'ഒന്നില്‍ത്തന്നെ പഠിപ്പിച്ച് പടിയിറങ്ങണം'; ടീച്ചറമ്മ തുടരും... ഒരു വര്‍ഷം കൂടി

പാലക്കാട്: ഇരുപത്തിനാല് വര്‍ഷംമുന്‍പ് അധ്യാപികയായി സ്‌കൂളിന്റെ പടികയറിച്ചെന്നപ്പോള്‍ കൈക്കുഞ്ഞുമുണ്ടായിരുന്നു ലളിതയ്ക്കൊപ്പം. സ്‌കൂളിലെ ക്ലാസ് മുറികളില്‍നിന്നുയര്‍ന്ന അക്ഷരങ്ങള്‍കേട്ട് ഒന്നുമറിയാതെ അന്ധാളിച്ചുനിന്ന തന്റെ മകന്റെ കണ്ണിലെ ആകാംക്ഷയാണ് അവിടെയിരുന്ന ഓരോകുട്ടിയിലും അവര്‍ കണ്ടത്. ഒന്നാംക്ലാസില്‍ ചേരുന്ന കുരുന്നുകള്‍ ഒന്നുമറിയാതെ രണ്ടിലേക്ക് പോകരുതെന്ന നിര്‍ബന്ധമായിരുന്നു അന്നുതൊട്ട്. ആദ്യക്ഷരം പഠിക്കാനെത്തുന്ന ഓരോ കുട്ടിയെയും തന്റെ മക്കളായിക്കണ്ട് ഒന്നാംക്ലാസുകാരുടെ ടീച്ചറമ്മയായി അവര്‍. ഒന്നാംക്ലാസുകാരുടെ മാത്രം.
അധ്യാപനത്തില്‍ പൂര്‍ത്തിയാക്കിയ 24 വര്‍ഷവും ഒന്നാംക്ലാസിലാണ് പഠിപ്പിച്ചത്. പാലക്കാട് ഗവ. മോയന്‍ എല്‍പി സ്‌കൂളില്‍നിന്ന് വിരമിക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കുമ്പോഴും തിരക്കിലാണ് മുണ്ടൂര്‍ പന്നിയംപാടം സായ്റാംവീട്ടില്‍ പി. ലളിത. 2000-ത്തില്‍ തേനാരി ഗവ. എല്‍പി സ്‌കൂളിലായിരുന്നു തുടക്കം. ആറുമാസത്തിനുശേഷം നൂറണി ഗവ. എല്‍പി സ്‌കൂളിലേക്ക് മാറ്റമായി. 23 വര്‍ഷമാണ് അവിടെ ഒന്നാംക്ലാസ് ടീച്ചറായി തുടര്‍ന്നത്. പിന്നീടാണ് ഗവ. മോയല്‍ എല്‍പി സ്‌കൂളിലെത്തിയത്.
കുട്ടികളുടെ കുഞ്ഞുകുഞ്ഞ് എഴുത്തുകള്‍ കഥാപുസ്തകങ്ങളാക്കി വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കി. വീട്ടില്‍ സ്വന്തമായി വാങ്ങിവെച്ച പ്രിന്ററിലായിരുന്നു മക്കളുടെ സഹായത്താല്‍ മാസികകളുണ്ടാക്കിയത്. സംസ്ഥാനത്തെ ഒന്നാംക്ലാസ് അധ്യാപകരുടെ കൂട്ടായ്മയില്‍നിന്ന് 'മികവഴക്' പുരസ്‌കാരത്തിനും പി. ലളിത അര്‍ഹയായി.ഇടക്കാലത്ത് ഒന്നാം ക്ലാസില്‍ ഇംഗ്ലീഷ് മീഡിയം മാത്രമുണ്ടായിരുന്ന മോയന്‍ എല്‍പി സ്‌കൂളില്‍ ടീച്ചറുടെ പരിശ്രമത്തിനൊടുവില്‍ ഈവര്‍ഷം മലയാളംമീഡിയവും പ്രവര്‍ത്തനം തുടങ്ങി, പന്ത്രണ്ട് കുട്ടികളുമായി. പ്രധാനാധ്യാപികയായി വിരമിക്കേണ്ട ലളിതടീച്ചര്‍ ഒന്നാംക്ലാസ് ടീച്ചറായിത്തന്നെ പടിയിറങ്ങാനുള്ള മോഹംകൊണ്ടുമാത്രമാണ് സ്ഥാനക്കയറ്റം നിരസിച്ചത്.
ഔദ്യാഗികജീവിതം മുഴുവന്‍ ഒന്നാംക്ലാസുകാര്‍ക്കായി നീക്കിവെച്ച ലളിത ടീച്ചര്‍ അവസാനവര്‍ഷത്തിലേക്ക് അഭിമാനത്തോടെ കടക്കുമ്പോള്‍ മറ്റധ്യാപകര്‍ക്കും ആവേശമാണെന്ന് ഗവ. മോയന്‍ എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി. സനോജ് പറഞ്ഞു. മൃദംഗവിദ്വാനായ ഭര്‍ത്താവ് അമ്പത്തൂര്‍ ബാബുവും മക്കളായ ബി. നരേന്ദ്രനും നിവര്‍ത്തയും പൂര്‍ണപിന്തുണ നല്‍കി കൂടെയുണ്ട്.
Content Highlights: P. Lalitha, a teacher in Palakkad, India, has dedicated 24 years to teaching first grade