്തിലാണെങ്കിലും രാവണൻ കാമരൂപാന്വിതനായി കൺപാർത്ത മാരുതിയുടെ പ്രയാണങ്ങളിലേക്ക് ഒന്നുകൂടി തിരിച്ചുപോകാം. എല്ലാം ഒരു മായാദർപ്പണത്തിലെന്നോണം രാവണനു വെളിപ്പെടുന്ന ഈ സന്ദർഭം രാക്ഷസരാജാവിന്റെ ചേതനയിലേക്കുള്ള, അതിന്റെ ആഴത്തിലേക്കുള്ള, ഒരു യോഗാത്മക സൂചനയാണ്. ഇവിടെയെപ്പഴോ ദാശരഥിയുടെ ബ്രഹ്‌മാസ്ത്രം ദശാനനൻ എതിർപാർത്തിരുന്നെന്ന് നിരൂപിക്കാം.
സമുദ്രലംഘനം നടത്തിയ മാരുതിയുടെ പ്രയാണങ്ങളിൽ ഗിരിലംഘനവുമുണ്ട്. യുദ്ധകാണ്ഡത്തിൽ ഇന്ദ്രജിത്തിന്റെ നാഗാസ്ത്രമേറ്റ് ശ്രീരാമനും ലക്ഷ്മണനുമടക്കം സേനയാകെ അസ്തപ്രജ്ഞരായി കിടന്നപ്പോൾ മൃതസഞ്ജീവനിതേടി ഹിമാലയത്തിൽ ചെല്ലേണ്ട നിയോഗം ഹനുമാനായിരുന്നല്ലോ? ഔഷധികൾ വിളഞ്ഞുനിൽപ്പുള്ള ശൃംഗം ആകെ പുഴക്കിയെടുത്തായിരുന്നു യാത്ര. സാഗരം എന്ന സത്ത ഹനുമാൻ എത്രയോ ഉയരത്തിലൂടെയാണ് അറിയുന്നത്. ഒരു കാട്ടിലൂടെ അല്ലെങ്കിൽ കിഷ്‌കിന്ധയിലെ ആവാസങ്ങളിലൂടെ കടന്നുപോകുന്നതുപോലെയല്ല ഇവിടെ, എന്നിട്ടും എഴുത്തച്ഛൻ, തന്റെ സമസ്തപദവിന്യാസംകൊണ്ട് സാഗരാനുഭൂതി, തരംഗാനുഭൂതി, നമുക്ക് ഏകുന്നിടത്താണ് സുന്ദരകാണ്ഡത്തിന്റെ പ്രസക്തി. അതിന്റെ വൃത്തഘടനയോ നൃത്തഘടനയോ ഹേതുവായി; ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീവരികളിലൂടെ തിരയിലേക്കുള്ള പ്രയാണവും രണ്ട്, നാല്, എട്ട്, പത്ത് എന്നീവരികളിലൂടെ തിരയുടെ പിന്മടക്കവും സ്പഷ്ടമാവുന്നു.
ഈ താളം അല്ലെങ്കിൽ പദനിബദ്ധതമൂലമാണ് സുന്ദരകാണ്ഡം എത്രയോകാലശേഷം പാരായണംചെയ്യുന്ന ഒരുചേതനയ്ക്ക് സമുദ്രത്തിന്റെ സ്പന്ദം ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുത്തുന്നത്.
മറ്റൊരുകാണ്ഡത്തിലും -മറ്റൊരു ഇതിഹാസത്തിലും- ഇങ്ങനെയൊരു ഉന്മീലനം കാണാനാവില്ല. പാതാളലോകത്തിലേക്കു പിൻവാങ്ങിയ സുരസയുടെ കഥാനന്തരം ഗഗനപഥത്തിൽ മാരുതി തുടരുന്നത് ഗരുഡതുല്യനായാണ്. ആകാശപഥത്തിൽ ഗരുഡനെപ്പോലെ മറ്റൊരു വിഹംഗവും വിഹരിച്ചിട്ടില്ല, മഹാവിഷ്ണുവിനെ വഹിച്ചാലും ഇല്ലെങ്കിലും. അതിൽ വേഗവും അധൃഷ്യതയും അന്തർഭവിച്ചിരിക്കുന്നു. ഗരുഡകല എന്നതുതന്നെ എത്രയോ ആകർഷകമാണ്, വർണവിന്യാസത്തിലൂടെ. ആ അജയ്യത കൈവരുന്നതോടെ ഹനുമാന് ഇനിയങ്ങോട്ടുള്ള പ്രയാണമെല്ലാം സുഗമമാവുകയാണ്.
Content Highlights: ramayanam story