ശൂര്‍പ്പണഖയുടെ വരവ് | രാമകഥാസാരം

ഗൗതമീതീരത്തുള്ള മഹാകാനനത്തിലൂടെ കടന്നുവന്ന രാവണസഹോദരിയായ ശൂര്‍പ്പണഖ രാമനെക്കണ്ട് മോഹപരവശയായി. തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന അപേക്ഷയോടെ, അരികിലെത്തി. സീതയെ പരിത്യജിക്കാന്‍ തനിക്കാവില്ലെന്നും സഹോദരനായ ലക്ഷ്മണനോട് നിന്റെ ഇംഗിതം പറഞ്ഞുനോക്കുകഎന്നും രാമന്‍ ഉപദേശിച്ചു.
ലക്ഷ്മണനാകട്ടെ, ''നിന്നില്‍ എനിക്ക് ഒരു കാംക്ഷയുമില്ല, രാമനോടുതന്നെ ചെന്ന് നിന്റെ മോഹം പറയുക.'' എന്നു പറഞ്ഞ് അവളെ തിരസ്‌കരിച്ചു. മാറിമാറി രാമലക്ഷ്മണന്മാരെ സമീപിച്ചിട്ടും ആഗ്രഹം സാധിക്കാതെ ക്രുദ്ധയായ ശൂര്‍പ്പണഖ തന്റെ മായാരൂപം വെടിഞ്ഞ് സീതയ്ക്കുനേരെയാഞ്ഞടുത്തു. ആ സമയം ലക്ഷ്മണന്‍ വാളെടുത്ത് അവളുടെ കാതും മാറിടവും മൂക്കും ഛേദിച്ചു.
''നീലനിറമുള്ള പാര്‍വതത്തിന്റെ മുകളില്‍നിന്ന് നാലഞ്ചുശാഖകളായി വളര്‍ന്നുവരുന്ന നദിപോലെ രക്തമൊഴുക്കിക്കൊണ്ട്, ശൂര്‍പ്പണഖ രാക്ഷസപ്രവരനായ സഹോദരന്‍ ഖരന്റെ മുന്നില്‍ച്ചെന്ന് സങ്കടം പറഞ്ഞു.
കോപാകുലനായ ഖരന്‍ രാമാദികളെ വധിക്കാന്‍ 14 പേരെ അയച്ചു. രാമന്‍ അവരെ കാലപുരിക്കയച്ചു. ക്രുദ്ധനായ ഖരന്‍ വന്‍പടയെയും അനുജന്മാരായ ദൂഷണനെയും ത്രിശിരസ്സിനെയും കൂട്ടി വന്ന് ഏറ്റുമുട്ടിയെങ്കിലും അവരെയും രാമന്‍ വധിച്ചു. രാമബാണങ്ങളേറ്റ് മൃതിയടഞ്ഞ രാക്ഷസന്മാര്‍ ദിവ്യരൂപം പ്രാപിച്ച് രാമനോട് ജ്ഞാനോപദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എല്ലാത്തിനും മീതെനില്‍ക്കുന്ന പരമാത്മാവ് പരബ്രഹ്‌മമാണെന്നും പരബ്രഹ്‌മത്തെ ധ്യാനിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്നും രാമന്‍ ഉപദേശിച്ചു.
രാമന്‍ നിര്‍ദേശിച്ചതനുസരിച്ച് സംഭവിച്ചതെല്ലാം ലക്ഷ്മണന്‍ മഹര്‍ഷിമാരെ അറിയിച്ചു. രാക്ഷസന്മാരുടെ മായയില്‍നിന്ന് രക്ഷനേടാനായി അവര്‍ നല്‍കിയ മോതിരം രാമന്‍ ധരിച്ചതിനുശേഷം, ചൂഢാരത്നം സീതയ്ക്കും, കവചം ലക്ഷ്മണനും നല്‍കി.
ശൂര്‍പ്പണഖ രാവണനെ സമീപിച്ച് അലമുറയിട്ടുകൊണ്ട് തനിക്കുണ്ടായ ആപത്ത് വിവരിച്ചു. ഇതിനു പ്രതികാരം ചെയ്യാന്‍ സുന്ദരിയായ സീതയെ ഭാര്യയാക്കാനും ഉപദേശിച്ചു.
Content Highlights: ramayanam story