ഭരതന്റെ യാത്ര | രാമകഥാസാരം

ദശരഥന്‍ മരിക്കാനിടയായ സാഹചര്യം കൈകേയി വിവരിച്ചപ്പോള്‍ ഭരതന്‍ പറഞ്ഞു: ''പാപീ, എന്നോടിനി മിണ്ടിപ്പോകരുത്. ഞാന്‍ തീയില്‍ച്ചാടി മരിക്കും. വിഷം കുടിക്കും. നരകത്തില്‍ വീഴും.''
പെറ്റമ്മയെ ശപിച്ചുകൊണ്ട് കൗസല്യയുടെ ഗൃഹത്തിലെത്തി നമസ്‌കരിച്ചു. കൗസല്യ പുണര്‍ന്നുകൊണ്ട് സമാശ്വസിപ്പിച്ചു. മാപ്പുചോദിച്ചപ്പോള്‍ വിലക്കി.
എണ്ണത്തോണിയില്‍നിന്നെടുത്ത ദശരഥന്റെ ശരീരം അഗ്‌നിക്ക് സമര്‍പ്പിച്ചു. മഹാസഭയില്‍വെച്ച് ഗുരുനാഥന്‍ പറഞ്ഞു:
''അഭിഷേകംചെയ്ത് അച്ഛന്‍ ഏല്പിച്ച രാജ്യം ഏറ്റെടുക്കണം''.
''എനിക്കെന്തിന് രാജ്യം? ഞാന്‍ ജ്യേഷ്ഠനായ രാമന്റെ ദാസനായിരിക്കും. ജ്യേഷ്ഠനാണ് രാജാവ്. നാളെ രാമസന്നിധിയിലേക്ക് പുറപ്പെടണം.'' രാവിലെത്തന്നെ യാത്രാസംഘം പുറപ്പെട്ടു.
രാമന്‍പോയ വഴിയെത്തന്നെ ശൃംഗിവേരപുരത്തെത്തി.
രാമന്‍ ഉറങ്ങിയ പുല്‍ക്കിടക്കയെ നമസ്‌കരിച്ചു.
യാത്രാസംഘം മറുകരയിലെത്തി. ഭരദ്വാജാശ്രമത്തില്‍ച്ചെന്ന് ഭരതന്‍ യാത്രോദ്ദേശ്യം വിവരിച്ചു. മഹര്‍ഷിയുടെ ആതിഥ്യം സ്വീകരിച്ച് എല്ലാവരും അന്നവിടെ ഉറങ്ങി.
പിറ്റേന്ന് രാമാശ്രമത്തിലെത്തി.
രാമന്റെ മുമ്പിലെത്തി. നമസ്‌കരിച്ച അനുജനെ എഴുന്നേല്‍പ്പിച്ച് മടിയിലിരുത്തി അച്ഛന്റെ വിവരങ്ങള്‍ ആരാഞ്ഞു. ദശരഥന്റെ വിയോഗവാര്‍ത്തകേട്ട് ശ്രീരാമന്‍ തളര്‍ന്നുവീണു. ശുദ്ധപുണ്യാഹം കഴിഞ്ഞു. ഭരതന്‍ രാജ്യഭരണം ഏറ്റെടുക്കാന്‍ അപേക്ഷിച്ചു.
രാമന്‍ പറഞ്ഞു:
''പിതാവ് നിനക്ക് രാജ്യവും എനിക്ക് വനവും തന്നു. നമ്മള്‍ അച്ഛന്റെ വാക്ക് അനുസരിക്കണം.''
''എങ്കില്‍ ഞാന്‍ വനവാസംചെയ്യാം'' -ഭരതന്‍ പറഞ്ഞു. ''അതും പറ്റില്ലെങ്കില്‍
ഞാനും ലക്ഷ്മണനെപ്പോലെ ദാസനാകും.
അതും സമ്മതിച്ചില്ലെങ്കില്‍ ജീവനൊടുക്കും.'' ഭരതന്‍ ദര്‍ഭപ്പുല്‍വിരിച്ച് കിഴക്കുനോക്കി തൊഴുതുനിന്നപ്പോള്‍ വസിഷ്ഠന്‍ സീതാരാമരഹസ്യം വിവരിച്ചു.
''എങ്കില്‍ പാദുകം എനിക്കുതരൂ. പാദുകത്തെ വന്ദിച്ച് ഞാന്‍ രാജ്യകാര്യം നടത്താം.''
രാമന്‍ സമ്മതിച്ചു.
രാമന്‍ അനുജന് വിടനല്‍കി.
അവര്‍ അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍പ്പോയി ആതിഥ്യം സ്വീകരിച്ചു.
Content Highlights: ramayanam story